മലയാളികള്‍ തൊഴില്‍തട്ടിപ്പുകളുടെ ഇരയാകുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് നോര്‍ക്കയുടെ മുന്നറിയിപ്പ്. തൊഴില്‍ ചെയ്യാന്‍ എത്തുന്ന കമ്ബനിയുടെയോ ഉടമസ്ഥരുടെയോ ഓഫര്‍ ലെറ്റര്‍ കരസ്ഥമാക്കാതെ വിദേശത്ത് എത്തുന്നവരുടെ എണ്ണവും അനധികൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ നല്‍കുന്ന സന്ദര്‍ശക വിസയില്‍ വിദേശ രാജ്യങ്ങളില്‍ എത്തുന്നവരും വര്‍ധിച്ചു വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അനധികൃത റിക്രൂട്ടിങ് ഏജന്‍സി വഴി വരുന്നവര്‍ തൊഴില്‍ കരാര്‍ വായിച്ച് വാഗ്ദാനം ചെയ്ത ജോലിയാണ് വിസയില്‍ കാണിച്ചിരിക്കുന്നതെന്നും ഉറപ്പുവരുത്താന്‍ നോര്‍ക്ക നിര്‍ദേശിച്ചിട്ടുണ്ട്. വിദേശത്തേക്ക് തൊഴിലിനായി യാത്ര തിരിക്കും മുമ്ബ് എമിഗ്രേഷന്‍ ക്ലിയറന്‍സിനും, പാസ്‌പോര്‍ട്ട് വെരിഫിക്കേഷനും നോര്‍ക്കയുടെ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പരിശീലന പരിപാടി ഉപയോഗപ്പെടുത്താനും നോര്‍ക്ക ആവശ്യപ്പെട്ടു.
എമിഗ്രേഷന്‍ ക്ലിയറന്‍സിന് ആവശ്യമുള്ള 18 ഇ.സി.ആര്‍ രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന ഇ.സി.ആര്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഇ-മൈഗ്രേഡ് പോര്‍ട്ടല്‍ മുഖാന്തരം തൊഴില്‍ കരാര്‍ നിര്‍ബന്ധമാണ്. ഈ നടപടി മറികടക്കാന്‍ സന്ദര്‍ശക വിസ നല്‍കിയാണ് തട്ടിപ്പു സംഘങ്ങള്‍ യാത്രക്കാര്‍ക്കായി നല്‍കി വരുന്നത്.
സന്ദര്‍ശക വിസയില്‍ വിദേശത്തുന്നവര്‍ക്ക് വേതനം, താമസം മറ്റാര്‍ഹമായ ആനുകൂല്യങ്ങള്‍ എന്നിവ നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളും, തൊഴില്‍ പീഡനങ്ങളും മാനസിക-ശാരീരിക പീഡനങ്ങളും വര്‍ധിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ അകപ്പെട്ട് സഹായങ്ങള്‍ക്കായി ഒരുപാട് പേര്‍ പല രാജ്യങ്ങളിലായുമുണ്ട്. പലരും എംബസികള്‍ക്ക് കീഴിലാണ് അഭയം തേടുന്നത്. മതിയായ രേഖകളില്ലാതെ നാട്ടിലെത്താന്‍ കഴിയാത്തവരാണ് ഇവരില്‍ പലരും.