ഇന്ത്യയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പാകിസ്ഥാനിൽ ഇറക്കി

കറാച്ചി: ഷാര്‍ജയില്‍ നിന്നും ഹൈദരാബാദിലേയ്ക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ കറാച്ചിയില്‍ ഇറക്കി.

രണ്ടാഴ്ചയ്ക്കിടെ കറാച്ചിയില്‍ ഇറങ്ങുന്ന രണ്ടാമത്തെ വിമാനമാണിത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ ഇന്ത്യയിലെത്തിക്കാന്‍ മറ്റൊരു ഇന്‍ഡിഗോ വിമാനം കറാച്ചിയിലേയ്ക്ക് അയക്കാന്‍ അധികൃതര്‍ ചര്‍ച്ചനടത്തുകയാണെന്നും ഇന്‍ഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു.

ജൂലായ് അഞ്ചിന് ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് തകരാറിലായതിനെ തുടര്‍ന്ന് കറാച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു. ദുബായിലേക്കുള്ള യാത്രക്കിടെ സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737 മാക്സ് വിമാനത്തിലാണ് തകരാര്‍ അനുഭവപ്പെട്ടത്. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ സ്‌പൈസ് ജെറ്റ് വിമാന യാത്രക്കിടെ സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി സാങ്കേതിക തകരാര്‍ അനുഭവപ്പെട്ട് അടിയന്തര ലാന്റിംഗ് നടത്തേണ്ടി വന്ന ആറ് സംഭവങ്ങളാണ് സ്‌പൈസ് ജെറ്റ് വിമാന കമ്പനിക്കുണ്ടായത്.