ഓണ്‍ലൈന്‍ കളി മരണക്കളിയാകുമ്പോള്‍
ഓണ്‍ലൈന്‍ ഗെയിം എന്നത് വിശാലമായ ഒരു പദമാണ്. അതില്‍ പലതരത്തിലുള്ള കളികള്‍ ഉള്‍പ്പെടുന്നു. ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകള്‍, അതില്‍ പ്ലേ സ്റ്റേഷന്‍ പോലുള്ള ഗെയിം മുതല്‍ പബ്ജി വരെ ഉള്‍പ്പെടുന്നു, ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍, ഇതില്‍ ഓണ്‍ലൈന്‍ റമ്മി മുതല്‍ ബെറ്റിംഗ് ഗെയിമുകള്‍ വരെ ഉള്‍പ്പെടുന്നു, ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമുകള്‍, ലുഡോ അടക്കമുള്ള ഗെയിമുകള്‍ പണം വച്ച് കളിക്കാന്‍ സഹായിക്കുന്ന ആപ്പുകള്‍ ഇപ്പോള്‍ വ്യാപകമാണ്. തീര്‍ത്തും പേഴ്സണലായ ഇടങ്ങളിലേക്ക് ഈ ഗെയിമുകള്‍ എത്തും എന്ന അവസ്ഥ എല്ലാവരുടെ കൈയ്യിലെ മൊബൈല്‍ ഫോണുകള്‍ വഴി സാഹചര്യം ഒരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ ലോക്ക്ഡൌണ്‍ കാലം ഓണ്‍ലൈന്‍ ഗെയിമുകള്‍ മലയാളിയുടെ ജീവതത്തിലേക്ക് കൂടുതല്‍ അടുത്തത്. പലരും ഒരു തമാശയ്ക്ക് തുടങ്ങുന്നതാണ് ഓണ്‍ലൈന്‍ ഗെയിം കളി. എന്നാല്‍ പിന്നീട് ഇതിന് അടിമയാകുന്നതാണ് കാണുന്നത്. ലോക്ക്ഡൌണ്‍ കാലത്തെ ബോറടി മാറ്റാനാണ് ഇത്തരത്തിലുള്ള ഗെയിമുകളിലേക്ക് ആളുകള്‍ നീങ്ങി തുടങ്ങിയത്. എന്നാല്‍ പിന്നീട് ജീവിതം പതിവ് രീതിയില്‍ ആയപ്പോഴും അതില്‍ നിന്നും മോചിതരാകാത്തവര്‍ ഏറെയാണ്. അടുത്തതായി ഇത്തരം ഗെയിമുകളില്‍ കുടുങ്ങിപ്പോയവര്‍ പണം ആഗ്രഹിച്ച് എത്തുന്നവരാണ്.ഇത്തരത്തില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കുടുങ്ങിയ ഒരു വ്യക്തി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവച്ച് അനുഭവം തന്നെ ഇതിന് ഉദാഹരണം. ലോക്ക്ഡൌണ്‍ കാലത്തിന് മുന്‍പ് ഒരു വീട് പണിയണം എന്ന ആഗ്രഹവുമായി രണ്ട് ലക്ഷത്തോളം രൂപ സ്വരൂപിച്ച് വച്ചതാണ് ഇദ്ദേഹം. ഫോണ്‍ ഉപയോഗത്തില്‍ അടിസ്ഥാനപരമായ അറിവ് മാത്രമായിരിന്നും ഇദ്ദേഹത്തിന്. ലോക്ക്ഡൌണ്‍ കാലത്ത് പണിയും നഷ്ടപ്പെട്ടതോടെ വീടുപണിക്ക് ബാക്കി പണം എങ്ങനെ കണ്ടെത്തും എന്ന ആശങ്കയിലായി ഇദ്ദേഹം ഈ സമയത്താണ് ഒരു സുഹൃത്തിന് 500 രൂപയോളം മുടക്കി ഓണ്‍ലൈന്‍ ഗെയിമിലൂടെ 10000 രൂപ ലഭിച്ചത് എന്ന് അറിയുന്നത്. ഇത് ശരിക്കും തനിക്കൊരു പുതിയ വഴി ലഭിച്ചതായി കരുതി.സുഹൃത്തിന്‍റെ സഹായത്തോടെ തന്നെയാണ് ഇദ്ദേഹം ഓണ്‍ലൈന്‍ ഗെയിം ആപ്പ് ഡൌണ്‍ലോഡ് ചെയ്തതും, അതില്‍ ബാങ്ക് അക്കൌണ്ട് ബന്ധിപ്പിച്ചതും എല്ലാം. എല്ലാം നേടാം എന്ന ശുഭാപ്തിവിശ്വാസത്തിലായിരുന്നു ഇദ്ദേഹം. പക്ഷെ വീടുപണിക്കായി ഉണ്ടാക്കി വച്ച 2 ലക്ഷവും രണ്ട് ദിവസത്തില്‍ പോയതോടെയാണ് തനിക്ക് ബോധം വന്നത് എന്ന് ഇദ്ദേഹം പറയുന്നു - ഇത്തരം അനുഭവം ഉള്ളവരാണ് ഓണ്‍ലൈന്‍ ഗെയിം കെണിയില്‍ പെട്ടവരില്‍ ഏറെയും. ഇതില്‍ ഒരു വിഭാഗം എല്ലാം നഷ്ടപ്പെട്ടതിന്‍റെ വിഷമത്തില്‍ വിഷാദരോഗത്തിന് അടിമപ്പെടുന്നു, ഇതില്‍ തന്നെ ചിലര്‍ ജീവിതം അവസാനിപ്പിക്കുന്നു.