മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്: ശബരിനാഥന്‍ അറസ്റ്റില്‍

തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെഎസ് ശബരിനാഥന്‍ അറസ്റ്റില്‍.വിമാനത്തിനുള്ളില്‍ വച്ചു നടന്ന വധശ്രമക്കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ശബരിനാഥന്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശബരിനാഥന്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിക്കുന്നതിനിടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

തത്കാലം അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അറസ്റ്റിന്റെ സമയവും മറ്റു രേഖകളും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

വിമാനത്തില്‍ വച്ച്‌ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരീനാഥനാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഇന്ന് ചോദ്യം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെയായിരുന്നു ചോദ്യം ചെയ്യലും അറസ്റ്റും.

മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടായിരുന്നെന്ന് സിപിഎം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വിമാനത്തില്‍ കയറി കരിങ്കൊടി കാണിക്കാനുള്ള നിര്‍ദ്ദേശം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയത് ശബരിനാഥനാണെന്ന തെളിവ് പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച്‌ ശബരിനാഥന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കയച്ച വാട്‌സാപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചിരുന്നു.