ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു,കൂടെയുണ്ടായിരുന്നവര്‍ കാടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ടു

നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് മഹേന്ദ്രന്‍ മരിച്ചതെന്ന് പോലീസ് പറയുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ പോതമേട് വനത്തില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സംഘം സ്ഥിരമായി നായാട്ടിന് പോകാറുണ്ടായിരുന്നു. അത്തരത്തില്‍ നായാട്ടിന് പോയപ്പോഴാണ് അപകടം സംഭവിച്ചത്. സംഘത്തിലുണ്ടായിരുന്ന മഹേന്ദ്രന് അബദ്ധത്തില്‍ വെടിയേറ്റു. നായാട്ട് നിയമവിരുദ്ധമായതിനാല്‍ പിടിക്കപ്പെടുമെന്ന് കരുതി സംഘത്തിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് മഹേന്ദ്രന്റെ മൃതദേഹം കാടിനുള്ളില്‍ തന്നെ മറവ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി മഹേന്ദ്രനെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും മഹേന്ദ്രന്റെ വിവരം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികള്‍ പോലീസില്‍ കീഴടങ്ങിയത്. ഇതോടെയാണ് നായാട്ടിനായി പോയ കാര്യവും തുടര്‍ന്ന് അബദ്ധത്തില്‍ വെടിയേറ്റതിനെക്കുറിച്ചും പോലീസിന് വിവരം ലഭിക്കുന്നത്.