മലപ്പുറം ഗവ. കോളേജിൽ 11 ഇൻവെർട്ടർ ബാറ്ററികൾ മോഷണംപോയ സംഭവത്തിൽ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയും കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റുമടക്കം ഏഴുപേർ അറസ്റ്റിൽ. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി തലശ്ശേരി സ്വദേശി വിക്ടർ ജോൺസൺ, കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് അരീക്കോട് സ്വദേശി ആത്തീഫ്, എസ്.എഫ്.ഐ. പ്രവർത്തകരായ നന്മണ്ട സ്വദേശി ആദർശ് രവി, പുല്ലാര സ്വദേശി നിരഞ്ജ് ലാൽ, മഞ്ചേരി സ്വദേശി അഭിഷേക്, വിദ്യാർഥികളായ പന്തല്ലൂർ സ്വദേശി ഷാലിൻ ശശിധരൻ, പാണ്ടിക്കാട് സ്വദേശി ജിബിൻ എന്നിവരാണ് പിടിയിലായത്.
തിങ്കളാഴ്‌ച കോളേജ് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ മലപ്പുറം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇസ്‌ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി വിഭാഗങ്ങളിൽനിന്നാണ് മോഷണം നടന്നത്. ജൂൺ 27, 30, ജൂലായ് രണ്ട് എന്നീ തീയതികളിലാണ് മോഷണം നടന്നതെന്ന് പോലീസ് കണ്ടെത്തി.
മോഷ്‌ടിച്ച ബാറ്ററികൾ മുണ്ടുപറമ്പ്, കാവുങ്ങൽ എന്നിവിടങ്ങളിലെ ആക്രിക്കടകളിൽ വിറ്റു പണമാക്കി. ഈ തുക ഇവർ ചെലവാക്കിയെന്ന് പോലീസ് അറിയിച്ചു. കോളേജിൽ നടത്തിയ ഇന്റേണൽ ഓഡിറ്റിങ്ങിലാണ് മോഷണവിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതിനൽകി. സുരക്ഷാജീവനക്കാരനെയും സംശയമുള്ള വിദ്യാർഥികളെയും ചോദ്യംചെയ്തതോടെയാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. പിടികൂടിയവരെ കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ് ജയിലിൽ റിമാൻഡ്ചെയ്തു. കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കുകയാണെന്ന് സി.ഐ. ജോബി തോമസ് അറിയിച്ചു.
*വിറ്റത് 1500 രൂപ മുതൽക്ക്*
ഏകദേശം ഒരുലക്ഷം രൂപ വിലവരുന്ന ബാറ്ററികളാണ് മോഷ്‌ടിച്ചത്. 11 ബാറ്ററികളിൽ ആറെണ്ണം പ്രവർത്തിക്കുന്നതും അഞ്ചെണ്ണം പ്രവർത്തനരഹിതവുമാണ്. ആദ്യം പ്രവർത്തനരഹിതമായ ബാറ്ററികളാണ് മോഷ്ടിച്ചത്. പിന്നീട് മറ്റുള്ളതും മോഷ്‌ടിച്ചു. ഓരോ ബാറ്ററിയും 1500 മുതൽ 3000 രൂപയ്ക്കു വരെയാണ് വിറ്റത്.