സഹപ്രവർത്തകർക്കൊപ്പം ഉല്ലാസയാത്രക്ക് വന്ന യുവതി പുഴയിൽ വീണു മരിച്ചു

ഊട്ടി:സഹപ്രവർത്തകർക്കൊപ്പം ഊട്ടിയിലേക്ക് ഉല്ലാസയാത്ര വന്ന യുവതി കല്ലട്ടി പുഴയില്‍ വഴുതിവീണ് മരിച്ചു.ബംഗളൂരുവില്‍ ജോലിചെയ്യുന്ന ഐ.ടി. കമ്പനിയിൽ നിന്നാണ് ഇവർ ഊട്ടിയിലേക്ക് വന്നത്. ആന്ധ്രാപ്രദേശ് തിരുപ്പതി സ്വദേശിനിയായ കട്ട വിനീത സൗത്രിയാണ് (26) മരിച്ചത്.

കമ്പനിയിലെ ഒന്‍പതംഗസംഘമാണ് കഴിഞ്ഞ ദിവസം ഊട്ടിയില്‍ വന്നത്. ഇവര്‍ കല്ലട്ടിയിലെ ഒരു കോട്ടേജില്‍ മുറിയെടുത്തു. ശനിയാഴ്ച വൈകീട്ട് കല്ലട്ടി ചുരത്തിലെ ഇരുപതാം വളവിനോട് ചേര്‍ന്നുള്ള പുഴയോരത്ത് ഉല്ലസിക്കവെ യുവതി പുഴയിലേക്ക് വഴുതിവീഴുകയായിരുന്നു.

അഗ്‌നിശമനസേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. രാത്രിയായതോടെ തിരച്ചില്‍ നിര്‍ത്തി. ഞായറാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ നടത്തുന്നതിനിടെയാണ് പുഴയില്‍നിന്ന് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. പുതുമന്ത് പോലീസ് കേസെടുത്തു.