പൊള്ളാച്ചിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ

കോയമ്പത്തൂർ: പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. സംഭവത്തില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.പാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് പൊള്ളാച്ചി കുമരന്‍ നഗര്‍ സ്വദേശി യൂനിസ് – ദിവ്യ ദമ്പതികളുടെ കുഞ്ഞിനെ കാണാതാവുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ പെട്ടന്ന് കണ്ടെത്താനായത്. പ്രതികളുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് രണ്ട് സ്ത്രീകള്‍ കുട്ടിയെ കൊണ്ടുപോകുന്നത് വ്യക്തമായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ അവര്‍ പൊള്ളാച്ചി ബസ് സ്റ്റാന്റില്‍ നിന്ന് കോയമ്പത്തൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും അവിടെ നിന്ന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.

ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകള്‍ കുഞ്ഞിനെയും കൊണ്ട് പുറത്തിറങ്ങിയതിന്റെയും ദൃശ്യങ്ങള്‍ പൊള്ളാച്ചി പൊലീസിനു ലഭിച്ചു. പൊള്ളാച്ചി പൊലീസും പാലക്കാട് പൊലീസും ചേര്‍ന്നാണ് കുഞ്ഞിനെ കണ്ടുപിടിച്ചത്.