ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി. ആറ്റിങ്ങൽ ഡിപ്പോ ഇനി ഓപ്പറേറ്റിങ് കേന്ദ്രം മാത്രമാകും. ഓഫീസ് പ്രവർത്തനങ്ങളെല്ലാം തിരുവനന്തപുരം നോർത്ത് ജില്ലാ ഓഫീസായ നെടുമങ്ങാട്ടേയ്ക്ക് മാറ്റാനാണ് തീരുമാനം. ജില്ലാ ഓഫീസുകളുടെ പ്രവർത്തനം 18 ന് ആരംഭിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് കെ.എസ്.ആർ.ടി.സി. എം.ഡി.യുടെ ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങിയിട്ടുണ്ട്. ഓഫീസ് പ്രവർത്തനങ്ങൾ മാറുമെങ്കിലും ഷെഡ്യൂളുകൾ കൃത്യമായി നടത്തുന്നതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകില്ല.
ആറ്റിങ്ങൽ കൂടാതെ കിളിമാനൂർ, കണിയാപുരം, വെഞ്ഞാറമൂട്, കാട്ടാക്കട, നെടുമങ്ങാട്, ആര്യനാട്, വെള്ളനാട്, വെള്ളറട, വിതുര, പാലോട് എന്നീ ഡിപ്പോകളും ഓപ്പറേറ്റിങ് കേന്ദ്രങ്ങളാകും. ഇവിടെയെല്ലാം നടക്കുന്ന ഓഫീസ് പ്രവർത്തനങ്ങൾ ഇനിമുതൽ നെടുമങ്ങാട്ടേയ്ക്ക് മാറും. ജീവനക്കാരുടെ ഓഫീസ് സംബന്ധമായ ആവശ്യങ്ങളെല്ലാം ഇനിമുതൽ നെടുമങ്ങാട് നോർത്ത് ജില്ലാ ഓഫീസിൽ നിന്നാകും. ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജീവനക്കാരെ പുനർവിന്യസിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഓഫീസുകൾ പ്രവർത്തനം തുടങ്ങുന്നത്.
ആറ്റിങ്ങൽ ഡിപ്പോയിൽ നിലവിൽ 15 ഓഫീസ് സ്റ്റാഫുകളാണുള്ളത്. ഇവരെയെല്ലാം വിവിധ ജില്ലാ ഓഫീസുകളിലേക്ക് മാറ്റി നിയമിക്കുമെന്നാണ് സൂചന. ഒരു സൂപ്രണ്ട്, ഒരു ക്ലാർക്ക്, കളക്ഷനെടുക്കാനുള്ള ഒരുദ്യോഗസ്ഥൻ എന്നിവർ മാത്രമേ ഓപ്പറേറ്റിങ് കേന്ദ്രങ്ങളിലുണ്ടാകൂവെന്നാണ് വിവരം.
ഓപ്പറേറ്റിങ് കേന്ദ്രങ്ങളിലെ ഓഫീസ് സ്റ്റാഫുകളുടെ എണ്ണം ഇതിലും ചുരുങ്ങാനും സാധ്യതയുണ്ട്. ജില്ലയിൽ മികച്ചരീതിയിൽ പ്രവർത്തിക്കുന്നതും നല്ല വരുമാനമുള്ളതുമായ ഡിപ്പോകളിലൊന്നാണ് ആറ്റിങ്ങൽ. ഇവിടെനിന്നും തെങ്കാശി, കോട്ടയം, പത്തനംതിട്ട, നെടുങ്ങണ്ടം, മുണ്ടക്കയം എന്നിവിടങ്ങളിലേയ്ക്ക് ഫാസ്റ്റ് സർവീസുകൾ നടത്തിയിരുന്നു. എല്ലാം ലാഭകരമായ സർവീസുകളായിരുന്നു.
കോട്ടയത്തേയ്ക്കുള്ള സർവീസ് രാവിലെ ആരംഭിച്ച് പത്ത് മണിയോടെ കോട്ടയത്തെത്തുമ്പോൾ പതിനായിരം രൂപയുടെ വരുമാനമുണ്ടാകുമായിരുന്നുവെന്നാണ് ജീവനക്കാർ നല്കുന്ന സൂചന. സ്ഥിരം യാത്രക്കാരായിരുന്നു ഏറെയും. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ഈ സർവീസ് നിർത്തി.ഇതുപോലെതന്നെ മറ്റ് സർവീസുകളും പല ഘട്ടങ്ങളിലായി നിർത്തുകയായിരുന്നു. ഇപ്പോൾ തിരുവനന്തപുരം കൊല്ലം റൂട്ടിൽ നടത്തുന്ന 14 ഫാസ്റ്റ് സർവീസുകളാണ് ഡിപ്പോയ്ക്കുള്ളത്. ബാക്കിയെല്ലാം ഓർഡിനറി സർവീസുകളാണ്.
ജില്ലാ ഓഫീസുകൾ പൂർണമായി ഓഫീസ് പ്രവർത്തനത്തിന് അനുയോജ്യമായ രീതിയിൽ ഓഗസ്റ്റ് 31 ന് മുമ്പ് സജ്ജീകരിക്കാനാണ് എം.ഡി.യുടെ നിർദ്ദേശം.ഇതനുസരിച്ച് ഓഗസ്റ്റ് അവസാനത്തോടെ ഓഫീസ് പ്രവർത്തനങ്ങൾ പൂർണമായും നെടുമങ്ങാട്ടേയ്ക്ക് കേന്ദ്രീകരിക്കും. നിലവിൽ ഓരോ ഡിപ്പോയും നടത്തുന്ന ഷെഡ്യൂളുകളിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് ലാഭകരമായി നടത്തിയിരുന്ന സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.