വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെ ലാബിൽ സാമ്പത്തിക തിരിമറി നടത്തിയ സംഭവത്തിൽ ലാബ് ടെക്നീഷ്യനെതിരെ നടപടി സ്വീകരിച്ച് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി.
ലാബിന്റെ കഴിഞ്ഞ 6 മാസത്തെ കണക്ക് പരിശോധിച്ചപ്പോൾ അരലക്ഷത്തിലധികം രൂപയുടെ കുറവ് കണ്ടെത്തിയതോടെയാണ് സാമ്പത്തിക തിരിമറി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഹെൽത്ത് സെന്റർ എഎംഒ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും പരാതി നൽകി.
ഇവിടെ കഴിഞ്ഞ നാല് വർഷമായി കരാർ ജീവനക്കാരിയാണ് പണമിടപാടുകൾ നടത്തിയിരുന്നത്. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്നാണ് കരാർ ജീവനക്കാരിയെ മാറ്റിനിറുത്തി അന്വേഷണം നടത്താനും, ലാബിന്റെ വരുമാനം സംബന്ധിച്ചുള്ള മുൻകാലത്തെ കണക്കുകൾ പരിശോധിക്കാനും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിലെ മൂന്നംഗസംഘത്തെ ചുമതലപ്പെടുത്തിയത്. യോഗത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജേസഫൈൻ മാർട്ടിൻ, എ.എം.ഒ അജിത് ചക്രവർത്തി തുടങ്ങിയവർ പങ്കെടുത്തു.