റോഡ് മുറിച്ച് കടക്കവെ ഇരുചക്രവാഹനം ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക് . കിളിമാനൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ അജിഷ (14) , അഞ്ജന (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒൻപത് മണിയോടു കൂടിയാണ് അപകടം നടന്നത്. പുതിയകാവിൽ നിന്ന് സ്കൂളിലേയ്ക്ക് നടന്ന് പോവുകയായിരുന്ന കുട്ടികൾ കെ.എസ്.ഇ.ബി ഓഫീസിന് സമീപത്ത് വച്ച് എതിർദിശയിലുള്ള കടയിലേയ്ക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കവെ മലയാമത്ത് നിന്ന് പുതിയ കാവ് ഭാഗത്തേയ്ക്ക് വരുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ വിദ്യാർത്ഥിനികളെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ഇരുചക്ര യാത്രികരായ ഇരുവർക്കും പരുക്കുകളുണ്ട്.