സുഹൃത്തിനെ രക്ഷിക്കാൻ ആറ്റിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

ശൂരനാട്: സുഹൃത്തിനെ രക്ഷിക്കാൻ പള്ളിക്കലാറ്റിൽ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കരുനാഗപ്പള്ളി മാരാരിത്തോട്ടം കോളകത്ത് ജങ്‌ഷനു സമീപം കളത്തിൽ വടക്കേതിൽ നിസാമിന്റെയും ഉസൈബയുടെയും മകൻ അഫ്സൽ (18)ആണ് മരിച്ചത്. ഞായർ പകൽ ഒന്നിന്‌ ശൂരനാട് മണ്ണിട്ട ഡാമിനു സമീപമാണ്‌ അപകടം. സുഹൃത്തുക്കളായ മൂന്നുപേർക്ക്‌ ഒപ്പം പള്ളിക്കലാറ്റിൽ കുളിക്കാനെത്തിയതായിരുന്നു അഫ്‌സൽ. സുഹൃത്തുക്കളിൽ ഒരാൾ ആറ്റിൽ വീണതോടെ അഫ്‌സൽ രക്ഷിക്കാനിറങ്ങി.

ആറ്റിൽവീണ സുഹൃത്ത്‌ നീന്തി രക്ഷപ്പെട്ടെങ്കിലും അഫ്സൽ മുങ്ങിത്താഴുകയായിരുന്നു. ഉടനെ കരുനാഗപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കൊല്ലത്തുനിന്ന് സ്കൂബാ ടീം എത്തിയാണ്‌ മൃതദേഹം കണ്ടെടുത്തത്‌.

 മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച കന്നേറ്റി മുസ്ലിം ജമാഅത്തിൽ ഖബറടക്കും. മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായിരുന്നു അഫ്സൽ. സഹോദരി: അഹ്സാന.