പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; മസ്കറ്റിൽ ഇരുനൂറിലേറെ തസ്തികകളില്‍ സ്വദേശിവത്കരണം

മസ്‌കറ്റ്: കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഇരുനൂറില്‍ അധികം തസ്തികകളില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സൈദ് ബഔവിന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഈ മേഖലകളില്‍ വിദേശികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല. 207 തസ്തികകളാണ് സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/മാനേജര്‍, എച്ച്ആര്‍ ഡയറക്ടര്‍/മാനേജര്‍, ഡയറക്ടര്‍ ഓഫ് റിലേഷന്‍സ് ആന്റ് എക്‌സറ്റേണല്‍ കമ്യൂണിക്കേഷന്‍സ്, ഡയറക്ടര്‍/മാനേജര്‍ ഓഫ് സിഇഒ ഓഫീസ്, എംപ്ലോയ്മന്റ് ഡയറക്ടര്‍/മാനേജര്‍, ഫോളോഅപ്പ് ഡയറക്ടര്‍/മാനേജര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഡയറക്ടര്‍/മാനേജര്‍ ഓഫ് അഡ്മിഷന്‍ ആന്റ് റജിസ്‌ട്രേഷന്‍, സ്റ്റുഡന്‍സ് അഫേഴ്‌സ് ഡയറക്ടര്‍/മാനേജര്‍, കരിയര്‍ ഗൈഡന്‍സ് ഡയറക്ടര്‍/മാനേജര്‍, ഇന്ധന സ്റ്റേഷന്‍ മാനേജര്‍, ജനറല്‍ മാനേജര്‍, എച്ച് ആര്‍ സ്‌പെഷ്യലിസ്റ്റ്, ലൈബ്രേറിയന്‍, എക്‌സിക്യൂട്ടീവ് കോഓര്‍ഡിനേറ്റര്‍, വര്‍ക്ക് കോണ്‍ട്രാക്ട് റഗുലേറ്റര്‍, സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍, ട്രാവലേഴ്‌സ് സര്‍വീസെസ് ഓഫീസര്‍, ട്രാവല്‍ ടിക്കറ്റ് ഓഫീസര്‍, ബസ് ഡ്രൈവര്‍/ടാക്‌സി കാര്‍ ഡ്രൈവര്‍ എന്നിവയടക്കമുള്ള തസ്തികകളിലാണ് സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. 

കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം ഉടന്‍

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ കൂടുതല്‍ തൊഴില്‍ രംഗങ്ങളില്‍ സ്വദേശിവത്കരണം കൊണ്ടുവരുമെന്ന് അധികൃതര്‍. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ സ്വദേശിവത്കരണത്തിനും വനിതാ ശാക്തീകരണത്തിനമുള്ള പ്രത്യേക വിഭാഗത്തിന്റെ അണ്ടര്‍ സെക്രട്ടറി എന്‍ജി. മാജിദ് അല്‍ദുഹവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
പ്രൊജക്ട് മാനേജ്മെന്റ്, ഭക്ഷ്യമേഖല, വിതരണ ശൃംഖലകള്‍ എന്നീ മേഖലകളിലെ കൂടുതല്‍ തൊഴിലുകള്‍ സ്വദേശികള്‍ക്കായി മാറ്റിവെക്കും. സ്വദേശിവല്‍ക്കരണ പദ്ധതികള്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 20.6 ലക്ഷമായി ഉയര്‍ത്തി. ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം ഇത്രയും ഉയരുന്നത്. സ്വദേശിവല്‍ക്കരണ പദ്ധതികളിലൂടെ സ്വകാര്യ മേഖലയിലെ വനിതാ പങ്കാളിത്തം 35 ശതമാനമായി ഉയര്‍ന്നു. ഓരോ മേഖലയിലും തൊഴില്‍ അന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം, ഓരോ മേഖലയിലെയും സാമ്പത്തിക വളര്‍ച്ച, സൗദി ജീവനക്കാര്‍ക്കുള്ള ആകര്‍ഷണീയത, സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനത്തിനുള്ള ആവശ്യകത, വരും വര്‍ഷങ്ങളില്‍ സൗദി യൂനിവേഴ്സിറ്റികളില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവരുടെ ലഭ്യത എന്നിവ അടക്കമുള്ള മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഏതെല്ലാം മേഖലകളിലാണ് സൗദിവല്‍ക്കരണം നടപ്പാക്കേണ്ടതെന്ന് നിര്‍ണയിക്കുന്നത്.

ഇക്കാര്യത്തില്‍ ഓരോ മേഖലകളുടെയും പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുമായും സ്വകാര്യ മേഖലയുമായും ഏകോപനം നടത്തുന്നു. ഓരോ മേഖലയെയും കുറിച്ച് സമഗ്ര സര്‍വേ നടത്തി, ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സൗദിവല്‍ക്കരണ തീരുമാങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നും എന്‍ജി. മാജിദ് അല്‍ദുഹവി പറഞ്ഞു. ഈ വര്‍ഷം 30 സൗദിവല്‍ക്കരണ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആലോചിക്കുന്നതായി വകുപ്പ് മന്ത്രി എന്‍ജി. അഹ്മദ് അല്‍രാജ്ഹി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 
നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് സൗദിവല്‍ക്കരണത്തിന് അനുയോജ്യമായ തൊഴിലുകള്‍ തെരഞ്ഞെടുക്കുകയെന്നും മന്ത്രി പറഞ്ഞു. ലൈസന്‍സ് ആവശ്യമായ ഏവിയേഷന്‍ മേഖലാ തൊഴിലുകള്‍, ഒപ്റ്റോമെട്രി പ്രൊഫഷനുകള്‍, പീരിയോഡിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ഷന്‍ തൊഴിലുകള്‍, തപാല്‍, കൊറിയര്‍ ഓഫീസ് തൊഴിലുകള്‍, കസ്റ്റമര്‍ സര്‍വീസ് തൊഴിലുകള്‍, ഏഴു പ്രവര്‍ത്തന മേഖലകളിലെ സെയില്‍സ് എന്നീ മേഖലകളില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുന്ന ആറു തീരുമാനങ്ങള്‍ കഴിഞ്ഞ ബുധനാഴ്ച മാനവശേഷി, സാമൂഹിക വികസന മന്ത്രി പ്രഖ്യാപിച്ചിരുന്നു.