ന്യൂസീലൻഡിലെ ‘നിയമം കയ്യിലെടുത്തു’ പാലാ സ്വദേശിനി. വനിതാ പൊലീസ് ഓഫിസറായി ഉള്ളനാട് പുളിക്കൽ അലീന അഭിലാഷ് (22) ന്യൂസീലൻഡിൽ നിയമിതയായി. കോൺസ്റ്റബിൾ റാങ്കിലുള്ള ആദ്യ നിയമനം ഓക്‌ലൻഡിലാണ്.ന്യൂസീലൻഡ് പൊലീസിൽ ഓഫിസർ തസ്തിക ആരംഭിക്കുന്നത് കോൺസ്റ്റബിൾ റാങ്കിലാണ്. പാമർസ്റ്റൺ നോർത്തിൽ സ്ഥിരതാമസമാക്കിയ ഉള്ളനാട് പുളിക്കൽ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന.റോയൽ ന്യൂസീലൻഡ് പൊലീസ് കോളജിലെ പരിശീലനം പൂർത്തിയാക്കിയ അലീനയുടെ ബിരുദസ്വീകരണച്ചടങ്ങ് ഇന്നലെ വെല്ലിങ്‌ടനിൽ നടന്നു. ഒട്ടാഗോ സർവകലാശാലയിൽ സൈക്കോളജിയും ക്രിമിനോളജിയും പഠിച്ച ശേഷമാണു പൊലീസിൽ ചേർന്നത്.ആറാം ക്ലാസ് വരെ ചാവറ പബ്ലിക് സ്കൂളിൽ പഠിച്ച ശേഷം മാതാപിതാക്കൾക്കൊപ്പം ന്യൂസീലൻഡിലേക്കു കുടിയേറുകയായിരുന്നു. അലീന അഭിലാഷിനെ മാണി സി.കാപ്പൻ എംഎൽഎ, ജോസ് കെ.മാണി എംപി, ചാവറ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ.സാബു കൂടപ്പാട്ട്, മുൻ പ്രിൻസിപ്പൽ ഫാ.മാത്യു കരീത്തറ എന്നിവർ അഭിനന്ദിച്ചു.