കുളച്ചൽ തീരത്ത് കണ്ടെത്തിയ മൃതദേഹം കിരണിന്റേതെന്ന് അച്ഛന്‍

തിരുവനന്തപുരം:തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം കിരണിന്റേതെന്ന് അച്ഛന്‍.കിരണ്‍ ആത്മഹത്യ ചെയ്തതല്ലെന്നും അപായപ്പെടുത്തിയതാണെന്നും കിരണിന്റെ അച്ഛന്‍ പറഞ്ഞു. എന്താണു സംഭവിച്ചതെന്നു പൊലീസ് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് കുളച്ചല്‍ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് ആഴിമലയില്‍നിന്ന് കാണാതായ നരുവാംമൂട് സ്വദേശി കിരണിന്റേതാണോ എന്ന് സംശയമുണ്ടായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനായി വിഴിഞ്ഞം പൊലീസും കിരണിന്റ ബന്ധുക്കളും കുളച്ചലിലെത്തിയിരുന്നു. തുടര്‍ന്നാണ് കിരണിന്റെ മൃതദേഹം പിതാവ് തിരിച്ചറിഞ്ഞത്.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കുളച്ചല്‍ പൊലീസ് കടലില്‍ കാണാതായവരെ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിഴിഞ്ഞം പൊലീസിനെയും വിവരമറിയിച്ചത്. ആഴിമലയില്‍ കടലില്‍ കാണാതായ കിരണിനായി കഴിഞ്ഞദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

കിരണ്‍ ആത്മഹത്യ ചെയ്യില്ലെന്നും അപായപ്പെടുത്തിയത് ആണെന്നും പിതാവ് ആരോപിച്ചു. വെള്ളം പേടിയുള്ള കിരണ്‍ കടലില്‍ ചാടില്ല. കാണാതായ സ്ഥലം പരിശോധിക്കുമ്പോള്‍ കാല്‍ വഴുതി വീണതാവാനും സാധ്യതയില്ല. ശനിയാഴ്ച വൈകിട്ടാണ് ആഴിമലയില്‍നിന്ന് കിരണിനെ കാണാതായത്. വിഴിഞ്ഞം പൊലീസിനൊപ്പം  കുളച്ചലിലെത്തിയാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് പൊലീസ് കണ്ടെത്തണമെന്നും പിതാവ് പറഞ്ഞു. മൃതദേഹം കിരണിന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎൻഎ പരിശോധന നടത്തുമെന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രത്യുഷ് പറഞ്ഞു. തമിഴ്നാട് കുളച്ചല്‍ പൊലീസ് നടപടി എടുക്കും.