വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അവസരം.

വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് കൃഷിവകുപ്പിന്റെ ഗ്രാസ് റൂട്ട് ലെവല്‍ ഓഫീസുകളില്‍ അതായത് കൃഷിഭവനുകളില്‍ ഇന്റ്വേണ്‍ഷിപ്പിന് അവസരം ഒരുക്കുന്നു. ഇതിലൂടെ, അവര്‍ക്ക് സംസ്ഥാനത്തെ കാര്‍ഷിക സാഹചര്യം അടുത്തറിയാനും വിള ആസൂത്രണം, കൃഷി, വിപണനം, വ്യാപനം, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നേരിട്ടുള്ള അനുഭവം നേടാനും കഴിയും. കര്‍ഷകരുമായും കാര്‍ഷിക, അനുബന്ധ മേഖലകളിലെ പ്രവര്‍ത്തകരുമായും സംവദിക്കാന്‍ യുവാക്കള്‍ക്ക്് മികച്ച അവസരം നല്‍കുവാന്‍ ഉദ്ദേശിച്ചാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കൃഷിയില്‍ വി.എച്ച്.എസ്.ഇ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും കൃഷി/ഓര്‍ഗാനിക് ഫാമിംഗില്‍ ഡിപ്ലോമ ഉള്ളവര്‍ക്കും ഇന്റ്വേണ്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 01.08.2022 പ്രകാരം 18-41 വയസ്സിനിടയില്‍ പ്രായമുളളവരായിരിക്കണം അപേക്ഷകര്‍. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.keralagriculture.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി പദ്ധതിക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം അനക്‌സ് 1 പ്രകാരം വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടാതെ പൂരിപ്പിച്ച അപേക്ഷാഫോറവും സര്‍ട്ടിഫിക്കറ്റുകളും അഭിമുഖ സമയത്ത് സമര്‍പ്പിക്കേണ്ടതാണ്. പ്രോത്സാഹനമായി പ്രതിമാസം 2500 രൂപ വീതം നല്‍കുന്നതാണ്. ഇന്റേണ്‍ഷിപ്പിന്റെ കാലാവധി 180 ദിവസമാണ് (ആറ് മാസം). ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഓഫീസിൽ ബന്ധപ്പെടുക.