ശ്രീലേഖ ഐപിഎസിന്റെ വാക്കുകള്‍;
2017 ഫെബ്രുവരി മാസം നടിയെ ആക്രമിച്ച സംഭവം നടന്നത് എല്ലാവര്‍ക്കുമറിയാമല്ലോ. ആ സമയത്ത് ഞാന്‍ ജയില്‍ വകുപ്പ് മേധാവിയായിരുന്നു. ഈ സംഭവത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ ഒരു സംശയവും തോന്നിയിരുന്നില്ല. പ്രതിയായ പള്‍സര്‍ സുനിക്ക് നേരത്തെ മോശമായ പശ്ചാത്തലമുണ്ട്. എറണാകുളത്ത് ഏറെ നാള്‍ ജോലി ചെയ്ത എനിക്കിതറിയാമായിരുന്നു.
എനിക്ക് വളരെ അടുപ്പമുള്ള രണ്ട് മൂന്ന് നടിമാര്‍ ഇയാളെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. പല രീതിയിലും ഇയാള്‍ പലതും പറഞ്ഞ് അടുത്തൂകൂടി, ഡ്രൈവര്‍ ആയും മറ്റും പലരുടെയും വിശ്വാസ്യത മുതലെടുത്തു. ഈ നടിമാരെ പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി ,മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക് മെയില്‍ ചെയ്ത കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്.
എന്തുകൊണ്ട് ഇത് പൊലീസില്‍ പറഞ്ഞില്ലെന്നും പരാതിപ്പെട്ടില്ലെന്നും ഒന്ന് രണ്ട് പേരോട് ആ സമയത്ത് തന്നെ ഞാന്‍ ചോദിച്ചിട്ടുണ്ട്. കരിയര്‍ ഓര്‍ത്തും കേസിന് പുറകേ പോകണമെന്നും ഓര്‍ത്ത് പണം കൊടുത്ത് അയാളെ സെറ്റ് ചെയ്‌തെന്നാണ് അവര്‍ പറഞ്ഞത്. ഇയാളുടെ സ്വഭാവം നേരത്തെ അറിയാമായിരുന്നത് കൊണ്ട് 2017ലെ സംഭവത്തെ കുറിച്ച് എനിക്കൊരു സംശയവുമില്ല. കേസിലെ ആറുപ്രതികളില്‍ നാല് പേരെ നേരത്തെ പിടിച്ചിരുന്നു.
പൊലീസ് പള്‍സര്‍ സുനിയെ കൈകാര്യം ചെയ്തതൊക്കെ എനിക്കോര്‍മയുണ്ട്. അന്വേഷണത്തിനിടെ കേസ് തെളിയുന്നു, പ്രതികള്‍ അറസ്റ്റിലാകുന്നതും ഒക്കെ കണ്ടു. രണ്ടാഴ്ചയോളം പൊലീസ് കസ്റ്റഡിയിലായിരുന്നു പ്രതികള്‍. പള്‍സര്‍ സുനിയെ അന്ന് പൊലീസ് കൈകാര്യം ചെയ്ത രീതി നോക്കിയാല്‍, അയാളെ കൊണ്ട് മറ്റൊരാള്‍ ചെയ്യിച്ചതാണിതൊക്കെ എന്നുണ്ടെങ്കില്‍ അയാളത് പറയുമായിരുന്നു. അപ്പോള്‍ തന്നെ പറയുമായിരുന്നു. അത് എല്ലാ പൊലീസുകാര്‍ക്കും അറിയാമായിരുന്നു. പക്ഷേ അയാളത് പറഞ്ഞില്ല.
ഇവര്‍ ക്വട്ടേഷന്‍ സംഘങ്ങളാണോ എന്നതില്‍ സംശയമുണ്ട്. സ്വയം കാശുണ്ടാക്കാന്‍ സ്വയം തന്നെയാണ് പല കാര്യങ്ങളും ഇവര്‍ മുന്‍പും ചെയ്തിട്ടുള്ളത്. ക്വട്ടേഷന്‍ അല്ല. ഇവര്‍ അറസ്റ്റിലായി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഗൂഡാലോചന വാര്‍ത്ത പുറത്തുവരുന്നത്. ജയിലില്‍ കിടക്കുമ്പോള്‍ സുനിയുടെ സഹതടവുകാരന്‍ ദീലീപിന്റെ സുഹൃത്ത് നാദിര്‍ഷയെ ഫോണില്‍ വിളിച്ചുവെന്നാണ് ആദ്യ കണ്ടെത്തല്‍.ജയിലില്‍ കിടന്ന് ഫോണ്‍ ചെയ്യാന്‍ ഒരിക്കലും കഴിയില്ല. സുനി ഇത് കോടതിയില്‍ പോയപ്പോള്‍ കടത്തിക്കൊണ്ടുവന്നതാണെന്നാണ് സഹതടവുകാരന്‍ പറഞ്ഞത്…’.ഇതിനൊരിക്കലും ഇടയില്ല എന്നും ശ്രീലേഖ ഐപിഎസ് പറഞ്ഞു.
പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്തും ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചതും പുതിയ വെളിപ്പെടുത്തലില്‍ പരാമര്‍ശിച്ച് ശ്രീലേഖ ഐപിഎസ്. ജയിലിലേക്ക് സുനിക്ക് വേണ്ടി ഒരു പൊലീസുകാരനാണ് ഫോണ്‍ കടത്തിക്കൊടുത്തതെന്ന് ശ്രീലേഖ ഐപിഎസ് പറഞ്ഞു. സര്‍ക്കാര്‍ ജോലിയിലിരിക്കുന്നയാള്‍ക്ക് പെരുമാറ്റച്ചട്ടമുണ്ട്. അതിനാലാണ് ഇക്കാര്യങ്ങളില്‍ ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും പലതും വിശദമായി അന്വേഷിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ലെന്നും അവര്‍ പറഞ്ഞു.
ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോയി തിരികെ വരുമ്പോഴെല്ലാം പ്രതികളുടെ ശരീരം വിശദമായി പരിശോധിക്കാറുണ്ട്. പലപ്പോഴും വസ്ത്രമഴിച്ച് തന്നെയാണ് പരിശോധിക്കുന്നത്. അത് വച്ച് നോക്കുമ്പോള്‍ ജയിലിലേക്ക് ഫോണ്‍ എത്തിക്കുന്നത് നടക്കാത്ത കാര്യമാണ്. ഷൂവിന്റെ അകത്താണെങ്കില്‍ ഫോണ്‍ കടത്തിയെന്ന് പറയാം. എന്നാല്‍ ചെരുപ്പിന്റെ അകത്ത് ഒരിക്കലും ഫോണ്‍ ഒളിപ്പിച്ചുകൊണ്ടുവരാന്‍ പറ്റില്ല. അതൊക്കെ വിശദമായി പരിശോധിക്കും.
വിഡിയോ കാമറയില്‍ പരിശോധിച്ചപ്പോള്‍, പള്‍സര്‍ സുനി ഫോണ്‍ ചെയ്യുന്നതും അതിന്റെ ഫഌഷും ഒക്കെ കണ്ടതാണ്. മുഴുവന്‍ നുണ പറയുന്ന ആളാണ് പള്‍സര്‍ സുനി. സുനിയെയും സഹതടവുകാരനെയും ജയിലില്‍ നിന്ന് കൊണ്ടുപോകുകയും തിരികെയെത്തിക്കുകയും ചെയ്ത ഒരു പൊലീസുകാരന്‍ ജയിലിന്റെ ഗേറ്റ് കടന്നും അകത്തേക്ക് വന്നിട്ടുണ്ട്. സുനിയുമായി രഹസ്യമായി സംസാരിക്കുന്നതും എന്തോ കൈമാറുന്നതും പോലെ തോന്നിപ്പിക്കുന്ന തരത്തില്‍ ഇത് വിഡിയോയിലുണ്ടായിരുന്നു. ആ പൊലീസുകാരനായിരിക്കണം ഫോണ്‍ കടത്തിക്കൊടുത്തത് എന്നാണ് ഞങ്ങള്‍ അനുമാനിച്ചത്. ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്ന് ഡിജിപിയോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്വേഷണം എവിടെയെത്തിയെന്ന് വ്യക്തമല്ല.
ഇതൊക്കെ ഞാന്‍ ഇപ്പോള്‍ പറയുന്നത് എന്തിനാണെന്ന് നിങ്ങള്‍ക്ക് തോന്നാം. ഒരു സര്‍ക്കാര്‍ ജോലിയിലിരിക്കുന്നയാള്‍ക്ക് പെരുമാറ്റച്ചട്ടമുണ്ട്. അറിയിക്കേണ്ട കാര്യം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. പക്ഷേ അതിലൊന്നും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. പല പരാതികളും ഉയര്‍ത്തിയപ്പോള്‍, ചൂടായിട്ടാണ് എന്നോടും പ്രതികരിച്ചിട്ടുള്ളത്.
ഏപ്രിലില്‍ പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനെഴുതി എന്നൊരു കത്ത് പുറത്തുവന്നു. അത് സഹതടവുകാരന്റെ കയ്യെഴുത്തായിരുന്നു. ജയിലുകളില്‍ മേസ്തിരി എന്നൊരു സംവിധാനമുണ്ട്. അയാളെക്കൊണ്ടാണ് (വിപിന്‍ലാല്‍) കത്തെഴുതിച്ചത്. ജയിലില്‍ നിന്നെഴുതുന്ന കത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ വായിച്ചുനോക്കിയിട്ടാണ് പോസ്റ്റ് ചെയ്യുന്നത്. രഹസ്യമായി കത്തെഴുതുന്ന പരിപാടി ജയിലില്‍ നടക്കില്ല.
ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണിത് എന്നാണ് അപ്പോള്‍ പുറത്തുവന്ന വാര്‍ത്ത. കത്തിലെ പലകാര്യങ്ങളും അപഹാസ്യമായിട്ടാണ് തോന്നിയത്. ഒരു നടനെ വെറുതെ അങ്ങ് അറസ്റ്റ് ചെയ്യാനാകില്ലല്ലോ. പത്രങ്ങളിലൂടെയൊക്കെ അദ്ദേഹത്തിന്റെ പേരുള്‍പ്പെടുത്താന്‍ എളുപ്പമുള്ള കാര്യമാണ്. രണ്ട് പേരെ സ്വാധീനിച്ചാല്‍ സുഖമായി ഇങ്ങനെ ഒരു വ്യക്തിക്കെതിരെ എഴുതാനാകും. ഒരിക്കല്‍ എഴുതിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടാത്ത തരത്തില്‍ അതങ്ങനെ പോകും. എല്ലാവരെയും നിയന്ത്രിക്കാനാകുന്ന മിഡിയമാണ് ഇന്ന് മാധ്യമങ്ങളില്‍’. ആര്‍ ശ്രീലേഖ വ്യക്തമാക്കി.