തിരുവനന്തപുരം : കോട്ടന്‍ഹില്‍ സ്കൂളിൽ റാഗിങ് പരാതി. സ്കൂള്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് രക്ഷിതാക്കള്‍ സ്കൂള്‍ കവാടത്തിനു മുന്നില്‍ പ്രതിഷേധിച്ചു. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പിനു മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. സ്കൂളില്‍ സിസിടിവി വയ്ക്കാന്‍ എംഎല്‍എ ഫണ്ടില്‍നിന്നു പണം അനുവദിച്ചിട്ടുണ്ടെന്ന് സ്ഥലം എംഎല്‍എ കൂടിയാ യ മന്ത്രി ആന്‍റണി രാജു അറിയിച്ചു.പ്രൈമറി ക്ലാസുകളിലെ കുട്ടികളെ ഹൈസ്കൂള്‍ വിഭാഗത്തിലെ ചില കുട്ടികള്‍ റാഗ് ചെയ്യുന്നതായാണു രക്ഷിതാക്കളുടെ പരാതി. ആദ്യം പ്രിൻസിപ്പലിനും പിന്നീട് മ്യൂസിയം പൊലീസിനും പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. തുടർന്ന് തിങ്കളാഴ്ച രാവിലെ കാര്യങ്ങൾ നേരിട്ട് തിരക്കാനായി പ്രിൻസിപ്പലിനെ കാണാൻ മാതാപിതാക്കൾ എത്തിയെങ്കിലും അവരെ കാണാൻ പ്രിൻസിപ്പൽ കൂട്ടാക്കിയില്ല.
പിന്നീട് പ്രധാന ഗേറ്റിനു സമീപം മാതാപിതാക്കൾ പ്രതിഷേധം നടത്തി. ആ സമയത്താണ് മറ്റൊരു പരിപാടിക്കായി മന്ത്രിയും സ്ഥലം എംഎൽഎയുമായ ആന്റണി രാജു എത്തുന്നത്. അമ്മമാർ മന്ത്രിയോട് പരാതി ഉന്നയിച്ചു. കുട്ടികൾ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാൻ പരിമിതികളുണ്ട്. ഇനി ആവർത്തിക്കാതിരിക്കാൻ എംഎൽഎ ഫണ്ടിൽനിന്നു സിസിടിവി സ്ഥാപിക്കാനുള്ള പണം നൽകാമെന്ന് മന്ത്രി അറിയിച്ചു.