ഉറക്കികിടത്തിയ കുഞ്ഞ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ

കോഴിക്കോട്:പിഞ്ചു കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പേരാമ്പ്ര കടിയങ്ങാട് ഈര്‍പ്പാ പൊയില്‍ ഗിരീഷ്-അഞ്ജലി ദമ്പതികളുടെ മകന്‍ ശബരി (ഒന്നേകാല്‍ വയസ്സ്) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. കുട്ടിയെ ഉറക്കികിടത്തി അമ്മ അലക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കുട്ടിയുടെ ശബ്ദം കേള്‍ക്കാത്തതിനാല്‍ അല്‍പ്പസമയം കഴിഞ്ഞ് അഞ്ജലി തിരിച്ചെത്തിയപ്പോഴാണ് കുളിമുറിയിലെ ബക്കറ്റില്‍ കുട്ടി വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ശബരിയുടെ അച്ഛന്‍ ഗിരീഷ് വിദേശത്താണ്. തേജ ലക്ഷ്മി, വേദ ലക്ഷ്മി എന്നിവരാണ് മറ്റ് മൂത്ത സഹോദരങ്ങള്‍. സംഭവത്തില്‍ പേരാമ്പ്ര പൊലീസ്  സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.