ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ ആയി നിയമിച്ചതിൽ പ്രതിഷേധിച്ച് സുന്നി സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച്. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ജില്ലാ നേതാക്കളാണ് മാർച്ചിന് നേതൃത്വം നൽകുന്നത്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച നടപടി പിൻവലിക്കണമെന്നാണ് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെടുന്നത്.ഇതിനിടെ നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗം കോൺഗ്രസും മുസ്ലീം ലീഗും ബഹിഷ്കരിച്ചു.മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആലപ്പുഴ കളക്ടർ ശ്രീറാം വെങ്കിട്ടരാമനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ബഹിഷ്കരണം.ശക്തമായ പ്രതിഷേധത്തിനിടെയാണ് ശ്രീറാം ആലപ്പുഴ കലക്ടറായി ചുമതലയേൽക്കുന്നത്. ഐഎഎസ് തലത്തിൽ നടന്ന അഴിച്ചുപണിയിലാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചത്.സർക്കാർ നടപടി നിയമവാഴ്ചയോടുള്ള ധിക്കാരമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ആരോപിച്ചു. ശ്രീറാമിനെ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും സംഘടന ആവശ്യപ്പെട്ടു. 2019 ലാണ് കെ.എം.ബഷീറിനെ മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയത്.