എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണം, രാത്രിയും താഴ്ത്തേണ്ട, ഫ്ലാഗ് കോഡിൽ മാറ്റം, മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം:സ്വതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന് എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം.മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ജില്ലാ കലക്ടര്‍മാരുടെ യോഗത്തിലാണ് തീരുമാനമായത്. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി.

കുടുംബശ്രീ മുഖേന ദേശീയപതാകകള്‍ നിര്‍മ്മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉല്‍പാദനത്തില്‍ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

പരമാവധി സ്ഥലങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തും. ആഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തണം. ഇക്കാലയളവില്‍ രാത്രികാലങ്ങളില്‍ പതാക താഴ്‌ത്തേണ്ടതില്ലെന്ന് ഫ്‌ളാഗ് കോഡില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖേനയാണ് പ്രധാനമായും പതാകകള്‍ വിതരണം ചെയ്യുക. സ്‌കൂള്‍ കുട്ടികള്‍ ഇല്ലാത്ത വീടുകളില്‍ പതാക ഉയര്‍ത്താനാവശ്യമായ ക്രമീകരണങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യണം. അത്തരം വീടുകളുടെ എണ്ണമെടുത്ത് തദ്ദേശസ്ഥാപനങ്ങള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കണം. പതാകകളുടെ ഉത്പാദനം കുടുംബശ്രീ ആരംഭിച്ചു. ആഗസ്റ്റ് 12 നുള്ളില്‍ പതാകകള്‍ സ്‌കൂളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. നേരത്തെ, എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്നും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.