തമിഴ്നാട്: പ്രധാന വിനോദസഞ്ചാരമേഖലയായ കുറ്റാലം വെള്ളച്ചാട്ടത്തില്‍ അപ്രതീക്ഷിതമായി എത്തിയ മലവെള്ളപാച്ചിലില്‍ രണ്ടുപേര്‍ മരിച്ചതിനെ തുടര്‍ന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്തി സര്‍ക്കാര്‍. അപകടത്തില്‍ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചതോടെ കുറ്റാലം, പഴയകുറ്റാലം, ഐന്തരുവി എന്നിവടങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അറിയിപ്പ് ഉണ്ടാകും വരെ ഇവിടേക്ക് വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.
ബുധനാഴ്ച വൈകുന്നേരം ആറോടെയാണ് അപകടം ഉണ്ടായത്. ഈ സമയം ഇവിടെ കുളിയ്ക്കുകയായിരുന്ന അഞ്ചു വിനോദസഞ്ചാരികള്‍ മലവെള്ളപാച്ചില്‍ മൂലമുണ്ടായ ഒഴുക്കില്‍പ്പെട്ടു. ഇതില്‍ രണ്ടുപേരാണ് മരിച്ചത്. മൂന്നുപേരെ ഇവിടെ കച്ചവടം നടത്തുന്ന യുവാവ് രക്ഷപ്പെടുത്തി. സേലം പന്റൊട്ടി സ്വദേശിനി കലാവതി, ചെന്നൈ സ്വദേശിനി മല്ലിക എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം നാലുമുതല്‍ കുറ്റാലം ഭാഗത്ത് ചെറിയ തോതില്‍ മഴ പെയ്യുന്നുണ്ടായിരുന്നു. വിനോദസഞ്ചാരികളുടെ വലിയ തിരക്കും ഇവിടെ ഇന്നലെ അനുഭവപ്പെട്ടു. അതുകൊണ്ട് തന്നെ എത്രപേര്‍ ഒഴുക്കില്‍പ്പെട്ടു എന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. മലയാളികളായ സഞ്ചാരികളും അപകട സമയത്ത് കുറ്റാലത്ത് ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.
കുറ്റാലം വനത്തില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ ഇനിയും വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് നിഗമനം. ഉരുള്‍പൊട്ടല്‍ സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.