രാജു അപ്സരയെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റായി തെര‍ഞ്ഞെടുത്തു

കൊച്ചി: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന  പ്രസിഡണ്ടായി  രാജു അപ്‌സരയെ തെരെഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന സംസ്ഥാന കൗണ്‍സിലാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. വാശിയേറിയ മത്സരത്തില്‍  നാല് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജു അപ്സര വിജയിച്ചത്.  രാജു അപ്സരയും പെരിങ്ങാമല രാമചന്ദ്രനും തമ്മിലായിരുന്നു പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. 444 പ്രതിനിധികളില്‍ 440 പേര്‍ വോട്ട് രേഖപ്പെടുത്തി. രാജു അപ്സരക്ക് 222 വോട്ടുകളും പെരിങ്ങാമല രാമചന്ദ്രന് 218 വോട്ടുകളും ലഭിച്ചു. രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ജില്ലാ തിരഞ്ഞെടുപ്പ് നടക്കാത്തതിനാല്‍ പാലക്കാട് ജില്ലയ്ക്ക് ഇക്കുറി സംഘടനാ തെരെഞ്ഞെടുപ്പില്‍  വോട്ടവകാശം ഉണ്ടായിരുന്നില്ല. രാവിലെ പത്തരയോടെ ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയോടെയാണ് കഴിഞ്ഞത് തെരഞ്ഞെടുപ്പിൽ കുഞ്ഞാവു ഹാജി  വർക്കിംങ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. ദേവസ്യ മേച്ചേരിയാണ് ജനറൽ സെക്രട്ടറി. എം.കെ.തോമസൂട്ടിയെ  ട്രഷററായും തെരഞ്ഞെടുത്തു.