ശ്രീറാമിനായി പതിവ് തെറ്റിച്ച് സർക്കാർ; കേസ് തീർപ്പാകും മുൻപേ കളക്ടർ പദവിയിൽ

തിരുവനന്തപുരം : വിവാദമായ കേസിൽ കോടതി നടപടികൾ നേരിടുന്നയാളെ കളക്ടർ പദവിയിൽനിന്ന് ഒഴിവാക്കുന്ന പതിവുരീതി ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തിൽ തെറ്റി. ക്രിമിനൽ കേസിൽ പ്രതിയായി വിചാരണ നേരിടാൻ ഒരുങ്ങുന്ന ശ്രീറാം വെങ്കിട്ടരാമനെയാണ് വിപുലമായ അധികാരങ്ങളുള്ള കളക്ടർ പദവിയിലേക്ക് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പിൽനിന്ന് ആലപ്പുഴ കളക്ടറായാണ് നിയമനം. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിന്റെ അധികാരമാണു കളക്ടർക്കുള്ളത്.ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇല്ലെങ്കിൽ പ്രതികളെ ഏഴു ദിവസംവരെ ജില്ലാ മജിസ്ട്രേറ്റിന്റെ എക്സിക്യൂട്ടിവ് മജിസ്റ്റീരിയൽ അധികാരം ഉപയോഗിച്ച് റിമാൻഡ് ചെയ്യാന്‍ കളക്ടർക്കാകും. റിമാൻഡ് കാലാവധി നീട്ടാൻ ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നിൽ പിന്നീട് ഹാജരാക്കിയാൽ മതിയാകും. കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (കാപ്പ) കേസിലെ പ്രതികളുടെ പട്ടിക തയാറാക്കി സർക്കാരിനു കൈമാറുന്നതും ക്രിമിനലുകളെ ജില്ലയിൽ പ്രവേശിക്കാതെ വിലക്കുന്നതും കളക്ടറാണ്.
ആംസ് ആക്ട്, എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് തുടങ്ങിയവയിലൊക്കെ പ്രോസിക്യൂഷന് അനുമതി നൽകുന്നത് കളക്ടറാണ്. ജില്ലയിലെ പ്രോസിക്യൂട്ടർമാരെ നിയമിക്കാനുള്ള പാനൽ അംഗീകരിച്ച് കൈമാറുന്നതും കലാപമുണ്ടായാൽ വെടിവയ്ക്കാനുള്ള അനുമതി നൽകുന്നതും കളക്ടറാണ്. സിആർപിസി (20) അനുസരിച്ചാണ് കളക്ടർക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം കൊടുക്കുന്നത്. കേഡി ലിസ്റ്റിൽ ക്രിമിനലുകളെ ഉൾപ്പെടുത്തുന്നതു കളക്ടറാണ്. കേഡി ലിസ്റ്റിൽപ്പെടുന്നവർ ബോണ്ടുവച്ച് ജാമ്യത്തിനായി അപേക്ഷിക്കേണ്ടതും കളക്ടർക്കു മുന്നിലാണ്.മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 എ, 201 വകുപ്പുകളും മോട്ടര്‍ വാഹന നിയമത്തിലെ 184, 185, 188 വകുപ്പുകളുമാണ് ശ്രീറാമിനും ഒപ്പമുണ്ടായിരുന്ന വഫയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അപകടകരമായി വാഹനം ഓടിച്ചു വരുത്തിയ മനപ്പൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെയുള്ളത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ആരംഭിക്കാനായിട്ടില്ല. കുറ്റപത്രം വായിച്ചു കേൾപ്പിക്കാനുമായിട്ടില്ല. ഇതിനിടെ വഫ വിടുതൽ ഹർജിയും ഫയൽ ചെയ്തു. സെപ്റ്റംബർ രണ്ടിനാണ് ഒന്നാം അഡി.സെഷൻസ് കോടതി ഇനി കേസ് പരിഗണിക്കുന്നത്.വാഹനാപകടം നടന്നശേഷം മ്യൂസിയം പൊലീസ് സ്റ്റേഷനിൽനിന്നും ഒരു പൊലീസുകാരനൊപ്പം ജനറല്‍ ആശുപത്രിയിലെത്തിയ ശ്രീറാം തന്നെ തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരിശോധനയില്‍ ശ്രീറാമിനു മദ്യത്തിന്റെ മണം ഉണ്ടെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടർ രേഖപ്പെടുത്തി. തന്റെ സുഹൃത്തിനെ വിളിച്ചുവരുത്തിയ ശ്രീറാം, ജനറല്‍ ആശുപത്രിയില്‍നിന്നു മെഡിക്കല്‍ കോളജിലേക്കു പോകാതെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പരിശോധനയ്ക്കായി രക്തമെടുക്കാൻ ശ്രീറാം അനുവദിച്ചില്ല. ഇക്കാര്യം നഴ്‌സ് കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയിരുന്നു. രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയുന്നതുവരെ രക്തം ശേഖരിക്കുന്നത് വൈകിപ്പിച്ച് തെളിവു നശിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാര്‍ ശ്രീറാമിനു കൈമാറുകയും വേഗത്തില്‍ ഓടിക്കാന്‍ അനുവദിക്കുകയും ചെയ്തതിനാണു വഫയ്ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിട്ടുള്ളത്. 2019 ഓഗസ്റ്റ് മൂന്നിനു ഉണ്ടായ അപകടത്തിലാണ് കെ.എം.ബഷീർ മരിച്ചത്.