പെൺസുഹൃത്തിനെ കാണാനെത്തിയ ശേഷം 'അപ്രത്യക്ഷനായ' യുവാവ് ഓടിപ്പോകുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം : പെൺസുഹൃത്തിനെ കാണാനായി ആഴിമലയിൽ എത്തി ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിന്റെ ദൃശ്യങ്ങൾ പുറത്ത്. യുവാവ് ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കളടങ്ങിയ സംഘം ആക്രമിച്ചു തട്ടിക്കൊണ്ടുപോയെന്നും പിന്നീടു കടലിൽ വീണു കാണാതായെന്നുമാണ് നിഗമനം.
 പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻ വീട്ടിൽ മധു–മിനി ദമ്പതികളുടെ മകൻ കിരണിനെയാണ് (ചിക്കു–25) കാണാതായത്. ഫെയ്സ്ബുക് വഴി പരിചയപ്പെട്ട ആഴിമല സ്വദേശിനിയെ കാണാൻ ശനിയാഴ്ച ഉച്ചയ്ക്കാണു കിരൺ ബന്ധുക്കളായ മെൽവിൻ, അനന്തു എന്നിവർക്കൊപ്പം ആഴിമലയിൽ എത്തിയത്.പെൺകുട്ടിയെ വീടിനു സമീപം കണ്ടു മടങ്ങുന്നതിനിടെ സഹോദരൻ ഉൾപ്പെടെ 3 ബന്ധുക്കൾ വാഹനങ്ങളിലെത്തി കിരണിനെയും സുഹൃത്തുക്കളെയും മർദ്ദിച്ച ശേഷം കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റിക്കൊണ്ടുപോയി. ഇടയ്ക്കുവച്ച് സുഹൃത്തുക്കളെ അസഭ്യം പറഞ്ഞു കാറിൽ നിന്നിറക്കിവിട്ടു. മൂത്രശങ്ക മാറ്റാനെന്നു പറഞ്ഞ് ഇടയ്ക്കിറങ്ങിയ കിരൺ കടന്നുകളഞ്ഞെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ കിരണിന്റെ സുഹ‍ൃത്തുക്കളോട് പറഞ്ഞത്.
ആഴിമല കടലിൽ ഒരു യുവാവ് മുങ്ങിപ്പോയതായി വിവരം ലഭിച്ചതിനെത്തുടർന്നു പൊലീസ് സ്ഥലം പരിശോധിച്ചിരുന്നു. അവിടെ പാറക്കൂട്ടങ്ങൾക്കിടയിൽനിന്നു കിട്ടിയ ചെരിപ്പ് കിരണിന്റെയാണെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചു. എന്നാൽ, കിരണിനെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചിരിക്കുകയാണെന്നാണു ബന്ധുക്കൾ ആരോപിക്കുന്നത്. കിരണിനെ ആക്രമിച്ചെന്ന് ആരോപിക്കപ്പെടുന്നവർ ഒളിവിലാണ്.