മയക്കുമരുന്നിന്റെ അധോലോകം മാത്രമല്ല, സമാനതകളില്ലാത്ത ദുരന്തത്തിന്റെ തമോഗർത്തം കൂടി കാത്തിരിപ്പുണ്ട് മരണവേഗത്തിലുള്ള ഈ മത്സരപ്പാച്ചിലുകാരെ. ആരെയും ഞെട്ടിച്ചുകൊണ്ട് പറക്കുന്ന ആളായിരുന്നു നവീൻ (പേര് സാങ്കൽപ്പികം). രണ്ട് വർഷം മുൻപ് വരെ. ഇന്ന് തിരുവനന്തപുരം നഗരത്തിനോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശത്ത് അമ്മാവന്റെ വീടിന്റെ ഒരു മുറിയിൽ കോമയിൽ കിടപ്പാണ് ഈ ഇരുപത്തിമൂന്നുകാരൻ. രണ്ടു വർഷം മുൻപ് നടന്ന ഒരു അപകടമാണ് നവീനെ ഈ അവസ്ഥയിലെത്തിച്ചത്.നവീന്റെ അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചു. അമ്മയ്ക്ക് കൂട്ടായി മകൻ മാത്രമാണുള്ളത്. അമ്മയെ സംരക്ഷിക്കേണ്ട മകൻ പക്ഷേ ഇപ്പോൾ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്. രണ്ട് വർഷം മുൻപ് നടന്ന ഒരു അപകടമാണ് അമ്മയും മകനുമടങ്ങുന്ന കുടുംബത്തിന്റെ സാമ്പത്തിക അടിത്തറയാകെ തകർത്തത്.ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതിനിടെയാണ് നവീൻ അപകടത്തിൽപ്പെട്ടത്. തോളെല്ലിന് പൊട്ടലും ശരീരത്തിൽ മുറിവുമേറ്റിരുന്നു. വണ്ടിയിൽ നിന്ന് വീണപ്പോൾ തലയുടെ പിൻഭാഗം നിലത്തടിച്ചിരുന്നു. പിന്നീട് നവീനിന്റെ ചികിത്സയ്ക്കായി സമ്പാദ്യമായിരുന്ന ഏഴ് സെന്റ് സ്ഥലവും വീടും വിൽക്കേണ്ടി വന്നു. ഇപ്പോൾ അമ്മയുടെ സഹോദരന്റെ വീട്ടിൽ ഒരു മുറിയിലാണ് ഇവരുടെ താമസം.മകന് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത സ്ഥിതിയായപ്പോൾ ജോലിയും നഷ്ടമായി. സഹോദരന്റെ വരുമാനത്തിൽ നിന്നാണ് ഇപ്പോൾ ജീവിതം മുന്നോട്ട് തള്ളിനീക്കുന്നത്. നവീൻ പ്ലസ് ടൂവിന് ശേഷം ഐടിഐയിൽ പഠിക്കുകയും പിന്നീട് ചെറിയ ജോലികൾ ചെയ്ത് വരുന്നതിനുമിടയിലാണ് അപകടത്തിൽപ്പെട്ടത്.ശാരീരികമായി വളരെ ക്ഷയിച്ചുപോയ തങ്ങളുടെ സുഹൃത്തിന്റെ അവസ്ഥ കണ്ടുനിൽക്കാൻ കഴിയാത്തത് കൊണ്ട് തന്നെ സുഹൃത്തുക്കളും വല്ലപ്പോഴും മാത്രമാണ് നവീനിനെ കാണാനെത്തുന്നത്. ബൈക്ക് ഓടിച്ചാണ് നവീൻ അപകടത്തിൽപ്പെട്ടതെങ്കിൽ കാൽനടയായി പോകുന്നവർ പോലും ഇത്തരം അമിത വേഗതയ്ക്ക് ഇരയാകാറുണ്ട്.
🔴മകന്റെ അപകടത്തെ തുടർന്നുണ്ടായ മോശം അവസ്ഥ പുറത്തുള്ളവരെ അറിയിക്കുന്നതിലെ ബുദ്ധിമുട്ട് കാരണമാണ് അവരുടെ യഥാർഥ പേരോ മറ്റ് വിവരമോ പ്രസിദ്ധീകരിക്കാത്തത്
⭕️റോഡിൽ പൊലിഞ്ഞത് ആയിരം കാൽനടയാത്രക്കാരുടെ ജീവൻ
2021 ജൂൺ 20 മുതൽ 2022 ജൂൺ 25 വരെ 8028 കാൽനട യാത്രക്കാർ റോഡപകടത്തിൽപ്പെട്ടതായി മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിയമസഭയിൽ സഭാ സമ്മേളനത്തിനിടെ അറിയിച്ചു.ഈ ഒരു വർഷത്തിനിടെ ആയിരം കാൽനടയാത്രക്കാർ മരണപ്പെട്ടു. സ്വകാര്യ വാഹനങ്ങൾ മൂലമുണ്ടായ അപകടങ്ങൾ 35,476 ആണ്.
ഇത്രയും അപകടങ്ങളിലായി 3292 പേർ മരിച്ചപ്പോൾ 27745 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചരക്ക് ലോറി കാരണം 2798 അപകടങ്ങളുണ്ടായപ്പോൾ 510 പേർ മരിക്കുകയും 2076 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
⭕️അപകടങ്ങൾ കണ്ട് വിമൽ ഫീൽഡ് വിട്ടു
അപകടങ്ങളും മരണങ്ങളും വർദ്ധിക്കുകയും തന്റെ സുഹൃത്തുക്കൾക്ക് പോലും അപകടം കാരണമുണ്ടായ അവസ്ഥ കണ്ട് റാഷ് ഡ്രൈവിങ് എന്ന ശീലവും സോഷ്യൽ മീഡിയയിൽ അത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതും നിർത്തുകയാണ് ട്രാവൽ വ്ളോഗർ കൂടിയായ വിമൽ.പ്രായത്തിന്റെ അറിവുകേട് കൊണ്ടാകാം കൂടുതൽ പേരും അമിതവേഗത ഒരു പാഷനായി കാണുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലുൾപ്പെടെ പതിനായിരകണക്കിന് ഫോളോവേഴ്സുണ്ട് വിമലിന്. രണ്ട് സ്പോർട്സ് ബൈക്കുകളുള്ള വിമൽ തന്റെ ഇൻസ്റ്റഗ്രാം പേജിലിടുന്ന പോസ്റ്റുകൾക്ക് നല്ല റീച്ചും ഉണ്ട്. ഇപ്പോഴിതാ മുൻപ് പോസ്റ്റ് ചെയ്ത റാഷ് ഡ്രൈവിങ് വീഡിയോകൾ ഉൾപ്പെടെ പിൻവലിച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരനിപ്പോൾ.
🔴തന്റെ തീരുമാനത്തെ കുറിച്ച് വിമൽ വിശദീകരിച്ചു:
ഇൻസ്റ്റഗ്രാമിലുൾപ്പെടെ റാഷ് ഡ്രൈവിങ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത് കൂടുതൽ റീച്ച് കിട്ടുകയെന്ന ഉദ്ദേശത്തോടെ മാത്രമാണ്. കൂടുതൽ ഫോളോവേഴ്സിനെ കിട്ടുകയും അതിലൂടെ പബ്ലിസിറ്റിയുണ്ടാകുകയെന്ന ആഗ്രഹം കൊണ്ട് മാത്രമാണ് ഇങ്ങനെ ചെയ്തിരുന്നത്. മറ്റ് ലക്ഷ്യങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. യാത്രകളും ബൈക്കുകളും സംബന്ധിക്കുന്ന വീഡിയോകൾ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുമായിരുന്നു. ഇത് ഇപ്പോൾ പൂർണ്ണമായി നിർത്തിയിട്ടുണ്ട്.
സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ കൂടുതൽ വീഡിയോകൾ ഇടണമെന്ന് ആവശ്യപ്പെടുന്നു. ചില മോഡൽ ബൈക്കുകളുടെ ടോപ്പ് സ്പീഡ് വീഡിയോ ഉൾപ്പെടെ പ്രദർശിപ്പിക്കണം എന്നാണ് ആവശ്യം. ചില മോഡലുകൾ അവർ തന്നെ നിർദ്ദേശിക്കുന്നുണ്ട്. ഇവരിൽ പലരും പിന്നീട് സൂപ്പർ ബൈക്കുകൾ എടുത്ത് ഇത്തരം പ്രവൃത്തികൾ ചെയ്യാനുള്ള പ്രേരണയായി മാറുന്നു എന്ന് മനസ്സിലായി. ഭാവി തലമുറയും ചിന്തിക്കുന്നത് സമാനമായിട്ടാണ് എന്ന് മനസ്സിലായത് ഇത്തരം മെസേജുകൾ കണ്ടപ്പോഴാണ്.
കൂട്ടുകാർക്കും ചില പരിചയക്കാർക്കുമെല്ലാം അപകടം പറ്റിയപ്പോൾ സുഹൃത്ത് എന്ന നിലയിൽ പലരേയും ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റുമൊക്കെ പോയിട്ടുണ്ട്. ഇവർക്ക് ഏറ്റ പരിക്കുകളും അവരുടെ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന ടെൻഷനും വിഷമവും പ്രതികരണവുമെല്ലാം നേരിൽ കണ്ടു. നാളെ സ്വന്തമായി അപകടമുണ്ടായാൽ സ്വന്തം വീട്ടുകാരുടേയും അവസ്ഥ ഇതായിരിക്കുമല്ലോയെന്നും അവർ നമ്മളെ കാത്തിരിക്കുകയായിരിക്കുമല്ലോ എന്നും ചിന്തിച്ചപ്പോഴാണ് റാഷ് ഡ്രൈവിങ് പൂർണ്ണമായി ഒഴിവാക്കാൻ തീരുമാനിച്ചത്.
ആരും ഉപദേശിച്ചിട്ടല്ല ഇങ്ങനെയൊരു തീരുമാനം. കൺമുന്നിൽ കണ്ട ചില അനുഭവങ്ങളാണ് ചിന്തിക്കാൻ പ്രേരണയായി മാറിയത്. ഇപ്പോൾ നിരവധി പേർ മെസേജ് അയക്കുന്നുണ്ട്. അപ്പോൾ കൂടുതൽ ഫോളോവേഴ്സ് ഉള്ളവർക്ക് എത്രത്തോളം മെസേജുകൾ വരുന്നുണ്ടാകാം എന്നും ചിന്തിച്ചു. നേരിൽ കാണുമ്പോൾ പലരും പുകഴ്ത്താറുണ്ട്. സൂപ്പറായിട്ടുണ്ട് ബ്രോ എന്നും അഭിനന്ദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷിച്ചിട്ടുണ്ട്. എന്നാൽ വീട്ടുകാരുടെ കാര്യം ആലോചിച്ചപ്പോൾ അതിലൊന്നുമല്ല ജീവനാണ് വിലയെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.വീട്ടുകാരുടെ പ്രാർഥനയോ അല്ലെങ്കിൽ ഭാഗ്യം കൊണ്ടോ ആകാം രക്ഷപ്പെട്ടത്. എത്ര നന്നായി വാഹനം കൈകാര്യം ചെയ്യുമെന്ന് പറഞ്ഞാലും ചിലപ്പോൾ ഒരു ചെറിയ അശ്രദ്ധയോ അല്ലെങ്കിൽ റോഡിൽ കിടക്കുന്ന ഒരു ചെറിയ കല്ലോ മതി അപകടമുണ്ടാക്കാൻ. അതുപോലെ തന്നെ ഒന്നുമറിയാതെ വഴിയിൽ കൂടി പോകുന്നവരെ പോലും ഇത് ബാധിച്ചേക്കാം എന്ന ചിന്തയും തീരുമാനത്തിന് കാരണമായി. പൊതു നിരത്ത് എല്ലാവർക്കുമുള്ളതാണെന്ന തിരിച്ചറിവുണ്ട്. അപ്പോൾ അവരേയും ഉപദ്രവിക്കുന്ന തരത്തിലാകരുത് നമ്മുടെ പ്രവൃത്തി എന്നതും തീരുമാനമെടുക്കാനുള്ള കാരണമായി.
ഇത്തരമൊരു തീരുമാനമെടുത്ത കാര്യം തുറന്ന് പറയാൻ തീരുമാനിച്ചത് തന്നെ ഫോളോ ചെയ്തിരുന്നവരിൽ നൂറ് പേർ ഇത് കണ്ടിട്ടും അറിഞ്ഞിട്ടും ഒരു അഞ്ച് പേരെങ്കിലും അമിത വേഗതയെന്ന അപകടകരമായ പ്രവണതയിൽ നിന്ന് പിൻതിരഞ്ഞാൽ അത് വലിയ സന്തോഷമാണ്. അതുകൊണ്ടാണ് വേണമെങ്കിൽ എല്ലാം ഡിലീറ്റ് ചെയ്തിട്ട് മിണ്ടാതിരിക്കാമായിരുന്നിട്ടും ഇത് തുറന്ന് പറയാൻ തീരുമാനിച്ചത് നിറ കണ്ണുകളോടെ അമൽ പറഞ്ഞു നിർത്തി