തിരുവനന്തപുരം: ആലംകോട് ചാത്തൻ പറയിലെ കൂട്ടമരണത്തിൽ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ പൊലീസ് രാസപരിശോധനയ്ക്ക് അയച്ചു. മരണത്തിന് കാരണമായ വിഷപദാർത്ഥം കൃത്യമായി തിരിച്ചറിയനായാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. കുടുംബവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരിൽ നിന്ന് പൊലീസ് വിവരം ശേഖരിക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കൂട്ടമരണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ഇന്നലെയാണ് കല്ലമ്പലം ചാത്തമ്പറയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമേയ, അജേഷ്, മണിക്കുട്ടന്‍റെ അമ്മയുടെ സഹോദരി ദേവകി എന്നിവരാണ് മരിച്ചത്.ഇന്നലെ രാവിലെ ആറ് മണിയോടെയാണ് കൂട്ടമരണ വിവരം പുറംലോകം അറിയുന്നത്. മണിക്കൂട്ടനെ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവരുടെ മൃതദേഹങ്ങൾ നിലത്ത് കിടക്കുന്ന രീതിയിലുമായിരുന്നു. ദേവകിയുടെ മൃതദേഹം മുൻ വശത്തെ മുറിയിലായിരുന്നു. ഈ മുറിയിലായിരുന്നു മണിക്കുട്ടൻറെ അമ്മ വാസന്തിയും കിടന്നിരുന്നത്. മണിക്കുട്ടന്‍റെ തട്ടുകടയിലെ ജീവനക്കാരൻ കട തുറക്കാനായി താക്കോൽ വാങ്ങനെത്തിയപ്പോള്‍ അമ്മ വാസന്തിയാണ് വാതിൽ തുറന്നത്. മണിക്കുട്ടനെ വിളിച്ചിട്ടും കിടപ്പുമുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.