ശ്രീലങ്കയിൽ ‍സ‍ര്‍ക്കാര്‍ രൂപീകരണത്തിനായി ചര്‍ച്ചകൾ തുടരുന്നു, കൊളംബോയിൽ രണ്ടരലക്ഷം പ്രക്ഷോഭകര്‍

കൊളംബോ: ജനകീയ പ്രക്ഷോഭത്തിൽ മുങ്ങിയ ശ്രീലങ്കയിൽ രണ്ടു ദിവസമായിട്ടും പിരിഞ്ഞു പോകാൻ തയാറാകാതെ സമരക്കാർ. പ്രസിഡൻ്റും പ്രധാനമന്ത്രിയും രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ സമാധാനപരമായി പിരിഞ്ഞു പോകണമെന്ന് പ്രക്ഷോഭകരോട് സൈനിക മേധാവി അഭ്യർത്ഥിച്ചു. ഇപ്പോഴത്തെ സ്പീക്കർ മഹിന്ദ അബേയവർധനെ ലങ്കയുടെ താത്കാലിക പ്രസിഡൻ്റായി ഈ ആഴ്ച തന്നെ അധികാരമേൽക്കും.രണ്ടു ദിവസമായിട്ടും പിരിഞ്ഞു പോകാൻ തയ്യാറാവാതെ കൊളംബോ നഗരത്തിൽ തുടരുകയാണ് രണ്ടര ലക്ഷത്തോളം പ്രക്ഷോഭകർ. പ്രസിഡൻ്റും പ്രധാനമന്ത്രിയും രാജി പ്രഖ്യാപിക്കുകയും  പുതിയ സർവകക്ഷി സർക്കാരിനായി ചർച്ചകൾ തുടങ്ങുകയും ചെയ്തു. അതിനാൽ ഇനി പ്രശ്നം ഉണ്ടാക്കാതെ  പിരിഞ്ഞു പോകണമെന്ന് സമരക്കാരോട് സംയുക്ത സൈനിക മേധാവി ജനറൽ ഷാവേന്ദ്ര ഡിസിൽവ അഭ്യർത്ഥിച്ചു.പ്രധാനമന്ത്രിയും പ്രസിഡൻ്റും രാജി കത്ത് നൽകിയാൽ വെള്ളിയാഴ്‌ചയോ ശനിയാഴ്ചയോ പാർലമെൻ്റ് ചേർന്നേക്കും. സ്പീക്കർ മഹിന്ദ അബേയവർധനെ ഒരു മാസത്തേയ്ക്ക് താത്കാലിക പ്രസിഡൻ്റായി അധികാരമേൽക്കും. ഒരു മാസത്തിനു ശേഷം എല്ലാ പാർട്ടികൾക്കും പ്രാതിനിധ്യമുള്ള സർക്കാരിനെയുംപുതിയ പ്രസിഡൻ്റിനേയും തെരഞ്ഞെടുക്കും എന്നുമാണു ഇപ്പോഴത്തെ ധാരണ. പുതിയ മന്ത്രിസഭയ്ക്ക് വഴിയൊരുക്കാനായി നിരവധി മന്ത്രിമാർ ഇന്ന് രാജിവച്ചു. രാജ്യത്ത് ഇന്ധന, പാചകവാതക വിതരണം പുനരാരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. അടുത്ത കുറച്ചു ദിവസത്തേയ്ക്ക് വേണ്ട ഇന്ധനവും ധന്യങ്ങളും തുറമുഖത്ത് എത്തിയതായും സർക്കാർ വക്താവ് പറഞ്ഞു. ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച 67 തമിഴ് വംശജ്ഞരെ തടഞ്ഞു തിരിച്ചയച്ചതായി ലങ്കൻ നാവികസേന  അറിയിച്ചു. ലങ്കയിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും അന്താരാഷ്ട്ര വായ്പയ്ക്കുള്ള ചർച്ചകൾ പുനരാരംഭിക്കാൻ കഴിയുമെന്നും ഐഎംഎഫ് പ്രതീക്ഷ പ്രകടിപ്പിച്ചു.