അട്ടപ്പാടി: കാവുണ്ടിക്കല്ലിൽ യുവതിയെ കാട്ടാന ചവിട്ടി കൊന്നു. ഇഎംഎസ് കോളനി ശിവരാമന്റെ ഭാര്യ മല്ലീശ്വരിയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ വീടിനു പുറത്തെ ടോയ്‌ലെറ്റിൽ പോകാൻ ഇറങ്ങിയപ്പോഴാണ് ആന ആക്രമിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ പ്രദേശത്ത് നാല് ആനകളുടെ കൂട്ടം എത്തിയതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം ജനവാസ മേഖലയിലിറങ്ങിയ ആനയെ വനം പരിപാലകര്‍ കാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. എന്നാല്‍ ആന ഉള്‍ക്കാട്ടിലേക്ക് മടങ്ങിയിരുന്നില്ല. ഇന്ന് പുലര്‍ച്ചെ വീണ്ടും ഇറങ്ങുകയായിരുന്നു.മല്ലീശ്വരിയുടെ മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് ഒരുമാസത്തിനിടെ മൂന്ന് പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പട്ടത്. രണ്ടാഴ്ചയ്ക്ക് മുമ്പ് കണ്ണൂര്‍ ആറളം ഫാമില്‍ കര്‍ഷകനായ ദാമു കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നാഴ്ച മുമ്പ് പ്രഭാതസവാരിക്കിറങ്ങിയ പാലക്കാട് ധോണി സ്വദേശി ശിവരാമനെ ചവിട്ടിക്കൊന്നിരുന്നു.