വിജയ് ബാബുവിന് ആശ്വാസം,ഹർജിയിലെ ആവശ്യം നിരാകരിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനു മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടുന്നില്ലെന്നു സുപ്രീം കോടതി.എന്നാല്‍ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിനു ഹൈക്കോടതി വച്ച നിബന്ധനകള്‍ സുപ്രീം കോടതി നീക്കി.

ജൂലൈ മൂന്നു വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതു നീക്കം ചെയ്ത സുപ്രീം കോടതി ആവശ്യമെങ്കില്‍ പൊലീസിനു തുടര്‍ന്നും ചോദ്യം ചെയ്യാവുന്നതാണെന്ന് വ്യക്തമാക്കി.

വിജയ് ബാബു തെളിവു നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും ഒരു തരത്തിലും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, ജെ കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ അവധിക്കാല ബെഞ്ച് ഉത്തരവിട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിനും വിലക്കുണ്ട്. വിജയ് ബാബുവിനു മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരും നടിയുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വിദേശത്തേക്കു പോയ വിജയ് ബാബു നടിയുടെ പേരു വെളിപ്പെടുത്തിയതായി സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത പറഞ്ഞു. ദുബൈയിലേക്കു പോയ വിജയ് ബാബു അവിടെ നിന്നു ജോര്‍ജിയയിലേക്കു കടന്നു. പാസ്‌പോര്‍ട്ട് കണ്ടുകെട്ടും എന്ന് അറിയിച്ചപ്പോഴാണ് ദുബൈയില്‍ തിരിച്ചെത്തിയത്. ഇത്തരമൊരു കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയത് അംഗീകരിക്കാനാവാത്തതാണെന്ന് ഗുപ്ത വാദിച്ചു.

സിനിമാ രംഗത്തെ സ്വാധീനമുള്ളയാളാണ് പ്രതി. ജാമ്യം നല്‍കിയതിലൂടെ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രതിക്കാവും. നിര്‍ണായകമായ വാട്ടസ്‌ആപ്പ് സന്ദേശങ്ങള്‍ ഇതിനകം തന്നെ പ്രതി നശിപ്പിച്ചതായി ഗുപ്ത ചൂണ്ടിക്കാട്ടി. പൊലീസിന് ആ സന്ദേശങ്ങള്‍ തിരിച്ചെടുക്കാനാവുമല്ലോയെന്ന് കോടതി പ്രതികരിച്ചു. പ്രതി തന്നെ തനിക്കെതിരായ തെളിവുകള്‍ നല്‍കണമെന്നു പറയാനാവില്ലല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടു.

മറ്റൊരു രാജ്യത്തേക്കു കടന്നയാള്‍ക്കാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയിരിക്കുന്നതെന്ന് നടിക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത് ചൂണ്ടിക്കാട്ടി. അവിടെനിന്ന് കുറ്റവാളി കൈമാറ്റ കരാര്‍ പോലും ഇല്ലാത്ത രാജ്യത്തേക്കു കടക്കാനാണ് ശ്രമിച്ചത്. വിദേശത്തു പോയി നടിയുടെ പേരു വെളിപ്പെടുത്തുകയാണ് പ്രതി ചെയ്തത്. ഇതു ഭീഷണിപ്പെടുത്തലാണ്. ലൈംഗിക ബന്ധം ഉഭയ സമ്മതപ്രകാരം അല്ലായിരുന്നെന്ന് നടി പറഞ്ഞിട്ടുണ്ട്. സിനിമയില്‍ തുടക്കക്കാരിയാണ് നടിയെന്നും ബസന്ത് പറഞ്ഞു.