ഒർജിനലിനെ വെല്ലുന്ന ഫോട്ടോസ്റ്റാറ്റ് ലോട്ടറികൾ; വഞ്ചിതരായി കച്ചവടക്കാര്‍

കോഴിക്കോട്: സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റിൻ്റെ ഒർജിനലിനെ വെല്ലുന്ന ഫോട്ടോസ്റ്റാറ്റുമായെത്തി വിൽപ്പനക്കാരിൽ നിന്നും പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാകുന്നു. 500 രൂപ മുതൽ 5,000 രൂപ വരെ സമ്മാനതുകയുള്ള ടിക്കറ്റുകളുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്താണ് തട്ടിപ്പ് നടത്തുന്നത്. ടിക്കറ്റിലെ നമ്പർ മാത്രം ഒത്തു നോക്കി പണം നൽകുന്ന ചില്ലറ - മൊത്ത വ്യാപാരികളാണ് ഫോട്ടോസ്റ്റാറ്റ് ടിക്കറ്റുകളിൽ കുടുതലായി വഞ്ചിതരാകുന്നത്. കച്ചവടക്കാർ ലോട്ടറി ഓഫീസിൽ എത്തി ടിക്കറ്റ് നൽകുമ്പോൾ മാത്രമെ അബദ്ധം തിരിച്ചറിയുന്നുള്ളൂ. വടകരയിൽ ഇത്തരത്തിൽ ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് വരെ പണം നഷ്ടപ്പെട്ട ലോട്ടറി വിതരണക്കാരുണ്ട്. ഫോട്ടോസ്റ്റാറ്റ് ലോട്ടറി നൽകി വഞ്ചിച്ചവർക്കെതിരെ കേസും ഇവർ നടത്തുന്നുണ്ട്. എന്നാലും തട്ടിപ്പുകൾക്ക് കുറവില്ലെന്നാണ് ലോട്ടറി സ്റ്റാൾ ഉടമകൾ പറയുന്നത്. ലോട്ടറി ടിക്കറ്റിൻ്റെ പേപ്പറിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയാൽ മാത്രമെ ഈ തട്ടിപ്പിന് പരിഹാരം കാണാനാകൂവെന്ന് ഇവർ പറയുന്നു. 

ഗുണനിലവാരമുള്ള കളർ ഫോട്ടോസ്റ്റാറ്റുകൾ ലഭ്യമാകുന്നതാണ് ഒർജിനലും ഡ്യൂപ്ലിക്കേറ്റും തിരിച്ചറിയാൻ പ്രയാസമുണ്ടാക്കുന്നത്. ലോട്ടറിയിലെ ബാർകോഡ് സ്കാൻ ചെയ്താൽ മാത്രമെ ഈ ലോട്ടറി ഒർജിനലാണെന്ന് ഉറപ്പിക്കാനാകൂ. ഇതിന് ലോട്ടറി ചില്ലറ വിൽപ്പന വ്യാപാരികൾക്ക് സംവിധാനവും ഉണ്ടാകില്ല. ഇതാണ് തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുന്നത്. ഫോട്ടോസ്റ്റാറ്റ് പേപ്പറിനേക്കാൾ ഗുണമേന്മയും വ്യത്യസ്തവുമായ പേപ്പറിൽ ലോട്ടറി പ്രിൻ്റ് ചെയ്ത് ഇറക്കിയാൽ വലിയൊരു അളവിൽ തട്ടിപ്പുക്കാരെ ഇല്ലാതാക്കാനാകുമെന്നും ലോട്ടറി വിതരണക്കാർ പറയുന്നു.ഈ വർഷത്തെ തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്.  കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭാഗ്യക്കുറി സമ്മാനതുകയായ 25 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 12 കോടിയായിരുന്നു തിരുവോണം ബമ്പറിന്റെ സമ്മാനത്തുക. സെപ്റ്റംബറില്‍ ആകും നറുക്കെടുപ്പ് നടക്കുക. സമ്മാനത്തുക വർദ്ധിക്കുന്നതോടൊപ്പം തന്നെ ടിക്കറ്റ് വിലയിലും വ്യത്യാസമുണ്ട്.  500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം വരെ 300 രൂപയായിരുന്നു വില. ടിക്കറ്റ് വില കൂടിയെങ്കിലും സമ്മാനത്തുക വലിയ ആകർഷണഘടകമാകും എന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. ഓണം ബമ്പറിന് റെക്കോർഡ് സെയിലാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇതുവഴി നികുതിയേതര വരുമാനത്തിൽ വളർച്ചയും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.