നാലാം തവണയും ഹാജരായില്ല; നൂപുർ ശർമ്മയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടിസ്

പ്രവാചക നിന്ദയുടെ പേരിൽ പാർട്ടിയിൽനിന്നു സസ്‌പെൻഡ് ചെയ്യപ്പെട്ട മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടിസുമായി കൊൽക്കത്ത പൊലീസ്. നാലാം തവണയും പൊലീസിന് മുന്നിൽ ഹാജരാവാതിരുന്നതിനെ തുടർന്നാണ് നടപടി.രണ്ടു പൊലീസ് സ്റ്റേഷനുകളിൽ നിന്നായി നാല് സമൻസുകൾ നൂപുറിന് ലഭിച്ചു. സ്റ്റേഷനിൽ ഹാജരാകാൻ അയച്ച സമൻസുകൾക്കൊന്നും നൂപുർ മറുപടി നൽകിയില്ല. കൊൽക്കത്ത സ്റ്റേഷനിൽ ഹാജരായാൽ ആരെങ്കിലും ആക്രമിച്ചേക്കാമെന്നും സുരക്ഷാ ഭീഷണി ഉണ്ടെന്നും നുപുർ പറഞ്ഞു. പൊലീസ് ഓഫിസർമാർക്കു മുൻപിൽ ഹാജരാവാൻ നാലു മാസത്തെ സാവകാശമാണു നൂപുർ ചോദിച്ചിട്ടുള്ളത്.
ടിവി ചർച്ചയ്ക്കിടെ പ്രവാചകനെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ നൂപുർ ശർമ്മയ്ക്കെതിരെ സുപ്രീം കോടതി കഴിഞ്ഞദിവസം അതിരൂക്ഷ വിമർശനമുയർത്തി. ‘‘അവരുടെ വിടുവായത്തം രാജ്യമാകെ തീപടർത്തി. ഇപ്പോൾ നടക്കുന്നതിനെല്ലാം അവർ ഒറ്റയാളാണ് ഉത്തരവാദി’’ – ജഡ്ജിമാരായ സൂര്യകാന്ത്, ജെ.ബി.പർദിവാല എന്നിവർ ചൂണ്ടിക്കാട്ടി.
പരാമർശങ്ങൾക്കെതിരെ വിവിധ സ്ഥലങ്ങളിൽ റജിസ്റ്റർ ചെയ്ത കേസുകൾ ഒന്നിച്ചു പരിഗണിക്കണമെന്ന നൂപുറിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വാക്കാലുള്ള വിമർശനം.