മണിചെയിൻ തട്ടിപ്പുകളിലൂടെ നിരവധി ആളുകൾ കബളിക്കപ്പെടുന്നതായും, പണം നഷ്ടമാകുന്നതായും പരാതികൾ ലഭിക്കുന്നു.
മൾട്ടി ലെവൽ മാർക്കറ്റിങ്ങ്, പിരമിഡ് സ്ട്രക്ചർ, ചെയിൻ മാർക്കറ്റിങ്ങ് തുടങ്ങി തട്ടിപ്പുകാർ ഉപയോഗിച്ചിരുന്ന പരമ്പരാഗത പേരുകൾ മറച്ചുവെച്ച്, ഇൻഫർമേഷൻ ടെക്നോളജി, ഓർഗാനിക് കൃഷി, ടൂറിസം, ഹോസ്പിറ്റാലിറ്റി, ആരോഗ്യസേവനം തുടങ്ങിയവയാണ് കമ്പനികൾക്ക് തട്ടിപ്പുകാർ നൽകുന്ന പേരുകൾ. ഇതിനായി ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും രജിസ്ട്രേഷനും സംഘടിപ്പിക്കും. നിക്ഷേപകരെ ആകർഷിക്കുവാൻ ആധുനിക ഓഫീസ്, പലതരം ചിത്രങ്ങളും വീഡിയോയും ഉൾക്കൊള്ളുന്ന വെബ്സൈറ്റ് തുടങ്ങിയവ സജ്ജമാക്കും. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും രജിസ്റ്റർ ചെയ്ത ഇടപാടുകൾ ആയിരിക്കുകയില്ല ഇത്തരക്കാർ നടത്തുന്നത്.
തട്ടിപ്പു കമ്പനികളെ എങ്ങിനെ തിരിച്ചറിയാം ?
വൻ ഹോട്ടലുകളിലും, ആഢംബര റിസോർട്ടുകളിലുമായിരിക്കും ഇത്തരക്കാർ ആളുകളെ ചേർക്കാനുള്ള യോഗങ്ങൾ വിളിച്ചു ചേർക്കുന്നത്. താരതമ്യേന നല്ല വിദ്യാഭ്യാസമുള്ളവരും, മികച്ച കുടുംബാന്തരീക്ഷമുള്ളവരുമായിരിക്കും ഇത്തരം തട്ടിപ്പുകളിൽ ആദ്യം ചെന്നു ചാടുന്നത്.
അവർ മുഖാന്തിരം ബന്ധുക്കളും, സുഹൃത്തുക്കളും ഇതിലേക്ക് ക്ഷണിക്കപ്പെടും. കമ്പനിയിൽ പങ്കാളികളാക്കുകയും വൻ തുക ലാഭവിഹിതം ഉറപ്പുനൽകുകയാണ് തട്ടിപ്പുകാരുടെ രീതി.
പണം നിക്ഷേപിച്ചാൽ ലഭിക്കുന്ന വരുമാന രീതികളെക്കുറിച്ച് വീഡിയോകളും, ചിത്രങ്ങളും പ്രദർശിപ്പിക്കും. മാത്രവുമല്ല കമ്പനി നടത്തിപ്പിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ച് പണിതുയർത്തിയ ആഢംബര വീടും, മുന്തിയ ഇനം കാറുകളും ഇവർ കാണിച്ചുകൊടുക്കും.
സമൂഹ മാധ്യമങ്ങളിലും ഇത്തരക്കാർ സജീവമായിരിക്കും. ഇവരുടെ മോഹവാഗ്ദാനങ്ങളിൽ വിശ്വസിച്ചുകൊണ്ട് അതിവേഗത്തിൽ പണക്കാരാകാം എന്ന മിഥ്യാ ധാരണയിലാണ് ഇത്തരം കമ്പനികളിൽ ആളുകൾ പണം നിക്ഷേപിക്കുന്നത്.
നിങ്ങളുടെ പണം നിക്ഷേപിക്കുകയാണെങ്കിൽ ബാങ്കുകളും, അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന പലിശയേക്കാൾ അമിതാദായം വാഗ്ദാനം ചെയ്യുന്ന നിക്ഷേപരീതികളിൽ കരുതലോടെ മാത്രം ഇടപെടുക. നിങ്ങൾ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം സുരക്ഷിതമാക്കേണ്ട ഏറ്റവും വലിയ ഉത്തരവാദിത്വം നിങ്ങളുടേതു മാത്രമാണ്.
നിക്ഷേപകരെ ആകർഷിക്കുന്നതിനായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന മോഹന വാഗ്ദാനങ്ങളിൽ ചെന്നു ചാടരുത്.
നിക്ഷേപകർ പണം നിക്ഷേപിക്കുകയും, പിന്നീട്, നിക്ഷേപകരോടു തന്നെ അംഗങ്ങളെ ചേർക്കുന്നതിനും അവരിൽ നിന്നും പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് മണിചെയിൻ ബിസിനസുകളുടെ പൊതു സ്വഭാവം. ഇത്തരത്തിൽ നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കുമ്പോൾ അവരുടെ പണം നഷ്ടപ്പെടാൻ ഇടവരുത്തുന്നതിന് നിങ്ങളും ഉത്തരവാദിയായേക്കാം.
മണിചെയിൻ ബിസിനസുകളിൽ ആദ്യം പണം നിക്ഷേപിക്കുന്ന ഏതാനും ആളുകൾക്ക് വളരെ വലിയ തുക ആദായമായി കൊടുത്തേക്കാം. തട്ടിപ്പു പദ്ധതിയിലേക്ക് മറ്റുള്ളവരെ ആകർഷിക്കുന്നതിനുവേണ്ടിയാണ് ഇത് എന്ന് മനസ്സിലാക്കുക.
തട്ടിപ്പിനിരയാകുന്നവർ നാണക്കേട് ഭയന്ന് പരാതി നൽകുന്നതിന് വിമുഖത കാണിക്കുമ്പോഴാണ് തട്ടിപ്പുകാർ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത്.
മണിചെയിൻ, പിരമിഡ് തരത്തിലുള്ള നിക്ഷേപ തട്ടിപ്പുകളിൽ ഇരകളാകാതിരിക്കാൻ സ്വയം ഒഴിഞ്ഞു നിൽക്കുക. ഇത്തരത്തിൽ സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകുക.
മണിചെയിൻ ബിസിനസ്സുകളിൽ പണം സ്വീകരിക്കുന്നത് 1978ലെ പ്രൈസ് ചിട്ട് & മണി സർക്കുലേഷൻ നിയമപ്രകാരം കുറ്റകരമാണെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. (ലിങ്ക് ഇവിടെ നൽകുന്നു https://www.rbi.org.in/commonman/Upload/English/PressRelease/PDFs/IEPR1383PMO0115.pdf)