സുഹൃത്തിനൊപ്പം രാത്രി ബീച്ചിൽ, രാവിലെ കാണാതായി; 9 കിലോമീറ്റർ അകലെ അമലിന്റെ മൃതദേഹം

ആലപ്പുഴ:
കാട്ടൂര്‍ ബീച്ചില്‍ കാണാതായി മരിച്ച കുമരകം സ്വദേശിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുബം. സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ഇല്ലെന്ന കാരണം പറഞ്ഞ് പൊലീസ് അന്വേഷണം എങ്ങുമെത്തുന്നില്ല. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുബം.കഴിഞ്ഞ മാസം 29നാണ് കുമരകം ആപ്പിത്തറ സ്വദേശിയായ അമലിനെ കാട്ടൂര്‍ ബീച്ചില്‍വച്ച് കാണാതാവുകയും മൂന്നു ദിവസങ്ങള്‍ക്കു ശേഷം 9 കിലോമീറ്റര്‍ മാറി മംഗലം ബീച്ചില്‍ വച്ച് മൃതദേഹം കണ്ടെത്തുകയും ചെയ്തു . സുഹൃത്തിനൊപ്പം രാത്രി 12:30 യോടെ മാരാരിക്കുളം ബീച്ചിലേക്ക് പോയ ഇരുവരും വഴി തെറ്റിയെത്തിയത് കാട്ടൂര്‍ ബീച്ചിലാണ്. വെളുപ്പിന് ഒന്നരയോടെ കടലിലിറങ്ങി കുളിച്ച അമല്‍ കരയില്‍ കിടന്നുറങ്ങുകയും വെളുപ്പിനെ ആറു മണിയോടെ കാണാതായെന്നുമാണ് എഫ്ഐആര്‍.
മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. മൃതദേഹം കരയ്ക്കെത്തിക്കുമ്പോള്‍ പൊലീസുദ്യോഗസ്ഥരടക്കം സംശയം പറഞ്ഞിരുന്നെങ്കിലും തെളിവില്ലെന്നു പറഞ്ഞ് അന്വേഷണം എങ്ങുമെത്തിയില്ലെന്നും കുടുബം പറയുന്നു. കൊലപാതകമാണോ അപകടമാണോ എന്നതില്‍ വ്യക്തത വരണം. കേസില്‍ ക്രൈബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുബം.