ഫയല്‍ തീര്‍പ്പാക്കല്‍ ഞായറാഴ്ച:വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി 70 ശതമാനത്തോളം ജീവനക്കാര്‍ ഹാജരായി

തിരുവനന്തപുരം; സര്‍ക്കാര്‍ ജീവനക്കാര്‍ക്കിന്ന് ഫയൽ തീര്‍പ്പാക്കൽ ഞായര്‍. സെക്രട്ടേറിയറ്റിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലുമായി എഴുപത് ശതമാനത്തോളം ജീവനക്കാരും ഫയൽ തീര്‍പ്പാക്കൽ യജ്ഞത്തിൽ പങ്കാളികളായെന്നാണ് കണക്ക്. സെക്രട്ടേറിയറ്റിലെ 44 വകുപ്പുകളിലായി പ്രതിമാസം ഉണ്ടാകുന്നത് ശരാശരി 20000 ഫയൽ. കെട്ടിക്കിടക്കുന്ന ഫയലുകൾ തീരാ പ്രശ്നമായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. ജൂൺ 15ന് തുടങ്ങിയ ഫയൽ തീര്‍പ്പാക്കൽ യജ്ഞത്തിന് സെപ്തംബര്‍ 30 ന് ഡെഡ് ലൈൻ. മാസത്തിലൊരു അവധി ദിവസം പ്രവര്‍ത്തി ദിനം ആക്കണമെന്ന് നിര്‍ദ്ദേശമുയര്‍ന്നു . പൊതു ഭരണ വകുപ്പ് നിര്‍ദ്ദേശമനുസരിച്ച് സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്ന ഫയലുകൾ തീര്‍പ്പാക്കാൻ മാത്രം ജീവനക്കാര്‍ ഓഫീസിലെത്തി.പ്രധാന വകുപ്പുകൾ ഓഗസ്റ്റ് 22 നകം ഓൺലൈൻ സര്‍വ്വീസിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പഞ്ചായത്ത് റവന്യു ഓഫീസുകളിലും നഗരസഭകളിലുമെല്ലാം ഞായറാഴ്ച പ്രവര്‍ത്തിദിനം ആണ്.  രണ്ടാഴ്ച കൂടുമ്പോൾ വകുപ്പ് തലത്തിലും മാസത്തിൽ ഒരിക്കൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ തലത്തിലും ഫയൽ തീര്‍പ്പാക്കാൽ അവലോകനം നടന്നാനാണ് തീരുമാനം. അതാത് വകുപ്പുകളിൽ മന്ത്രിമാരും പ്രവര്‍ത്തനങ്ങൾ വിലയിരുത്തും.