കല്ലമ്പലം ആലങ്കോട് ചാത്തൻപാറയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്. അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്തിരിക്കുന്നതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും റൂറൽ എസ്.പി. ദിവ്യാ ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഗൃഹനാഥന്റെ മൃതദേഹം തൂങ്ങിനിൽക്കുന്നനിലയിലായിരുന്നു. മറ്റുള്ളവരുടെ മൃതദേഹങ്ങൾ കട്ടിലിലും നിലത്തുമായിരുന്നു. വീട്ടിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും എസ്.പി. പറഞ്ഞു.
ചാത്തൻപാറ ജങ്ഷനിൽ തട്ടുകട നടത്തുന്ന മണിക്കുട്ടൻ(52) ഭാര്യ സന്ധ്യ, മക്കളായ അജീഷ്(15) അമേയ (13) മണിക്കുട്ടന്റെ മാതൃസഹോദരി ദേവകി എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മണിക്കുട്ടനെ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവരെ വിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിലുമാണ് കണ്ടത്. മണിക്കുട്ടന്റെ അമ്മ വീടിന്റെ പുറത്തെ മുറിയിലുണ്ടായിരുന്നെങ്കിലും ഇവർ സംഭവം അറിഞ്ഞിരുന്നില്ല.
രാവിലെ തട്ടുകടയിലെ ജോലിക്കാരനായ ഷംനാദ് മണിക്കുട്ടന്റെ വീട്ടിലെത്തിയിരുന്നു. കടയുടെ താക്കോൽ വാങ്ങാനാണ് ഇവർ വന്നത്. പുറത്തെ മുറിയിലായിരുന്ന അമ്മയാണ് വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുനൽകിയത്. തുടർന്ന് അമ്മ അകത്തെ മുറിയിൽച്ചെന്ന് മണിക്കുട്ടനെ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. ഇതോടെ ജോലിക്കാരനും മണിക്കുട്ടന്റെ ജ്യേഷ്ഠന്റെ മകനും വീടിനകത്തുകടന്ന് വാതിൽ ചവിട്ടിപ്പൊളിച്ചു. അപ്പോഴാണ് മണിക്കുട്ടനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ചൊവ്വാഴ്ച തട്ടുകടയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനയ്ക്കെത്തിയെന്നും കട അടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നതായും ജോലിക്കാരനായ ഷംനാദ് പറഞ്ഞു. 'കട വൃത്തിയാക്കിയിട്ട് തുറന്നാൽ മതിയെന്നാണ് അവർ പറഞ്ഞത്. പിഴയായി 5000 രൂപയും ചുമത്തി. തിരുവനന്തപുരത്ത് പോയി എല്ലാം ശരിയാക്കിയെന്നാണ് മണിക്കുട്ടൻ പറഞ്ഞത്. പിഴയും അടച്ചിരുന്നു. ഇന്ന് രാവിലെ കട തുറക്കാൻ തീരുമാനിച്ചിരുന്നതാണ്. രാവിലെ താക്കോൽ വാങ്ങാൻ വന്നപ്പോൾ അമ്മയാണ് കതക് തുറന്നത്. മണിക്കുട്ടനെ വിളിച്ചിട്ട് കതക് തുറന്നില്ല. തുടർന്ന് കതക് ചവിട്ടിത്തുറന്നപ്പോൾ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ഇതോടെ കതകടച്ചു അമ്മയെ സമീപത്തെ ബന്ധുവീട്ടിലേക്ക് മാറ്റി'- ഷംനാദ് പറഞ്ഞു.
അഞ്ച് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.