ഉറക്കത്തിൽ എഴുന്നേറ്റ് നടന്നു, 43 പവൻ സ്വർണാഭരണം ചവറ്റുകുട്ടയിലെറിഞ്ഞ് യുവതി

ചെന്നൈയിൽ 35 -കാരിയായ യുവതി തന്റെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞു. വിഷാദരോഗവും, ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സ്വഭാവവുമുണ്ട് യുവതിയ്ക്ക്. തിങ്കളാഴ്ച പുലർച്ചെയാണ് ഉറക്കത്തിൽ എഴുന്നേറ്റ് നടന്ന യുവതി അടുത്തുള്ള എടിഎമ്മിനുള്ളിലെ ചവറ്റുകുട്ടയിൽ സ്വർണ്ണാഭരണം സൂക്ഷിച്ച ബാഗ് ഉപേക്ഷിച്ചത്. സ്ഥലത്തെ സിസിടിവി പരിശോധിച്ചതിനെ തുടർന്നാണ് പൊലീസ് ആഭരണങ്ങൾ കണ്ടെടുത്തത്. ബാഗിനുള്ളിൽ 43 പവൻ സ്വർണ്ണമുണ്ടായിരുന്നു.കാഞ്ചീപുരം ജില്ലയിലെ കുന്ദ്രത്തൂർ മുരുകൻ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ ഒരു സ്വകാര്യ ബാങ്കും എടിഎം കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരൻ ജൂലൈ 5 -ന് രാവിലെ എടിഎം പരിസരത്ത് വന്നപ്പോൾ ചവറ്റുകുട്ടയിൽ ഒരു തുകൽ ഹാൻഡ്‌ബാഗ് കിടക്കുന്നത് കണ്ടു. ബാഗ് തുറന്നപ്പോൾ അതിനകത്ത് ആഭരണങ്ങൾ കണ്ട് അദ്ദേഹം ഞെട്ടി. ഉടനെ തന്നെ അദ്ദേഹം സംഭവം ബാങ്ക് മാനേജരെ അറിയിച്ചു. തുടർന്ന് കുന്ദ്രത്തൂർ പൊലീസിൽ വിവരം അറിയിക്കുകയും കുന്ദ്രത്തൂർ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകുകയും ചെയ്തു. പിന്നാലെ ഇൻസ്പെക്ടർ ചന്ദ്രുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി ആഭരണങ്ങൾ ശേഖരിച്ചു. ഇതാരുടേതാണ് എന്നറിയാനുള്ള അന്വേഷണമായിരുന്നു പിന്നീട്.    എടിഎം സെന്ററിലെ സിസിടിവി ദൃശ്യങ്ങളിൽ ഒരു യുവതി അകത്തു കടക്കുന്നതും ബാഗ് ചവറ്റുകുട്ടയിൽ വലിച്ചെറിയുന്നതും പൊലീസ് കണ്ടു. ഇതിനിടെ യുവതിയുടെ മാതാപിതാക്കൾ തന്റെ മകളെ പുലർച്ചെ നാല് മണി മുതൽ വീട്ടിൽ നിന്ന് കാണാനില്ലെന്ന വിവരം പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, രാവിലെ ഏഴ് മണിയോടെ മകൾ വീട്ടിൽ തിരിച്ചെത്തിയതായി ദമ്പതികൾ അവകാശപ്പെട്ടു. സംശയം തോന്നിയതിനെ തുടർന്ന് യുവതിയുടെ മാതാപിതാക്കൾക്ക് പൊലീസ് സിസിടിവി ദൃശ്യങ്ങൾ കാണിച്ച് കൊടുത്തു. ഇതോടെ അതിൽ കാണുന്നത് തങ്ങളുടെ മകളാണെന്ന് അവർ സ്ഥിരീകരിച്ചു. രണ്ടും ഒരാളാണെന്ന് ബോധ്യപ്പെട്ടതോടെ വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കൾ എന്തെങ്കിലും കാണാതായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ദമ്പതികളോട് പൊലീസ് ആവശ്യപ്പെട്ടു.നോക്കുമ്പോൾ വീട്ടിലുള്ള ആഭരണങ്ങൾ കാണാനില്ലായിരുന്നു. 43 പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ മകൾ ചവറ്റുകുട്ടയിൽ എറിഞ്ഞുവെന്ന് പൊലീസ് മാതാപിതാക്കളോട് പറഞ്ഞു. ഇതുകേട്ട മാതാപിതാക്കൾക്ക് കാര്യം പിടികിട്ടി. തങ്ങളുടെ മകൾ അസുഖമുള്ള ആളാണെന്ന് പൊലീസിനോട് അവർ പറഞ്ഞു. അവൾക്ക് ഉറക്കത്തിൽ നടക്കുന്ന സ്വഭാവമുണ്ട് എന്നും, കഴിഞ്ഞ കുറച്ച് മാസങ്ങളായി വിഷാദാവസ്ഥയിലാണെന്നും, അതിനെ തുടർന്ന് ഇപ്പോൾ ചികിത്സയിലാണെന്നും അവർ പൊലീസിനെ അറിയിച്ചു. അതേസമയം, സംഭവത്തിൽ ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരനും, ബാങ്ക് മാനേജരും കാണിച്ച സത്യസന്ധതയെ പൊലീസ് അഭിനന്ദിച്ചു.