മണമ്പൂർ ഗവ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 4 കോടി രൂപ അനുവദിച്ചു. 2022 - 23 ലെ വാർഷിക ബജറ്റിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. നടപ്പു സാമ്പത്തിക വർഷം ആദ്യ ഘഡുവായി അടങ്കൽ തുകയുടെ 20% ആയ 80 ലക്ഷം രൂപ ചെലവഴിക്കുവാനുള്ള അനുവാദവും ലഭിച്ചു. കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 4 കോടി രൂപ അടങ്കൽ തുകയും 80 ലക്ഷം രൂപയുടെ നടപ്പു സാമ്പത്തിക വർഷ വിഹിതവുമാണ് ലഭിച്ചത്. മണമ്പൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 5 കോടി രൂപ അടങ്കൽ തുകയുള്ള ടോക്കൺ പ്രൊവിഷൻ അനുവാദം മാത്രമാണ് ലഭിച്ചത്.അതേ സമയം കേശവപുരം ആശുപത്രിക്ക് 5 കോടി രൂപയുടെ മറ്റൊരു ഫണ്ട് അനുവദിച്ചു കിട്ടി. ഭരണാനുമതി ലഭ്യമാകുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ എം.എൽ.എ ഒ.എസ് അംബിക ബഹു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് ഈ സാമ്പത്തിക വർഷം അനുവദിച്ച 4 കോടി രൂപ മണമ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മാറ്റി അനുവദിക്കുകയായിരുന്നു. വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള ഊർജ്ജിത നടപടികൾ സ്വീകരിക്കും എന്ന് ഒ.എസ്. അംബിക എം.എൽ.എ വാർത്താ കുറിപ്പിൽ അറിയിച്ചു.