മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 2 വയസ്സുകാരനെ തട്ടിയെടുക്കാൻ ശ്രമം: നാടോടികൾ അറസ്റ്റിൽ

പത്തനംതിട്ട... മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 2 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാടോടികളെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ദിൻഡോറി മോഹതാരാ വീട്ടു നമ്പർ 75ൽ നങ്കുസിങ് (27), പിൻഡ്രഖി പാഖ്ടല സ്വദേശി സോണിയ ദുർവേ (27) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 9.30യോടെയാണ് സംഭവം. വെച്ചൂച്ചിറ വെൺകുറിഞ്ഞി സ്വദേശിയായ കുട്ടിയെ ആണ് നാടോടികൾ തട്ടിയെടുക്കാൻ ശ്രമിച്ചത്. രാവിലെ ആഹാരം നൽകിയ ശേഷം കുട്ടി മുറ്റത്തു കളിക്കുന്നതു കണ്ടിട്ടാണ് അമ്മ അടുക്കളയിലേക്കു പോയത്. ഏതാനും സമയം കഴിഞ്ഞു നോക്കിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്ന് അമ്മയും മുത്തശ്ശിയും അന്വേഷിച്ചപ്പോൾ കളിപ്പാട്ട സൈക്കിൾ വീടിനു മുന്നിലെ റോഡിൽ മറിഞ്ഞു കിടക്കുന്നതു കണ്ടു.തുടർന്ന് നടത്തിയ പരിശോധനയിൽ 100 മീറ്റർ അകലെ ഗോതമ്പ് റോഡിലൂടെ നാടോടികൾക്കു പിന്നിലായി കുട്ടി നടന്നു പോകുന്നതു ശ്രദ്ധയിൽപെടുകയായിരുന്നു. നാട്ടുകാർ ഇവരെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപിച്ചു. തുടർന്ന് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് വിദേശത്താണ്. അറസ്റ്റിലായവർ സമീപത്തെ കൈതത്തോട്ടത്തിൽ പണിക്കെത്തിയവരാണെന്ന് സംശയമുണ്ട്. വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ നാടോടികൾ ഭിക്ഷാടനത്തിന് ഉപയോഗിക്കാൻ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതാണോയെന്ന് വിശദമായി അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.