തളിക്കുളം: തൃശൂർ തളിക്കുളത്ത് ബാറിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജുവാണ് ( 40 ) ആണ് കൊല്ലപ്പെട്ടത്. ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. കൃഷ്ണരാജിനെ കൊച്ചിയിലേയും അനന്തുവിനെ തൃശൂരിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാത്രി ഒൻപതരയോടെയാണ് സംഭവം. പത്തു ദിവസം മുമ്പാണ് ബാർ ഹോട്ടൽ തുടങ്ങിയത്. ബില്ലിൽ കൃത്രിമം കാണിച്ചതിന് ചില ജീവനക്കാരെ ബാറുടമ ശാസിച്ചിരുന്നു. ഇതേച്ചൊല്ലി ജീവനക്കാരും ബാറുടമയും തമ്മിൽ വഴക്കുണ്ടായി. പ്രശ്നത്തിൽ ഇടപെടാൻ ബൈജുവിനെയും സുഹൃത്തിനേയും ബാറുടമ വരുത്തിയതായിരുന്നു. ബാറിലെ ജീവനക്കാർ തന്നെ ക്വട്ടേഷൻ നൽകിയതാണെന്നാണ് പ്രാഥമിക നിഗമനം. ഏഴംഗ അക്രമി സംഘം കാറിൽ രക്ഷപ്പെട്ടതായി പൊലീസിന് വിവരം കിട്ടി. ഇവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി.