യുഎഇയിലെ കനത്ത മഴ, വെള്ളപ്പൊക്കം; വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ 870 പേരെ രക്ഷപ്പെടുത്തിഅബുദാബി: യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്ത് റോഡുകളിലും മറ്റും വെള്ളം നിറഞ്ഞതോടെ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ 870 പേരെ രക്ഷപ്പെടുത്തി. ഷാര്‍ജ, ഫുജൈറ പ്രദേശങ്ങളില്‍ കുടുങ്ങിയവരെയാണ് രക്ഷപ്പെടുത്തിയത്. മരണങ്ങളോ ഗുരുതര പരിക്കുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വ്യാഴാഴ്ച നടത്തിയ വെര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് 3,897 പേര്‍ക്ക് അഭയം നല്‍കാനായതായി മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അലി സലിം അല്‍ തുനൈജി പറഞ്ഞു. വീടുകളില്‍ വെള്ളം നിറഞ്ഞതോടെ 150ലേറെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇവരെ ഹോട്ടലുകളിലേക്കും മറ്റ് ഹൗസിങ് യൂണിറ്റുകളിലേക്കും മാറ്റി. അതേസമയം കനത്ത മഴയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലേക്ക് ഷാര്‍ജ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. രണ്ട് റൂട്ടുകളിലേക്കാണ് സര്‍വീസുകള്‍ നിര്‍ത്തിയത്. ഫുജൈറ വഴി ഖോര്‍ഫക്കാന്‍, കല്‍ബ മേഖലകളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിയത്. ലൈന്‍ 116 ഷാര്‍ജ-ഫുജൈറ-ഖോര്‍ഫക്കാന്‍, ലൈന്‍ 611 ഷാര്‍ജ-ഫുജൈറ-കല്‍ബ എന്നീ റൂട്ടുകളിലുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്.
ഫുജൈറ: ബുധനാഴ്‍ച കനത്ത മഴ ലഭിച്ച യുഎഇയിലെ ഫുജൈറയില്‍ ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഫുജൈറയില്‍ യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രതയോടു കൂടിയ കാലാവസ്ഥ പ്രതീക്ഷിക്കപ്പെടുന്നുവെന്നും (hazardous weather events of exceptional severity) അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഓര്‍മിപ്പിക്കുന്നതാണ് റെഡ് അലെര്‍ട്ട്.
റാസല്‍ഖൈമ എമിറേറ്റില്‍ ഓറഞ്ച് അലെര്‍ട്ടും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. അധികൃതര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് ജാഗ്രതയോടെയിരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് യെല്ലോ അലെര്‍ട്ട്. ഫുജൈറയ്‍ക്കും റാസല്‍ഖൈമയ്‍ക്കും പുറമെ യുഎഇയിലെ കിഴക്കന്‍ മേഖലയില്‍ ഒന്നടങ്കം യെല്ലോ അലെര്‍ട്ടും പ്രാബല്യത്തിലുണ്ട്. അസ്ഥിര കാലാവസ്ഥ തുടരാന്‍ സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നാണ് യെല്ലോ അലെര്‍ട്ട് സൂചിപ്പിക്കുന്നത്. ബീച്ചുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും പോകുന്നവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.