സിവിൽ സപ്ലൈസ് കോർപറേഷന്റെ ഓണം മേളകൾ ആഗസ്ത് 27 ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണമന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്തംബർ ആറുവരെ നീളുന്ന വിൽപ്പനകേന്ദ്രങ്ങളിലൂടെ ഗുണനിലവാരമുള്ള അവശ്യസാധനങ്ങൾ ലഭ്യമാക്കും. ജില്ലാ ആസ്ഥാനങ്ങളിലും മേള 27ന് തുടങ്ങും.
എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ മേളകളും സംഘടിപ്പിക്കും. എല്ലാ നിയോജകമണ്ഡലത്തിലും സംസ്ഥാനത്തെ 500 സൂപ്പർ മാർക്കറ്റിലും സെപ്തംബർ ഒന്നുമുതൽ ചന്തകൾ തുടങ്ങും. പച്ചക്കറി ഉൾപ്പെടെ ഇവിടെനിന്ന് ലഭിക്കും.സപ്ലൈകോ 1000 -മുതൽ 1200 രൂപവരെ വിലയുള്ള പ്രത്യേക ഓണക്കിറ്റുകൾ വിൽക്കും. ഓരോ സൂപ്പർ മാർക്കറ്റിലും കുറഞ്ഞത് 250 കിറ്റ് വിൽക്കും. ഓരോ 100 കിറ്റിലും ഒരു സമ്മാനം നൽകും. സംസ്ഥാനതലത്തിൽ മെഗാ നറുക്കെടുപ്പ് നടത്തി സമ്മാനം നൽകും.
*ഓണക്കിറ്റ് 10 മുതൽ*
തുണിസഞ്ചി ഉൾപ്പെടെ 14 ഇനം അടങ്ങിയ ഓണക്കിറ്റ് വിതരണം ആഗസ്ത് 10ന് ആരംഭിക്കും. ഇതിന് 465 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി മന്ത്രി ജി ആർ അനിൽ പറഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയായി. ഉൽപ്പന്നങ്ങളുടെ പാക്കിങ്ങും ആരംഭിച്ചു. വിതരണം ഓണത്തിനുമുമ്പ് പൂർത്തിയാക്കും.