ഗുജറാത്തില്‍ വ്യാജമദ്യദുരന്തം, 24 മരണം, നിരവധി പേർ ആശുപത്രിയിൽ

അഹമ്മദാബാദ്:ഗുജറാത്തില്‍ വിഷമദ്യം കഴിച്ച്‌ 24 പേര്‍ മരിച്ചു. ബോട്ടാഡ് ജില്ലയിലെ റോജിഡ് ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്.45 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബോട്ടാഡ്, ഭാവ്‌നഗര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രിയിലുള്ള ആറ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവവുമായി ബന്ധപ്പെട്ട് പിന്റു എന്നയാളെ അറസ്റ്റ് ചെയ്യുകയും മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ബോട്ടാഡ് ജില്ലയിലെ റോജിഡ് ഗ്രാമത്തില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടവര്‍ ഏറെയും. ഇന്നലെയാണ് പലരും വ്യാജമദ്യം വാങ്ങി കഴിച്ചത്.

സംഭവം അന്വേഷിക്കന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. എടിഎസും സമാന്തരമായി അന്വേഷിക്കും. മദ്യത്തിന്റെ ഉല്‍പ്പാദനവും ഉപയോഗവും വിപണനവും നിരോധിച്ചിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്.