വെള്ളം വാങ്ങി കയറുന്നതിനിടെ ട്രെയിനിൽ നിന്ന് വീണു, 22കാരിയ്ക്ക് ദാരുണാന്ത്യം

തൃശൂർ: ട്രെയിന്‍ യാത്രയ്ക്കിടെ കാല്‍വഴുതി ട്രാക്കില്‍ വീണ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം.മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറക്കല്‍ ജേക്കബ് ബിനുവിന്റേയും മേരി റീനയുടേയും മകള്‍ അനു ജേക്കബ് (22) ആണ് മരിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം യാത്ര ചെയ്യുബോഴാണ്അപകടമുണ്ടായത്.

ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പ്ലാറ്റ്ഫോമില്‍ ഇറങ്ങി വെള്ളം വാങ്ങി തിരികെ കോച്ചിലേക്ക് കയറുന്നതിനിടെ കാല്‍വഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.10ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. കുടുംബാം​ഗങ്ങള്‍ക്കൊപ്പം വേണാട് എക്സ്പ്രസില്‍ മലപ്പുറത്തെ കുടുംബസുഹൃത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു.

ട്രെയിന്‍ തൃശൂരില്‍ എത്തിയപ്പോള്‍ അനു ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങാന്‍ ഇറങ്ങുകയായിരുന്നു. തിരികെ കയറും മുന്‍പേ ട്രെയിന്‍ ഓടിത്തുടങ്ങിയിരുന്നു. കാക്കനാട് റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു.