കോഹ്‌ലിയില്ല, സഞ്ജുവും ഉൾപ്പെട്ടില്ല, വിൻഡീസിനെതിരായ ടി20 ടീം പ്രഖ്യാപിച്ചു

മുംബൈ: വിരാട് കോഹ്‌ലിയെ ഒഴിവാക്കി വെസ്റ്റ്‌ഇന്‍ഡീസിനെതിരായ ടി20ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമിലേക്ക് ലോകേഷ് രാഹുലും കുല്‍ദീപ് യാദവും തിരിച്ചെത്തി.ഫിറ്റ്‌നസ് വീണ്ടെടുക്കുന്ന മുറക്കെ ഇവരെ ടീമില്‍ ഉള്‍പ്പെടുത്തൂ. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 കളിച്ച സഞ്ജു സാംസണും ടീമില്‍ ഇടം ഇല്ല. ഫോമില്ലാതെ പതറുകയാണ് മുന്‍ നായകന്‍ വിരാട് കോഹ്‌ലി.

താരത്തെ ടി20 ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണം എന്നുവരെ വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഐപിഎല്ലിലുള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന യുവതാരങ്ങള്‍ അവസരം കാത്ത് പുറത്ത് നില്‍ക്കെ തുടര്‍ച്ചയായി പരാജയപ്പെടുന്ന കോഹ്‌ലിക്ക് അവസരം നല്‍കുന്നതിനെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു. ഈയവസരത്തിലാണ് കോഹ്‌ലിയെ ഒഴിവാക്കി ടി20ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നത്. എന്നാല്‍ എന്തുകാരണത്താലാണ് കോഹ്ലിയെ ഒഴിവാക്കിയതെന്ന് ബി.സി.സി ഐ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ കോഹ്ലി പരിക്കിന്റെ പിടിയിലാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ടീമിലുണ്ടായിരുന്നില്ല. രണ്ടാം ഏകദിനത്തിലും താരത്തിന്റെ സാന്നിധ്യം സംശയത്തിലാണ്.

അതേസമയം ജസ്പ്രീത് ബുറയേയും ടീമിലുള്‍പ്പെടുത്തിയിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യ, രവിന്ദ്ര ജഡേജ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷന്‍ കിഷന്‍ എന്നിവരെല്ലാം ടീമില്‍ ഉള്‍പ്പെട്ടു. രവിചന്ദ്ര അശ്വിനും ടീമില്‍ തിരിച്ചെത്തി. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്ബര ഈ മാസം 29നാണ് ആരംഭിക്കുന്നത്. അതിന് മുമ്ബ് മൂന്ന് ഏകദിനങ്ങളും ഇന്ത്യക്ക് കളിക്കാനുണ്ട്. ഈ ഏകദിന പരമ്ബരയില്‍ കോഹ് ലിക്ക് പുറമെ രോഹിതിനും വിശ്രമം അനുവദിച്ചിരുന്നു. ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. ഈ മാസം 22നാണ് ഏകദിന പരമ്ബര ആരംഭിക്കുന്നത്.

ടീം: രോഹിത് ശര്‍മ്മ( നായകന്‍) ഇഷന്‍ കിഷന്‍, ലോകേഷ് രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, റിഷബ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷദീപ് സിങ്