*പ്രഭാത വാർത്തകൾ*2022 | ജൂലൈ 8 | വെള്ളി |

◼️നിയമസഭയില്‍ സിപിഎമ്മിന്റെ മുരളി പെരുനെല്ലി ഭരണഘടനാ ശില്‍പി ബി.ആര്‍. അംബേദ്കറെ അപമാനിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ ബഹളം. സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ  ആവശ്യത്തോടു പ്രതികരിക്കവേയാണു മുരളി പെരുനെല്ലിയുടെ വിവാദ പരാമര്‍ശം. കഴിഞ്ഞ ദിവസം 'ജയ് ഭീം' എന്നു മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം ഉദ്ദേശിച്ചത് പാലാരിവട്ടത്തെ ബീമാണോ എന്നു മുരളി പെരുനെല്ലി പരിഹസിച്ചതാണ് ബഹളത്തിനിടയാക്കിയത്. അംബേദ്ക്കറെ അപമാനിച്ച മുരളി പെരുനല്ലി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

◼️ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു. പാര്‍ട്ടി നേതൃസ്ഥാനവും രാജിവച്ചു. പുതിയ നേതാവിന് എല്ലാ പിന്തുണയും നല്‍കുമെന്നും പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ബോറിസ് ജോണ്‍സനോടു വിയോജിച്ച് ഭൂരിപക്ഷം മന്ത്രിമാരും രാജിവച്ചതോടെയാണ് സ്ഥാനമൊഴിയേണ്ടി വന്നത്.

◼️ഇന്ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. അങ്കണവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ ഉള്‍പ്പടെയുള്ള സ്‌കൂളുകള്‍, മദ്രസകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  ജില്ലാ കളക്ടര്‍മാര്‍  അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമില്ല.

◼️മഴ ഇന്നും തുടരും. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, ഇടുക്കി,  എറണാകുളം, തൃശ്ശൂര്‍, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലെര്‍ട്ട്.

◼️വിമാനത്തില്‍ തങ്ങളെ കൈയേറ്റം ചെയ്ത എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരേ കോടതിയെ സമീപിക്കുമെന്ന് വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ്. ഇ പി ജയരാജനെതിരെ വലിയതുറ പൊലീസ് സ്റ്റേഷനില്‍ ജൂണ്‍ 24 ന് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറഞ്ഞതോടെ നീതി ലഭിക്കില്ലെന്ന് വ്യക്തമായി. വിമാനത്തില്‍ ജയരാജന്‍ ആക്രമിച്ചതിന്റെ വീഡിയോ തെളിവു സഹിതം കോടതിയെ സമീപിക്കുമെന്നും ഫര്‍സീന്‍ മജീദ് പറഞ്ഞു.

◼️മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സജി ചെറിയാനു പകരം പുതിയ മന്ത്രിയെ വേണോയെന്ന് ഇന്നും തുടരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. കോടതി ഉത്തരവിട്ടാല്‍ മാത്രം എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്.

◼️ബഫര്‍ സോണ്‍ പ്രഖ്യാപന വിധിയില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയെങ്കിലും 2019 ലെ മന്ത്രിസഭാ തീരുമാനം തിരുത്താത്തതു കേരളത്തിനു വിനയാകും. വനത്തിന് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോലപ്രദേശമാണെന്ന മന്ത്രിസഭാ തീരുമാനം തിരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഫര്‍ സോണ്‍ വിഷയം കേന്ദ്രത്തിന്റെ കോര്‍ട്ടിലേക്കു തട്ടിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

◼️തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചെലവു കണക്കുകള്‍ നല്‍കാത്ത സ്ഥാനാര്‍ത്ഥികളുടെ അംഗത്വം റദ്ദാക്കാന്‍ നടപടിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍. പത്തു ദിവസത്തിനകം കണക്കു നല്‍കിയില്ലെങ്കില്‍ അഞ്ചു വര്‍ഷത്തേക്കു മത്സര വിലക്കുമുണ്ടാകും. ചെലവു കണക്ക് സമര്‍പ്പിക്കാത്തതോ പരിധിയില്‍ കൂടുതല്‍ ചെലവഴിച്ചതോ ആയ 9,202 സ്ഥാനാര്‍ത്ഥികളുടെ കരട് ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 2020 ഡിസംബറിലായിരുന്നു തെരഞ്ഞെടുപ്പ്. 30 ദിവസത്തിനകം ചെലവ് കണക്ക് നല്‍കണമെന്നാണു ചട്ടം.

◼️പ്ലസ് വണ്‍ പ്രവേശനത്തിന് 11 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി 18 ആണ്. 21 ന് ട്രെയല്‍ അലോട്ട്മെന്റ്. ആദ്യ അലോട്ട്മെന്റ് 27 ന്. ആദ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ഓഗസ്റ്റ് 11 ന്. ഓഗസ്റ്റ് 17 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ തുടങ്ങും.

◼️ജീവനു ഭീഷണിയുണ്ടെന്നും തന്റെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് വീണ്ടും കോടതിയില്‍. ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുരക്ഷ തരണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി കഴിഞ്ഞ മാസം തള്ളിയിരുന്നു.

◼️സ്വര്‍ണക്കടത്തു കേസ് മുഖ്യന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്ന് കോണ്‍ഗ്രസ് നേതാവ്  രമേശ് ചെന്നിത്തല. രാജ്യദ്രോഹ കുറ്റംചെയ്ത മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു. തനിക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുകയാണ് മോദിയെപ്പോലെ പിണറായി വിജയനും ചെയ്യുന്നത്. ചെന്നിത്തല പറഞ്ഞു.

◼️പോക്സോ കേസ് ഒഴിവാക്കാന്‍ പൊലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പാലക്കാട് ആലത്തൂരില്‍ രണ്ടു സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നടപടി. തരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ രണ്ടു പേരെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു.

◼️പാതയോരത്ത് കൊടി തോരണങ്ങള്‍ക്കും ബാനറുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ പുതിയ സര്‍ക്കുലറിലും ഹൈക്കോടതിക്ക് അത്യപ്തി. കൊടിമരങ്ങള്‍ക്ക് നിയന്ത്രണമേര്‍പെടുത്തുന്നതായി  സര്‍ക്കുലര്‍ ഇറക്കണമെന്ന  ഹൈക്കോടതി ഉത്തരവു നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അനുമതി വേണമെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലങ്കില്‍  ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കേണ്ടി വരുമെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പു നല്‍കി. ഹരജി പത്തു ദിവസത്തിനു ശേഷം പരിഗണിക്കും.

◼️പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിനിടയില്‍ പീഡന ശ്രമം നടന്നതായി സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നു യൂത്ത് കോണ്‍ഗ്രസ്. പരാതി ഉണ്ടെങ്കില്‍ പാര്‍ട്ടി കോടതിയില്‍ തീര്‍പ്പാക്കില്ല. പരാതിയുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാന്‍ പിന്തുണ നല്‍കുമെന്നും  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

◼️കൊച്ചി നഗരത്തിലെ റോഡുകള്‍ പശവച്ച് ഒട്ടിച്ചാണോ നിര്‍മിക്കുന്നതെന്ന് ഹൈക്കോടതി. കോര്‍പ്പറേഷന്‍ സെക്രട്ടറി മറുപടി പറയണമെന്ന് കോടതി ആവശ്യപ്പെട്ടു. കോര്‍പ്പറേഷനെയും പൊതുമരാമത്ത് വകുപ്പിനേയും ശകാരിച്ച കോടതി റോഡ് തകര്‍ന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം എഞ്ചിനീയര്‍മാര്‍ക്കാണെന്നും കുറ്റപ്പെടുത്തി.

◼️സൈബര്‍ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കളെ ബോധവത്കരിക്കാന്‍ 'അമ്മ അറിയാന്‍' എന്ന പ്രത്യേക പരിപാടി  കൈറ്റ് വിക്ടേഴ്സില്‍ ഇന്നു മുതല്‍. നാലു ഭാഗങ്ങളിലായി വെള്ളി മുതല്‍ തിങ്കള്‍ വരെ വൈകുന്നേരം ആറു മണിക്കാണു പരിപാടി. അടുത്ത ദിവസം രാവിലെ എട്ടിന് പുനസംപ്രേഷണവും ഉണ്ടാകും.

◼️കക്കയം ഡാം തുറന്നു. ഡാമിന്റെ ഷട്ടര്‍ മൂന്നടി ഉയര്‍ത്തി വെള്ളം ഒഴുക്കി വിട്ടു. കുറ്റ്യാടി പുഴയിലെ ജലനിരപ്പ് രണ്ടര അടി വരെ ഉയര്‍ന്നു. കുറ്റ്യാടി പുഴയുടെ ഇരുകരകളിലമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

◼️വിദേശത്തേക്കു നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

◼️സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം അടുത്ത അഞ്ചുവര്‍ഷത്തേക്കുകൂടി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി.

◼️തസ്തിക മാറ്റം സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുണ്ടായിട്ടും നടപ്പാക്കാതിരുന്ന ഡി.ഇ.ഒയുടെ നടപടിക്കതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. 2011 ല്‍  വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി  ഉത്തരവിറക്കിയിട്ടും താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികമാറ്റം അനുവദിച്ചില്ലെന്ന അധ്യാപികയുടെ  പരാതിയിലാണ് നടപടി.

◼️പാലക്കാട് തങ്കം ആശുപത്രിയിലുണ്ടായ മരണങ്ങളിലെ ചികിത്സാ പിഴവ് ആരോപിച്ചുള്ള പരാതിയില്‍ പൊലീസ് ഡോക്ടര്‍മാരുടെ മൊഴിയെടുത്തു. രഞ്ജിത്ത് ഐശ്വര്യ ദമ്പതികളുടെ നവജാതശിശു, ഐശ്വര്യ, കോങ്ങാട് സ്വദേശി കാര്‍ത്തിക എന്നിവരുടെ മരണത്തിലാണ് പൊലീസ് നടപടി. ആശുപത്രി ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

◼️റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ മുഖ്യപ്രതി എടപ്പാള്‍ വട്ടംകുളം കവുപ്ര അശ്വതി വാരിയര്‍ അറസ്റ്റിലായി. കോയമ്പത്തൂരില്‍നിന്ന് മുക്കം പോലീസാണ് അശ്വതിയെ പിടികൂടിയത്. തട്ടിപ്പുമായി ബന്ധപ്പെട്ടു മൂന്നു പേരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റേതെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഇ മെയിലിലൂടെ സന്ദേശം അയച്ച് രണ്ടു മുതല്‍ എട്ടുവരെ ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം.

◼️തൃശൂരില്‍നിന്ന് ബൈക്കില്‍ ദേശീയ പര്യടനത്തിനിറങ്ങിയ  ഇറങ്ങിയ യുവാവ് കാസര്‍കോട്ടെ സുഹൃത്തിന്റെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ എസ്എല്‍ പുരത്ത് പി എസ് അര്‍ജുന്‍ (31) ആണ് മരിച്ചത്.  ചീമേനിയിലെ വണ്ണാത്തിക്കാനത്തെ മോഹനന്റെ വീട്ടിലാണ് അര്‍ജുന്‍ കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദേശത്ത് മെക്കാനിക്കല്‍ എന്‍ജിനിയറായ അര്‍ജുന്‍ ആറു മാസം മുന്‍പാണ് നാട്ടിലെത്തിയത്.

◼️ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസില്‍ രണ്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, മുര്‍ഷിദ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

◼️ഹണി ട്രാപ്പില്‍പ്പെടുത്തി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ ഒരാളെക്കൂടി മലപ്പുറം ചങ്ങരംകുളം പൊലീസ് പിടികൂടി. പെരുമ്പടപ്പ് സ്വദേശി ഹരിഹരനാണ് പിടിയിലായത്. കേസില്‍ നേരത്തെ പത്തു പേര്‍ പിടിയിലായിരുന്നു.

◼️തിരുവനന്തപുരം: വിളപ്പില്‍ശാല ചന്തക്കു സമീപം മത്സ്യക്കച്ചവടം നടത്തിയിരുന്ന അച്ഛനെയും മകനെയും ആക്രമിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച ആറു പ്രതികളെ വിളപ്പില്‍ശാല പൊലീസ് പിടികൂടി. പടവന്‍കോട് സജീര്‍ (52)  സജീറിന്റെ മകന്‍  അല്‍ അമീന്‍ (22), മലയിന്‍കീഴ് നിഥിന്‍ (24), പടവന്‍കോട് അന്‍സില്‍ (19), കുളത്തുമ്മല്‍ ഷിബി (23), ശാസ്താമ്പാറ  ശ്രീകുട്ടന്‍ എന്ന വിജയ് (22) എന്നിവരാണ് പിടിയിലായത്.

◼️തിരുവനന്തപുരം ധനുവച്ചപുരത്ത് റോഡ് ഇടിഞ്ഞ് ലോറി കുളത്തിലേക്കു മറിഞ്ഞു. ടാര്‍ മിക്സിംഗിനുള്ള ലോഡുമായി വന്ന ലോറിയാണ് റോഡിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് കുളത്തിലേക്കു വീണത്.

◼️വണ്ടിപ്പെരിയാറില്‍ ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്രം പൂജാരിയെ അറസ്റ്റു ചെയ്തു. ആറന്‍മുള സ്വദേശി വിബിനാണ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പൂജാരിയാണ്.

◼️തിരുവനന്തപുരം ഇടപ്പഴിഞ്ഞിയില്‍ യുവാവിന് വെട്ടേറ്റു. ജയേഷിന്റെ തലയ്ക്കു വെട്ടിയ സംഭവത്തില്‍ സുഹൃത്ത് ആയിരുന്ന രാകേഷിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.

◼️പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് പോക്‌സോ കോടതി ശിക്ഷ വിധിച്ചു. ഇരിങ്ങാവൂര്‍ ആശാരിപ്പടി പടിക്കപ്പറമ്പില്‍ മുഹമ്മദ് ബശീര്‍ മാനു (40) വിനെയാണ് 26 വര്‍ഷം കഠിന തടവിനും 65,000 രൂപ പിഴയടയ്ക്കാനും തിരൂര്‍ ഫസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതി സമാനമായ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലാണ്.

◼️ഗോതമ്പ് പൊടിയുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതിക്കു കേന്ദ്രനിയന്ത്രണം. എല്ലാ കയറ്റുമതിക്കാരും ഗോതമ്പ് കയറ്റുമതിയുമായി ബന്ധപ്പെട്ട അന്തര്‍ മന്ത്രാലയ സമിതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് കേന്ദ്രം ഉത്തരവിട്ടു.

◼️പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ബി.എസ് ജായേയും ടാറ്റ പ്രോജക്ട്സിലെ അഞ്ച് ഉദ്യോഗസ്ഥരെയും അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കരാറുകള്‍ നല്‍കുന്നതിനു ഒത്തു കളിച്ചെന്നാണ് സിബിഐ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് 11 ഇടങ്ങളില്‍ സിബിഐ റെയ്ഡും നടത്തിയിരുന്നു. ബി എസ് ജായുടെ വീട്ടില്‍നിന്ന് 93 ലക്ഷം രൂപ കണ്ടെത്തിയിരുന്നു.

◼️നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എംഡി സതീഷ് അഗ്നിഹോത്രിയെ നീക്കംചെയ്തു.  നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സതീഷിനെതിരേ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. എന്‍എച്ച് എസ്ആര്‍ സിഎല്‍ ഡയറക്ടര്‍ രാജേന്ദ്ര പ്രസാദിനു പകരം ചുമതല നല്‍കി.

◼️ഹിന്ദു സന്യാസിമാര്‍ക്കെതിരായ ട്വീറ്റിന്റെ പേരില്‍ യുപി പൊലീസെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ നല്‍കിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നേരത്തെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.

◼️കിഴക്കന്‍ ലഡാക്കിലെ സേനാ പിന്‍മാറ്റം വേഗത്തിലാക്കണമെന്ന് ചൈനയോട് ഇന്ത്യ. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്തോനേഷ്യയിലെ ബാലിയില്‍ ജി ഇരുപത് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സേന പിന്‍മാറ്റം ചര്‍ച്ച ചെയ്യാന്‍ കമാന്‍ഡര്‍തല യോഗം എത്രയും വേഗം വിളിക്കാന്‍ ധാരണയിലെത്തിയിട്ടുണ്ട്.

◼️രാഹുല്‍ ഗാന്ധിക്കെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ച വിഷയത്തില്‍ സീ ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി മാറ്റിവച്ചു.  ചീഫ് ജസ്റ്റിസ് അനുമതി നല്‍കാത്തതിനാല്‍ കേസ് മാറ്റിവയ്ക്കുകയാണെന്നാണ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി കോടതിയില്‍ പറഞ്ഞത്. അനുമതി കിട്ടിയാല്‍ പരിഗണിക്കാമെന്നും അവധികാല ബഞ്ച്  അറിയിച്ചു. പല സംസ്ഥാനങ്ങളിലെ കേസുകള്‍ യുപിയിലെ ഒറ്റ കേസാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

◼️കാളി വിവാദത്തില്‍ മഹുവ മൊയ്ത്ര എംപിക്കും ലീന മണി മേഖലക്കുമെതിരെ വീണ്ടും കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് ബിജെപി ഡല്‍ഹി ഘടകം കൂടി പരാതി നല്‍കി. ഇതോടെ ആറു സംസ്ഥാനങ്ങളിലാണ് മഹുവ മൊയ്ത്രക്കെതിരെ കേസുള്ളത്. അത്രതന്നെ കേസുകള്‍ ലീന മണിമേഖലയ്ക്കെതിരെയുമുണ്ട്. ലീന ഇന്നലെ ട്വിറ്ററില്‍ പങ്കുവച്ച ചിത്രത്തിനെതിരെയും യുപിയില്‍ ബിജെപി പരാതി കൊടുത്തിട്ടുണ്ട്. ലീന മണി മേഖലയുടെ കാളിയെന്ന ഡോക്യുമെന്ററിയുടെ പോസ്റ്ററില്‍ മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവിയായാണ് കാളിയെ അവതരിപ്പിച്ചിരിക്കുന്നത്.

◼️അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനടുത്ത് മുങ്ങിത്താഴുകയായിരുന്ന യുഎഇ കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. 22 ജീവനക്കാരെയാണ് രക്ഷിച്ചത്.

◼️ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോയ്ക്കും അനുബന്ധ കമ്പനികള്‍ക്കുമെതിരെ ഇഡി നടപടി. വിവോയുടെ 465 കോടി കണ്ടുകെട്ടി. രണ്ടു കിലോ സ്വര്‍ണ്ണവും 73 ലക്ഷം രൂപയും കണ്ടുകെട്ടി. നികുതി വെട്ടിക്കാന്‍ 62,476 കോടി രൂപ ചൈനയിലേക്ക് മാറ്റിയെന്നും ഇഡി പറയുന്നു. 22 സംസ്ഥാനങ്ങളില്‍ വിവോ കമ്പനിയുടെ 44 കേന്ദ്രങ്ങളില്‍ രണ്ടു ദിവസമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.

◼️രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും പുതിയ എയര്‍ലൈനായ ആകാശ എയര്‍ ഈ മാസം അവസാനത്തോടെ പറക്കാന്‍ തുടങ്ങും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ലൈനിന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.

◼️ഇന്‍ഡിഗോ പൈലറ്റുമാരുടെ ശമ്പളം എട്ടു ശതമാനം വര്‍ധിപ്പിച്ചു. പൈലറ്റുമാര്‍ക്കുള്ള ഓവര്‍ടൈം അലവന്‍സ് കോവിഡിന് മുമ്പുള്ള തലത്തിലേക്ക് പുനഃസ്ഥാപിച്ചു. കോവിഡ് ആരംഭിച്ച 2020 ല്‍ ഇന്‍ഡിഗോ പൈലറ്റുമാരുടെ ശമ്പളം 28 ശതമാനം വെട്ടിക്കുറച്ചിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ഏപ്രിലിലും ഇപ്പോഴും എട്ടു ശതമാനം വീതം വര്‍ധിപ്പിച്ചു. വെട്ടിക്കുറച്ചത് 28 ശതമാനമായിരുന്നെങ്കില്‍ മൊത്തം 16 ശതമാനമേ പുനസ്ഥാപിച്ചുള്ളൂ.

◼️നോയിഡയില്‍ തൊഴിലുടമയുടെ കാറും ലാപ്ടോപ്പും 81 ലക്ഷം രൂപയും മോഷ്ടിച്ച് കടന്നുകളഞ്ഞ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഡ്രൈവറായ സോനു ചൗഹാന്‍, ഭാര്യ പുഷ്പ, സഹോദരി ശ്വേത സിങ്, ശ്വേതയുടെ ഭര്‍ത്താവ് കണ്‍വീര്‍ സിങ് എന്നിവരാണ് അറസ്റ്റിലായത്. വ്യവസായിയായ സഞ്ജീവ് കുമാര്‍ അഗര്‍വാളിനെയാണ് ഇവര്‍ കബളിപ്പിച്ചത്. 15 വര്‍ഷമായി സഞ്ജീവ് കുമാറിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ് സോനു ചൗഹാന്‍.

◼️താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 67 സേനാംഗങ്ങളില്‍ 66 പേരും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനൊപ്പം ചേര്‍ന്നു. ഒരംഗം മാത്രമാണ് ഉദ്ധവ് താക്കറെയെ തുണച്ചത്.

◼️പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനായി. കുടുംബ സുഹൃത്തും ഡോക്ടറുമായ ഗുര്‍പ്രീത് കൗര്‍ ആണ് വധു. ചണ്ഡീഗഡില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്. നാല്‍പ്പത്തെട്ടുകാരനായ മുഖ്യമന്ത്രി ഭഗവന്ത് മാനും മുപ്പത്തിരണ്ടുകാരിയായ ഡോ. ഗുര്‍പ്രീത് കൗറും തമ്മില്‍ ഏതാനും വര്‍ഷമായി അടുപ്പത്തിലായിരുന്നു.

◼️ബലിപെരുന്നാളിനോട് അനുബന്ധിച്ച് 308 തടവുകാരെ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോചിപ്പിക്കുന്നു. മോചിപ്പിക്കപ്പെടുന്നവരില്‍ 119 പേര്‍ വിദേശികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

◼️അമേരിക്ക അറിയാതിരിക്കാന്‍ 2001 ല്‍ അഫ്ഗാനിസ്ഥാനില്‍ കുഴിച്ചിട്ട താലിബാന്‍ സ്ഥാപകന്‍ മുല്ല ഉമറിന്റെ കാര്‍ താലിബാന്‍തന്നെ പുറത്തെടുത്തു. വെളുത്ത ടൊയോട്ട കൊറോള വാഗണ്‍ കാറാണ് പുറത്തെടുത്തത്. ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖാനിയുടെ സഹോദരനായ അനസ് ഹഖാനിയാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്.

◼️ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലീഷുകാരുടെ വമ്പിന് ചുട്ട മറുപടി നല്‍കി ടീം ഇന്ത്യ. ഇന്ത്യയ്ക്ക് 50 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ബാറ്റ് കൊണ്ടും ബോളു കൊണ്ടും തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യയുടെ സൂപ്പര്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. അര്‍ധ സെഞ്ചറിയും 4 വിക്കറ്റും നേടി ഹാര്‍ദിക് നിറഞ്ഞാടി. ഇന്ത്യയുയര്‍ത്തിയ 199 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 19.3 ഓവറില്‍ 148ന് ഓള്‍ഔട്ടായി.

◼️ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 39 റണ്‍സിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കന്‍ വനിതകള്‍ 47.3 ഓവറില്‍ 216 റണ്‍സിന് ഓള്‍ ഔട്ടായി. 75 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ വിജയശില്‍പി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യന്‍ വനിതകള്‍ 3-0 ന് തൂത്തുവാരി.

◼️വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ കസാഖ്‌സ്താന്റെ എലേന റൈബാക്കിനയും ടുണീഷ്യയുടെ ഓണ്‍സ് യാബിയറും ഏറ്റുമുട്ടും. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ റൊമാനിയയുടെ സിമോണ ഹാലെപിനെ വീഴ്ത്തിയാണ് എലേന റൈബാക്കിന വിംബിള്‍ഡണ്‍ ഫൈനലിലെത്തിയത്. വിംബിള്‍ഡണ്‍ ഫൈനലിലെത്തുന്ന ആദ്യ കസാഖ്‌സ്താന്‍ താരം കൂടിയാണ് റൈബാക്കിന. ജര്‍മനിയുടെ തത്യാന മരിയയെ കീഴടക്കിയാണ് ഓണ്‍സ് യാബിയര്‍ ഫൈനലില്‍ പ്രവേശിച്ചത്. വിംബിള്‍ഡണിന്റെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തുന്ന ആദ്യ അറബ് വനിത എന്ന റെക്കോഡ് യാബിയര്‍ സ്വന്തമാക്കി.

◼️എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് ഉയര്‍ത്തി പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി. വിവിധ കാലാവധിയുള്ള വായ്പകളുടെ പലിശനിരക്കില്‍ 20 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ഇഎംഐ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം വരെയുള്ള വായ്പകളുടെ പലിശനിരക്ക് 8.05 ശതമാനമായാണ് ഉയര്‍ന്നത്. പുതിയ നിരക്ക് ജൂലൈ ഏഴിന് പ്രാബല്യത്തില്‍ വന്നതായി ബാങ്ക് അറിയിച്ചു. മെയ്, ജൂണ്‍ മാസങ്ങളിലും എംസിഎല്‍ആര്‍ നിരക്ക് ബാങ്ക് ഉയര്‍ത്തിയിരുന്നു.

◼️സംരംഭകരെ ചേര്‍ത്തുപിടിക്കാന്‍ സ്റ്റാര്‍ട്ടപ്പ് സ്‌കൂള്‍ ഇന്ത്യ  പ്രഖ്യാപിച്ച് ഗൂഗിള്‍. ചെറിയ നഗരങ്ങളിലെ 10,000 സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുകയാണ് ഗൂഗിളിന്റെ  സ്റ്റാര്‍ട്ടപ്പ് സ്‌കൂള്‍ ഇന്ത്യയുടെ ലക്ഷ്യം. ഒമ്പത് ആഴ്ചത്തെ പ്രോഗാമുകളാണ് ഗൂഗിളിന്റെ നേതൃത്വത്തില്‍ സ്റ്റാര്‍ട്ടപ്പ് സ്‌കൂള്‍ ഇന്ത്യ സംഘടിപ്പിക്കുന്നത്. ഓണ്‍ലൈനായിയാണ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്. ഫിന്‍ടെക്, ബിസിനസ്-ടു-ബിസിനസ്, ബിസിനസ്സ്-ടു-കണ്‍സ്യൂമര്‍ ഇ-കൊമേഴ്‌സ്, ഭാഷ, സോഷ്യല്‍ മീഡിയ, നെറ്റ്വര്‍ക്കിംഗ്, ജോലി എന്നി എരിയകളുമായി ബന്ധപ്പെട്ട്  ഗൂഗിള്‍ ലീഡേഴ്സും സഹകാരികളും തമ്മില്‍  ചാറ്റുകള്‍ ഉണ്ടായിരിക്കും. ജോലിസംബന്ധമായ അന്വേഷണങ്ങളും ഉള്‍പ്പെടുത്തുന്നുണ്ട്.

◼️ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പെട്ടിയും ബാഗുമൊക്കെയായി ഒരു പുതിയ നഗരത്തിലേക്ക് എത്തിച്ചേരുന്ന ഫഹദിന്റെ കഥാപാത്രത്തെയാണ് ഫസ്റ്റ് ലുക്കില്‍ ചിത്രീകരിച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ മകനായ അഖില്‍ അച്ഛന്റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്. ഡിസംബറില്‍ തിയറ്ററുകളിലെത്തും.

◼️ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി ഇര്‍ഷാദ്. പവര്‍ സ്റ്റാറിന് ശേഷം ഒമര്‍ ഒരുക്കുന്ന 'നല്ല സമയം' എന്ന ചിത്രത്തിലാണ് ഇര്‍ഷാദ് നായകനായി എത്തുന്നത്. ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടി ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നാല് പുതുമുഖ നായികമാരെ ചിത്രത്തില്‍ ഒമര്‍ ലുലു അവതരിപ്പിക്കുന്നുണ്ട്. വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു ഫണ്‍ ത്രില്ലര്‍ ആയിരിക്കും നല്ല സമയം. നാല് പുതുമുഖ നായികമാരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

◼️മിനി ഇന്ത്യ തങ്ങളുടെ കൂപ്പര്‍ എസ്ഇയുടെ ബുക്കിംഗ് ഇപ്പോള്‍ രാജ്യത്ത് വീണ്ടും തുറന്നതായി പ്രഖ്യാപിച്ചു. മിനി കൂപ്പര്‍ എസ്ഇ ഈ വര്‍ഷം ഫെബ്രുവരിയില്‍ 47.20 ലക്ഷം രൂപയ്ക്ക് ആണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. എല്ലാ 30 യൂണിറ്റുകളും ലോഞ്ച് ചെയ്യുന്നതിന് മുമ്പ് തന്നെ വിറ്റുതീര്‍ന്നിരുന്നു. ഇപ്പോള്‍, മിനി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 40 യൂണിറ്റുകള്‍ക്കുള്ള ബുക്കിംഗുകള്‍ ഓണ്‍ലൈനായി വീണ്ടും തുറന്നിരിക്കുന്നു.  50.90 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില.

◼️1930 കളിലേയും 1940 കളിലേയും പാരീസിന്റെ സാംസ്‌കാരിക ജീവിതം എല്ലാ നിറപ്പകിട്ടുകളോടെയും സിമോണ്‍ ദി ബുവ്വ ഈ താളുകളില്‍ ചിത്രീകരിക്കുന്നു. 'അവിസ്മരണീയമായ ജീവിത നിമിഷങ്ങള്‍'. എഡിറ്റര്‍ - പി.ടി തോമസ്. പുസ്തക പ്രസാധക സംഘം. വില 361 രൂപ.

◼️ചെറുപ്രായത്തിലുള്ള മുടി കൊഴിച്ചില്‍ ആത്മവിശ്വാസക്കുറവ് അടക്കമുള്ള മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഉത്കണ്ഠ , മാനസിക സമ്മര്‍ദം, വിഷാദം  എന്നിവ മുതല്‍ ആത്മഹത്യ പ്രവണത വരെ മുടികൊഴിച്ചില്‍ വ്യക്തികളില്‍ ഉണ്ടാക്കുമെന്ന് വിവിധ നഗരങ്ങളിലുള്ളവരെ ഉള്‍പ്പെടുത്തി നടത്തിയ ചോദ്യോത്തര രൂപത്തിലുള്ള സര്‍വേ ചൂണ്ടിക്കാണിക്കുന്നു. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലെ മുതിര്‍ന്നവരില്‍ ദ എസ്തെറ്റിക്ക് ക്ലിനിക്സ് എന്ന കോസ്മെറ്റിക് സ്ഥാപനമാണ് പഠനം നടത്തിയത്. ഇന്ത്യയിലെ ജനങ്ങളുടെ ജീവിത നിലവാരത്തില്‍ മുടി കൊഴിച്ചില്‍ ഏല്‍പ്പിക്കുന്ന ആഘാതം അടിവരയിടുന്ന പഠന റിപ്പോര്‍ട്ട് ഡെര്‍മറ്റോളജിക്കല്‍ റിവ്യൂസ് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 18 വയസ്സിനു മുകളിലുള്ള 800 ഓളം പേര്‍ സര്‍വേയില്‍ പങ്കെടുത്തു.  ഇത് മൂലം വിഷാദരോഗമുണ്ടായതായും പുറത്തിറങ്ങാതെ പലപ്പോഴും വീട്ടില്‍തന്നെ ഇരിക്കുന്ന അവസ്ഥയുണ്ടായെന്നും ഇവര്‍ പറയുന്നു. മുടി കൊഴിച്ചില്‍ നാണക്കേടും അപമാനവും ദേഷ്യവും നിരാശയുമെല്ലാം നല്‍കിയതായും പലരും ചൂണ്ടിക്കാട്ടി. കഷണ്ടിയുള്ള പുരുഷന്മാരെ സമൂഹം ഏതാണ്ട് അംഗീകരിച്ച മട്ടാണെങ്കിലും സ്ത്രീകളെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ലെന്നും മുടിയെ സമൂഹം സ്ത്രീത്വത്തിന്റെ അടയാളമായി ഇപ്പോഴും വീക്ഷിക്കുന്നതായും ഗവേഷണം നടത്തിയവര്‍ പറഞ്ഞു. ഇതിനാല്‍തന്നെ  നിരവധി പ്രയാസങ്ങള്‍ മുടികൊഴിച്ചിലും കഷണ്ടിയും സ്ത്രീകള്‍ക്ക് ഉണ്ടാക്കുന്നുണ്ട്. മുടികൊഴിച്ചില്‍ സൃഷ്ടിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് കൂടുതല്‍ അവബോധം വേണമെന്നും പല ചികിത്സാ വിഭാഗങ്ങള്‍ ചേര്‍ന്നുള്ള ഒരു സമീപനം ഇതിന്റെ ചികിത്സയ്ക്ക് ആവശ്യമാണെന്നും പഠനം കൂട്ടിച്ചേര്‍ത്തു.

*ശുഭദിനം*
*കവിത കണ്ണന്‍*
കൂട്ടുകാര്‍ സംസാരിച്ചിരിക്കുകയായിരുന്നു.  സംഭാഷണത്തിനിടെ അയാള്‍ കൂട്ടുകാരനോട് പറഞ്ഞു:  വാസ്തവത്തില്‍ രാജാവിന് നാം നികുതി കൊടുക്കേണ്ട ആവശ്യമില്ല.  കാര്യമന്വേഷിച്ച സുഹൃത്തിനോട് അയാള്‍ പറഞ്ഞു.  രാജാവിന്റെ കൊട്ടാരത്തില്‍ തന്നെയാണ് എല്ലാ നാണയങ്ങളും അടിക്കുന്നത്.  അതില്‍ നിന്ന് ആവശ്യത്തിന് രാജാവിന് എടുത്താല്‍ പോരെ.  അപ്പോള്‍ സുഹൃത്ത് പറഞ്ഞു: രാജാവിന് ആവശ്യം നാണയമല്ല.  നിന്റെ കയ്യിലുള്ള നാണയമാണ്..! പൊതുവായതൊന്നും ആര്‍ക്കും പ്രിയപ്പെട്ടവയല്ല.  അതുപോലെ തന്നെ സ്വന്തമായതൊന്നും ആരും പിരിയാന്‍ അനുവദിക്കുകയില്ല.  സ്വകാര്യസ്വത്തുസംരക്ഷണത്തിലെ ആത്മാര്‍ത്ഥതയുടെ പാതിയെങ്കിലും പൊതുസ്വത്തു കൈകാര്യം ചെയ്യുന്നതിലുണ്ടെങ്കില്‍ പൊതുവായതൊന്നും നശിക്കുകയോ ഉപയോഗശൂന്യമാവുകയോ ഇല്ല.  സ്വന്തമെന്ന് കരുതി കൈവശം വെക്കുന്നവപോലും പൂര്‍ണ്ണമായും സ്വന്തമല്ലെന്നും അന്യന്റേത് എന്നുറപ്പിച്ച് അകറ്റി നിര്‍ത്തിയവയും സ്വന്തം ജീവിതത്തെ സ്വാധീനിക്കുമെന്ന് തിരിച്ചറിയുമ്പോഴേ പരസ്പര ബഹുമാനത്തോടെയുള്ള ജീവിതം സാധ്യമാകൂ.  പങ്കുപറ്റുന്നവര്‍ക്കെല്ലാം പങ്കുവെയ്ക്കാനും കടമയുണ്ട്.  ജലവും വായുവും സുരക്ഷിതത്വവുമെല്ലാം ആരുടേയും സ്വകാര്യമല്ല.  കൈനീട്ടിവാങ്ങുമ്പോള്‍ കൃതാര്‍ത്ഥതയില്ലാത്തിനേക്കാള്‍ അപകടകരമാണ് ഇരുകരവും നീട്ടി നല്‍കേണ്ടപ്പോള്‍ കൈ ചുരുട്ടി പിന്‍വാങ്ങുന്നത്.   പങ്കുപറ്റാന്‍ മാത്രമല്ല, പങ്കുവെയ്ക്കാനും നമുക്ക് ശീലിക്കാം - ശുഭദിനം.
*മീഡിയ16*