*പ്രഭാത വാർത്തകൾ*2022 | ജൂലൈ 31 | ഞായർ |

◼️കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവാണ് 49 കിലോ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. പുരുഷ വിഭാഗം 55 കിലോ വിഭാഗത്തില്‍ സങ്കേത് സാര്‍ഗര്‍ വെള്ളിയും 61 കിലോ ഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടി.

◼️സഹകരണ ബാങ്കുകളെ ലാഭത്തിലാക്കാന്‍ കുറുക്കുവഴി നിര്‍ദേശിച്ച് സര്‍ക്കാര്‍. കുടിശികയുള്ള വായ്പകളുടെ കരുതല്‍ തുക കുറച്ചു കാണിച്ച് ഓഡിറ്റു വ്യവസ്ഥയില്‍ ഇളവു നല്‍കണമെന്നു നിര്‍ദേശിച്ച് സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കി. കുടിശികയുടെ കരുതല്‍ തുകയിലും കുടിശിക പലിശയുടെ കരുതലിലും രണ്ടര മുതല്‍ നൂറുവരെ ശതമാനം ഇളവ് നല്‍കാനാണു നിര്‍ദേശം.

◼️ദോശ, അപ്പം മാവിനു നാളെ മുതല്‍ വില വര്‍ധിപ്പിക്കുമെന്നു നിര്‍മാതാക്കള്‍. 10 രൂപ വരെ വര്‍ധിപ്പിക്കാനാണ് ഓള്‍ കേരള ബേക്കേഴ്‌സ് അസോസിയേഷന്റെ തീരുമാനം. അരി, ഉഴുന്ന് എന്നീ അസംസ്‌കൃത വസ്തുക്കളുടെ വിലയും ജിഎസ്ടിയും വര്‍ധിച്ചതിനാലാണു വിലവര്‍ധന.

◼️അങ്കണവാടി, പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് നാളെ മുതല്‍ പാലും മുട്ടയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും.

◼️പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഫണ്ട് തട്ടിപ്പ് നടത്തിയതില്‍ ഐഎഎസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ചുപേര്‍ക്കു തടവും പിഴയും ശിക്ഷ. മുന്‍ പട്ടികജാതി ഡയറക്ടര്‍ എ.ജെ രാജന്‍, വകുപ്പിലെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ എന്‍ ശ്രീകുമാര്‍, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സത്യദേവന്‍, മുന്‍ ഡെവലപ്മെന്റ് ഓഫീസര്‍ സി സുരേന്ദ്രന്‍, വര്‍ക്കലയിലുള്ള കമ്പ്യൂട്ടര്‍ സ്ഥാപന ഉടമ സുകുമാരന്‍ എന്നിവരെയാണ് രണ്ടു വര്‍ഷം തടവിനും അഞ്ചു ലക്ഷം രൂപ പിഴയടയ്ക്കാനും വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

◼️തൃശൂരില്‍ മങ്കിപോക്സ് ബാധിച്ചു യുവാവു മരിച്ചെന്നു സംശയം. ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശിയായ 22 കാരന്റെ മരണത്തിലാണു സംശയം. യുഎഇയില്‍നിന്ന് എത്തിയ ഇയാള്‍ മൂന്നു ദിവസം മുന്‍പാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശനം തേടിയത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു.

◼️തിരുവനന്തപുരം കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നവ്ജ്യോത് ഖോസയെ ലേബര്‍ കമ്മീഷണറായി നിയമിച്ചു. അവധി കഴിഞ്ഞെത്തിയ ഡോ. ചിത്രയെ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡിയായി നിയമിച്ചു. പിആര്‍ഡി ഡയരക്ടര്‍ ജാഫര്‍ മാലിക്കിന് കുടുംബശ്രീ ഡയറക്ടറുടെ അധിക ചുമതല നല്‍കി. മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറായി എന്‍. ദേവീദാസിനെ നിയമിച്ചു.

◼️തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മഴ ശക്തമാകും. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്,  മലപ്പുറം എന്നീ ഏഴു ജില്ലകളില്‍ യെല്ലോ ജാഗ്രത.

◼️കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎം ബന്ധമുള്ളവര്‍ക്ക് പണം മുഴുവന്‍ നല്‍കിയെന്ന ആരോപണവുമായി സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി. മുന്‍ പ്രസിഡന്റ് കെ.കെ ദിവകാരന്റെ മരുമകന്‍ അടക്കമുള്ളവരുടെ നിക്ഷേപം മുഴുവന്‍ പിന്‍വലിച്ചെന്ന് മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് ആരോപിച്ചു. മന്ത്രി എ.സി മൊയ്തീന്റെ ഇടപെടല്‍മൂലമാണ് പാര്‍ട്ടിക്കകത്ത് നടപടി ഉണ്ടാകാത്തതെന്നും ആരോപണം.

◼️കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി. സഹകരണ മേഖലയെ തകര്‍ക്കാന്‍ അനുവദിക്കരുതെന്നും സതീശന്‍ കത്തില്‍ പറയുന്നു.

◼️കരുവന്നൂര്‍ ബാങ്ക് നിക്ഷേപത്തുക തിരികെ നല്‍കാത്തതിനാല്‍ സെറിബ്രല്‍ പാള്‍സി ബാധിച്ച രണ്ടു മക്കളുടെ ചികിത്സ മുടങ്ങിയ വൃക്കരോഗിയായ മാപ്രാണം തെങ്ങോലപ്പറമ്പില്‍ ജോസഫിന് ഒരു ലക്ഷം രൂപയുടെ സഹായവുമായി നടന്‍ സുരേഷ് ഗോപി. ബാങ്കില്‍ പതിമൂന്ന് ലക്ഷം രൂപ നിക്ഷേപിച്ച ജോസഫിന് ഒരു കൊല്ലത്തിനിടെ ഇരുപതിനായിരം രൂപ മാത്രമാണ് ബാങ്ക് തിരിച്ചുനല്‍കിയത്.

◼️എറണാകുളം അങ്കമാലി അതിരൂപത ആഡ്മിനിസ്ട്രേറ്ററായി തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വത്തിക്കാന്‍ നിയമിച്ചു. വിമതപക്ഷത്തു നിലയുറപ്പിച്ച മെത്രാപ്പോലീത്ത ആന്റണി കരിയിലിനെ നീക്കം ചെയ്തുകൊണ്ടാണ് നിയമനം. സീറോ മലബാര്‍ സഭാ സിനഡിനെ വെല്ലുവിളിക്കുന്ന വിമത വൈദികരെ വരുതിയിലാക്കാനാണ് നീക്കം.

◼️അട്ടപ്പാടി മധു കൊലക്കേസില്‍ 19 ാം സാക്ഷി കക്കി മൂപ്പനും കൂറുമാറി. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഒമ്പതായി. കൊല്ലപ്പെട്ട മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് മധുവിന്റെ  അമ്മ മല്ലി മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കി. സ്വാധീനവും പ്രലോഭനവും ഭീഷണിയും മൂലമാണ് കൂറുമാറിയതെന്നാണു മല്ലിയുടെ പരാതി.

◼️നേമം റെയില്‍വേ ടെര്‍മിനല്‍ പദ്ധതി റെയില്‍വേ മന്ത്രാലയം ഉപേക്ഷിച്ചെന്ന് രാജ്യസഭയില്‍ റെയില്‍വേ മന്ത്രി മറുപടി തന്നെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. റെയില്‍വേ മന്ത്രാലയത്തിന്റെ ഓഫീസ് മെമ്മോറാണ്ടത്തില്‍ ഇക്കാര്യം വ്യക്തമാണ്. എന്നാല്‍ ഇക്കാര്യം ബിജെപി തുറന്നു സമ്മതിക്കുന്നില്ല. രാഷ്ട്രീയ തിരിച്ചടി ഭയന്നാണ് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ബിജെപി പ്രചരിപ്പിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

◼️കോഴിക്കോട് ആവിക്കല്‍ മാലിന്യ സംസ്‌കരണ പദ്ധതിക്കെതിരേ നാട്ടുകാര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയെ വളഞ്ഞുവച്ചു. ജനസഭയില്‍ പങ്കെടുക്കുന്നതിനിടെയാണ് നാട്ടുകാര്‍ വളഞ്ഞുവച്ചത്. ഇതോടെ സംഘര്‍ഷാവസ്ഥയായി. പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് നാട്ടുകാരെ ഓടിച്ചത്. നിരവധി പേര്‍ക്കു പരിക്കേറ്റു.

◼️എ.കെ.ജി സെന്റര്‍ അക്രമണത്തിന്റെ പേരില്‍ കലാപ ആഹ്വാനം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ കലാപാഹ്വാനത്തിനും ആക്രമണ ഗൂഡാലോചനയ്ക്കും കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പ്രതിയെ പിടിക്കുമെന്ന വിശ്വാസമില്ല. എ.കെ.ജി സെന്റര്‍ ആക്രണം ജയരാജന്റെ സൃഷ്ടിയാണ്. ആരാണ് പ്രതിയെന്ന് അദ്ദേഹത്തിനു മാത്രമെ അറിയൂവെന്നും സുധാകരന്‍ പറഞ്ഞു.

◼️സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജേറോം ഡിവൈഎഫ്ഐ തെക്കന്‍ മേഖലാ ജാഥയുടെ മാനേജരായി പ്രവര്‍ത്തിച്ചതിനെതിരേ ഗവര്‍ണര്‍ക്കു പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലാണു പരാതി നല്‍കിയത്.

◼️പാലക്കാട് ജില്ലയെ മരുഭൂമിയാക്കുന്ന ഒട്ടന്‍ ഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ചിറ്റൂര്‍ - നെന്മാറ നിയമസഭ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തുമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍. ചിറ്റൂര്‍ മണ്ഡലത്തില്‍ പൂര്‍ണമായും നെന്മാറ മണ്ഡലത്തില്‍ നെല്ലിയാമ്പതി, അയിലൂര്‍, നെന്മാറ പഞ്ചായത്തുകള്‍ ഒഴികെയുള്ള ഏഴു പഞ്ചായത്തുകളിലും രാവിലെ ആറു മുതല്‍ വൈകീട്ട് ഏഴു വരെയാണ് ഹര്‍ത്താല്‍. പദ്ധതി നടപ്പായാല്‍ ചിറ്റൂര്‍ താലൂക്കിലെ  മൂലത്തറ, കമ്പാലത്തറ, മീങ്കര , ചുള്ളിയാര്‍ അണക്കെട്ടുകളിലേക്കു വെള്ളം ലഭിക്കില്ല. കേരളത്തിനു കൂടി അവകാശപ്പെട്ട ആളിയാര്‍ ഡാമില്‍ നിന്നു 120 കിലോമീറ്റര്‍ അകലെയുള്ള ഒട്ടന്‍ ഛത്രത്തിലേക്ക് തമിഴ്നാട് വെള്ളം കടത്തുന്നതിനെതിരെയാണ് ഹര്‍ത്താല്‍.

◼️മുഖ്യമന്ത്രിയുടെ സുരക്ഷാ വീഴ്ച ആരോപിച്ച് എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സാബുജി എം.എ.എസിനെ സ്ഥലം മാറ്റി. ഇന്‍ഫോപാര്‍ക്കില്‍നിന്ന് മടങ്ങുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ ആലുവയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചിരുന്നു. പ്രവര്‍ത്തകര്‍ വാഹനത്തിന്റെ ചില്ലില്‍ ഇടിക്കുകയും ചെയ്തിരുന്നു.

◼️ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട് ഓണ്‍ലൈനായി 22 ലക്ഷം രൂപ തട്ടിയ നൈജീരിയന്‍ സ്വദേശിയെ പാലക്കാട് സൈബര്‍ ക്രൈം പോലിസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് സ്വദശിയുടെ പരാതിയിലാണ് റിമൈന്‍ഡ് ഉനീയ എന്നയാളെ ഡല്‍ഹിയില്‍ പിടികൂടിയത്.

◼️പന്തളത്ത് 154 ഗ്രാം എംഎഡിഎംഎയുമായി യുവതി അടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തു. അടൂര്‍ പറക്കോട് സ്വദേശി രാഹുല്‍ ആര്‍, കൊല്ലം കുന്നിക്കോട് സ്വദേശി ഷാഹിന, പള്ളിക്കല്‍ സ്വദേശി പി ആര്യന്‍, കുടശനാട് സ്വദേശി വിധു കൃഷ്ണന്‍, കൊടുമണ്‍ സ്വദേശി സജിന്‍ സജി എന്നിവരെയാണ് പിടികൂടിയത്.

◼️നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പേരൂര്‍ക്കട തുരുത്തുംമൂല അടുപ്പുകൂട്ടാന്‍പാറ പുതുവല്‍ പുത്തന്‍ വീട്ടില്‍ ഉണ്ണി എന്നു വിളിക്കുന്ന ശ്രീജിത്ത് (36) ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായി. അഞ്ചാം തവണയാണ് ഇയാളെ ഗുണ്ടാനിയമം ചുമത്തി പിടികൂടുന്നത്.

◼️തിരുവനന്തപുരം കിളിമാനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. നെല്ലനാട് വില്ലേജില്‍ കോട്ടുകുന്നം ഗാന്ധിനഗര്‍ അഴിക്കോട്ടുകോണം സുധി ഭവനില്‍ സുധി (22) ആണ് അറസ്റ്റിലായത്.

◼️വയനാട്ടില്‍ ചന്ദനമരം മുറിച്ചു കടത്തുന്നതിനിടെ രണ്ടു പേര്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ സക്കീര്‍, നവാസ് എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്. സര്‍ക്കാര്‍ ഭൂമിയില്‍നിന്നാണ് പ്രതികള്‍ ചന്ദനം മുറിച്ചു കടത്തിയത്.

◼️എട്ടു യുവതികളെ വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയും പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം സെക്ഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. ചിറയിന്‍കീഴ് ആല്‍ത്തറമൂട് സ്വദേശി രാജേഷിനെയാണ്(35) റിമാന്‍ഡ് ചെയ്തത്.

◼️വിദേശത്തു ജോലിക്കു മടങ്ങിപ്പോകുന്നതിനു തലേന്ന് വര്‍ക്കലയില്‍ ഭാര്യയുടേയും മകന്റെയും മുന്നില്‍ വച്ച് തീകൊളുത്തി യുവാവ് മരിച്ചു. തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലിയാണ് മരിച്ചത്. അഹമ്മദാലി തിങ്കളാഴ്ച വിദേശത്തേക്കു മടങ്ങാനിരുന്നതാണ്.

◼️കാസര്‍കോട് ചെറുവത്തൂര്‍ ടൗണിലെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയെ ഭര്‍ത്താവ് ഷോപ്പിലെത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഇന്നലെ ഉച്ചയ്ക്കാണു സംഭവം. പൊള്ളലേറ്റ കൊടോത്തുരുത്തി സ്വദേശി ബിനീഷ(34)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് മടക്കര സ്റ്റാന്‍ഡിലെ ഓട്ടോ തൊഴിലാളി തുരുത്തി ആലിനപ്പുറത്തെ പ്രദീപന്‍(40)നും പൊള്ളലേറ്റിട്ടുണ്ട്.

◼️കോഴിക്കോട് ജില്ലയില്‍ വിവാഹിതയായ പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. ഉള്ളിയേരിക്കടുത്ത് കന്നൂരില്‍ കൊക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയെയാണ് ഭര്‍ത്താവ് കന്നൂര് എടച്ചേരി പുനത്തില്‍ പ്രജീഷിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നരമാസം മുന്‍പായിരുന്നു പ്രജീഷിന്റേയും അല്‍ക്കയുടേയും വിവാഹം.

◼️വൈദ്യുതി ഉത്പാദന വിതരണ കമ്പനികള്‍ക്ക് വിവിധ സംസ്ഥാനങ്ങളും വകുപ്പുകളും നല്‍കാനുള്ള കുടിശിക പണം എത്രയും വേഗം അടച്ചു തീര്‍ക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ടിപിസിയുടെ വിവിധ ഹരിത ഊര്‍ജ്ജ പദ്ധതികളുടെ ഉദ്ഘാടനത്തിനിടെയാണ് കുടിശിക തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടത്. കുടിശികക്കാരുടെ പട്ടികയില്‍ 11,935 കോടി രൂപ നല്‍കാനുള്ള തെലുങ്കാനയാണ് ഏറ്റവും മുന്നില്‍. കേരളത്തില്‍ കെഎസ്ഇബിക്ക് വിവിധ വകുപ്പുകള്‍ 1,278 കോടി രൂപയാണു നല്‍കാനുള്ളത്.

◼️ഡല്‍ഹിയിലെ മദ്യവില്‍പന വീണ്ടും സര്‍ക്കാറിനു കീഴിലാക്കി. മദ്യവില്‍പന സ്വകാര്യവല്‍ക്കരിച്ച തീരുമാനം ആംആദ്മി സര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ അബ്കാരിനയത്തില്‍ ലഫ് ഗവര്‍ണ്ണര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനു പിറകേയാണ് സര്‍ക്കാര്‍ നിലപാടു മാറ്റിയത്.

◼️ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിനും മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ ആര്‍.ബി ശ്രീകുമാറിനും ജാമ്യമില്ല. അഹമ്മദാബാദ് സെഷന്‍സ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്രമോദി അടക്കമുള്ളവര്‍ക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ആരോപിച്ചാണ് ഇവര്‍ക്കെതിരേ കേസെടുത്ത് ജയിലിലടച്ചത്.

◼️മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദ്വിഗ് വിജയ് സിംഗ് പൊലീസ് ഉദ്യോഗസ്ഥന്റെ ഷര്‍ട്ടില്‍ കുത്തിപിടിച്ചു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ഭോപ്പാലില്‍ വോട്ടര്‍മാരെ തടഞ്ഞ പോലീസുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമായി. അതിനിടയില്‍ കയറി പിടിച്ചുമാറ്റാനാണ് ദ്വിഗ് വിജയ് സിംഗ് എത്തിയത്. തന്നെ പിടിച്ച പോലീസിന്റെ ഷര്‍ട്ടില്‍ അദ്ദേഹം തിരിച്ചുപിടിച്ച ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. പൊലീസിനെ ആക്രമിച്ച ദ്വിഗ് വിജയ് സിംഗിനെ അറസ്റ്റു ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

◼️തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ കൊച്ചു മക്കള്‍ക്കു പലഹാരം വാങ്ങാന്‍ പോയ വിമുക്ത ഭടനായ രാധാകൃഷ്ണനെ പട്ടാപ്പകല്‍ നടു റോഡില്‍ വെട്ടിക്കൊന്നു. കേരള രജിസട്രേഷനിലുള്ള വാഹനത്തിലാണ് അക്രമികള്‍ രക്ഷപ്പെട്ടത്. ഇവരെ പിടികൂടാന്‍  പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതാക്കി.

◼️ഗുജറാത്തികളേയും രാജസ്ഥാനികളേയും പുറത്താക്കിയാല്‍ മഹാരാഷ്ട്ര തകരുമെന്നു പ്രസ്താവിച്ച ഗവര്‍ണര്‍ ഭഗത്സിംഗ് കോഷിയാരി മഹാരാഷ്ട്രയെ അപമാനിച്ചെന്ന് മുന്‍മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. ഹിന്ദുക്കള്‍ക്കിടയില്‍ വിഭാഗീയതയും ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും വളര്‍ത്താനാണു ഗവര്‍ണറുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

◼️ഭര്‍ത്താവുമൊത്ത് വിശാഖപട്ടണത്തിലെ ആര്‍കെ ബീച്ചില്‍ വിവാഹവാര്‍ഷികം ആഘോഷിക്കാനെത്തിയ 23 കാരിയുടെ തിരോധാനം വിവാദമായി. വിശാഖപട്ടണം സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ ആര്‍. സായ് പ്രിയയെ ആണ് കാണാതായത്. യുവതി കടല്‍ത്തിരയില്‍പ്പെട്ടെന്നു സംശയിച്ച് കോസ്റ്റ്ഗാര്‍ഡും നാവികസേനയും കടലില്‍ മൂന്നു ദിവസം തെരച്ചില്‍ നടത്തി. കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് ഇന്നലെയാണു വ്യക്തമായത്. 72 മണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിന് ഒരു കോടി രൂപയോളം സര്‍ക്കാരിനു ചെലവായെന്നാണു റിപ്പോര്‍ട്ട്.

◼️കാമുകനോടൊപ്പം ഒളിച്ചോടാന്‍ പാര്‍ക്കില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. ബംഗളൂരു ഗോവിന്ദരാജനഗര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പവന്‍ ദ്യാവണ്ണനവര്‍(25) ആണ് പിടിയിലായത്.

◼️സിംബാബ്വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും. മലയാളി താരം സഞ്ജു സാംസണും ഇഷാന്‍ കിഷനും ടീമിലുണ്ട്. സിംബാബ്വെക്കെതിരെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ഓഗസ്റ്റ് 18, 20, 22 തീയതികളിലാണ് മത്സരങ്ങള്‍.

◼️സ്രഷ്ടാക്കള്‍ക്ക് അവരുടെ ഉള്ളടക്കം കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ യൂട്യൂബ് പുതിയ ടൂള്‍ അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് നിലവിലുള്ള ദൈര്‍ഘ്യമേറിയ യൂട്യൂബ് വിഡിയോകളില്‍ നിന്ന് 60 സെക്കന്‍ഡ് വരെയുള്ള വിഡിയോ നിര്‍മിക്കാന്‍ പുതിയ ടൂള്‍ വഴി സാധിക്കും. ഇതോടൊപ്പം തന്നെ യൂട്യൂബില്‍ സാധാരണയായി ലഭിക്കുന്ന അതേ എഡിറ്റിങ് ടൂളുകള്‍ ഉപയോഗിച്ച് ഇവ ഷോര്‍ട്സ് ആക്കി മാറ്റാനും കഴിയും. സ്രഷ്ടാക്കള്‍ക്ക് ടൈംലൈന്‍ എഡിറ്റര്‍ ലഭിക്കും. നിങ്ങളുടെ ക്ലാസിക് ഉള്ളടക്കത്തിന് പുതുജീവന്‍ കൊണ്ടുവരാന്‍ പുതിയ ഫീച്ചറുകള്‍ ഉപയോഗിക്കാം. ഇതുവഴി കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താന്‍ കഴിയുമെന്നും കമ്പനി പറയുന്നു. സ്രഷ്ടാക്കള്‍ക്കായുള്ള പുതിയ ടൂള്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ലഭ്യമാകും.

◼️കടക്കെണിയിലും രാഷ്ട്രീയ പ്രതിസന്ധിയിലും പെട്ടുഴലുന്ന ശ്രീലങ്കന്‍ ജനതയ്ക്ക് പ്രഹരമായി രാജ്യത്തെ നാണയപ്പെരുപ്പ നിരക്ക് കുതിച്ചുയര്‍ന്നു. ജൂലായ് മാസത്തെ നാണയപ്പെരുപ്പം 60.8 ശതമാനമായാണ് ഉയര്‍ന്നത്. ജൂണ്‍മാസം ഇത് 54.6 ശതമാനമായിരുന്നു. ഇതോടെ ഭക്ഷ്യ വസ്തുക്കളുടെ നിരക്ക് 90.9 ശതമാനമായി ഉയര്‍ന്നുവെന്ന് സെന്‍സസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് വ്യക്തമാക്കുന്നു.

◼️ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് തിരുചിത്രമ്പലം. മിത്രന്‍ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസന്‍ എന്നിവരുമായി ചേര്‍ന്ന് മിത്രന്‍ ജവഹര്‍ തന്നെ തിരക്കഥ എഴുതുന്നു. 'തിരുചിത്രമ്പലം' എന്ന ധനുഷ് ചിത്രത്തിന്റെ ഒരു ഗാനം പുറത്തുവിട്ടു. 'തേന്‍മൊഴി' എന്ന ഗാനമാണ് പുറത്തുവിട്ടത്. ഓഗസ്റ്റ് 18ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നിത്യാ മേനോന്‍ റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ് രാജും ചിത്രത്തിലുണ്ട്. തിയറ്ററുകളില്‍ തന്നെയാണ് ധനുഷ് ചിത്രം റിലീസ് ചെയ്യുന്നത്.

◼️അപര്‍ണ്ണ ബാലമുരളി, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇനി ഉത്തരം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ചന്തുനാഥ്, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. രഞ്ജിത് ഉണ്ണിയുടേതാണ് തിരക്കഥ, സംഭാഷണം. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം പകരുന്നു.

◼️വരാനിരിക്കുന്ന മാരുതി ഗ്രാന്‍ഡ് വിറ്റാര എസ്യുവിക്ക് 9.50 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെ വിലവരുമെന്ന് റിപ്പോര്‍ട്ട്. പുതിയ വിറ്റാര എസ്യുവിയുടെ ഔദ്യോഗിക വില 2022 സെപ്റ്റംബറില്‍ പുറത്തിറങ്ങും. മൈല്‍ഡ് ഹൈബ്രിഡും ശക്തമായ ഹൈബ്രിഡ് പവര്‍ട്രെയിനുകളുമായാണ് പുതിയ ഗ്രാന്‍ഡ് വിറ്റാര വാഗ്ദാനം ചെയ്യുന്നത്. മൈല്‍ഡ് ഹൈബ്രിഡ് പതിപ്പ് 4 ട്രിം ലെവലുകളില്‍ വരും - സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ. മാനുവല്‍ പതിപ്പിന് 9.50 ലക്ഷം മുതല്‍ 15.50 ലക്ഷം രൂപ വരെയാണ് വില, ഓട്ടോമാറ്റിക് മോഡലിന് 12.50 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയാണ് വില. ശക്തമായ ഹൈബ്രിഡ് പതിപ്പ് സെറ്റ പ്ലസ്, ആല്‍ഫ പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. ഇവയുടെ വില യഥാക്രമം 17 ലക്ഷം രൂപയും 18 ലക്ഷം രൂപയുമാണ്.

◼️2021 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി. കാരൂര്‍ സ്മാരക പുരസ്‌കാരം ലഭിച്ച പന്തിരുകുലം ഉള്‍പ്പെടെ ഏഴു കഥകള്‍. ഏകാന്തവും സങ്കീര്‍ണവും കലുഷിതവുമായ ജീവിതസാഹചര്യങ്ങളെ മറികടന്നുകൊണ്ടൊരു മുന്നോട്ടുപോക്കിനായി താന്താങ്ങളുടെ വഴി കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരുടെ കഥകള്‍. ആ വഴിയാത്രയ്ക്കിടെ വിചാരിച്ചിടത്തെത്തുന്നവരും വഴിയമ്പലം തേടുന്നവരും വീണുപോകുന്നവരും എല്ലാം ചേര്‍ന്ന് ഈ കഥകള്‍ പൂര്‍ത്തിയാക്കുന്നു. 'വഴി കണ്ടുപിടിക്കുന്നവര്‍'. രണ്ടാം പതിപ്പ്. ദേവദാസ് വി.എം. മാതൃഭൂമി ബുക്സ്. വില 144 രൂപ.

◼️നല്ല ദന്താരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണശീലം അനിവാര്യമാണ്. ഭക്ഷണക്രമം മെച്ചപ്പെടുത്തി ദന്താരോഗ്യവും ഉറപ്പാക്കാന്‍ നിങ്ങള്‍ക്ക് ഈ ഭക്ഷണങ്ങളുടെ പട്ടിക ഉപയോഗിക്കാം. ചീസ് കഴിക്കുന്നത് വായിലെ പിഎച്ച് ഉയര്‍ത്തുകയും പല്ല് കേടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍. ചീസ് ചവയ്ക്കുമ്പോള്‍ വായിലെ ഉമിനീര്‍ വര്‍ദ്ധിപ്പിക്കുമെന്നും ചീസില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യവും പ്രോട്ടീനും പല്ലുകള്‍ക്ക് ശക്തി നല്‍കുകയും ചെയ്യും. ആരോഗ്യകരമായ ഏതൊരു ഡയറ്റ് തെരഞ്ഞാലും അതില്‍ ഉറപ്പായും ഇലക്കറികള്‍ സ്ഥാനം പിടിച്ചിട്ടുണ്ടാകും. കലോറി കുറവാണെങ്കിലും അവ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ്. കായ്, ചീര തുടങ്ങിയ ഇലക്കറികളും വായുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അവയില്‍ കാല്‍സ്യം കൂടുതലാണ്, ഇത് ഇനാമലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ആപ്പിള്‍ പോലുള്ള പഴങ്ങള്‍ മധുരമുള്ളതാണെങ്കിലും അതില്‍ ധാരാളം വെള്ളവും നാരുകളും അടങ്ങിയിട്ടുണ്ട്. ഒരു ആപ്പിള്‍ കഴിക്കുന്നത് വായില്‍ ഉമിനീര്‍ ഉത്പാദിപ്പിക്കുകയും ബാക്ടീരിയകളെയും ഭക്ഷ്യധാന്യങ്ങളെയും കഴുകിക്കളയുകയും ചെയ്യും. ആപ്പിളില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ മോണയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. പല്ല് തേക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ചിലപ്പോഴൊക്കെ ഒരു ആപ്പിള്‍ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം എന്നുവരെ പറയാറുണ്ട്.  തൈരില്‍ കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പല്ലുകളുടെ ആരോഗ്യത്തിനും ശക്തിക്കും അനുയോജ്യമാണ്. തൈരില്‍ കാണപ്പെടുന്ന പ്രോബയോട്ടിക്സ് അല്ലെങ്കില്‍ സഹായകരമായ ബാക്ടീരിയകള്‍ നിങ്ങളുടെ മോണകള്‍ക്ക് ഗുണം ചെയ്യും, കാരണം നല്ല ബാക്ടീരിയകള്‍ പല്ലിന് കേടുണ്ടാക്കുന്ന ബാക്ടീരിയകളെ കഴുകിക്കളയും. കാരറ്റും നാരുകളാല്‍ സമ്പന്നമാണ്. ഓരോ തവണ ഭക്ഷണം കഴിച്ചുകഴിയുമ്പോഴും കാരറ്റ് കടിച്ചുതുന്നുന്നത് വായില്‍ ഉമിനീര്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. ഇത് പല്ലില്‍ കേടുണ്ടാക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിട്ടുമുണ്ട്. ബദാമില്‍ പഞ്ചസാരയുടെ അളവ് കുറവാണെന്ന് മാത്രമല്ല കാല്‍സ്യവും പ്രോട്ടീനും അടങ്ങിിട്ടുമുണ്ട്.  ഉച്ചഭക്ഷണത്തോടൊപ്പമോ അതാതഴത്തിലെ സാലഡിലോ ഒരു പിടി ബദാം ഉള്‍പ്പെടുത്താം.

*ശുഭദിനം*

അതൊരു കാര്‍ഷികഗ്രാമമായിരുന്നു.  ഒരിക്കല്‍ കഴുത വിശന്നുവലഞ്ഞു നടന്ന്  ഗ്രാമാതിര്‍ത്തിയിലെത്തി.  അപ്പോഴാണ് ഒരു വീടിന്റെ മുറ്റത്ത് രണ്ടു വലിയ വൈക്കോല്‍ കൂനകള്‍ കണ്ടത്.  കഴുതയ്ക്ക് ഭയങ്കര സന്തോഷമായി. പക്ഷേ, ഇതിലെ ഏത് കൂനയില്‍ നിന്നും ആദ്യം കഴിക്കും?  ഏതിനായിരിക്കും കൂടുതല്‍ രുചി  ?  ഏത് കൂനയായിരിക്കും കര്‍ഷകന്‍ ആദ്യം എടുത്തുകൊണ്ടുപോവുക?  രണ്ടു കൂനയും എനിക്ക് തിന്നുതീര്‍ക്കാന്‍ സാധിക്കുമോ?  കഴുത ആലോചിച്ചു നില്‍പ്പായി.  അങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ കഴുത കുറെ നേരം നിന്നു.  അപ്പോഴാണ് അവിടത്തെ കര്‍ഷകന്‍ ഒരു വണ്ടി കൊണ്ടുവന്ന് അതില്‍ ആ രണ്ടു വൈക്കോല്‍ കൂനയും കയറ്റി പട്ടണത്തിലേക്ക് പോയത്... ആവശ്യത്തിന് മാത്രം ലഭിക്കുന്നതും ആവശ്യത്തിലധികം ലഭിക്കുന്നതും തമ്മില്‍ അളവില്‍ മാത്രമല്ല, ഉപയോഗരീതിയിലും വ്യത്യാസമുണ്ട്.  ആവശ്യത്തിന് മാത്രം ലഭിക്കുന്നതിന് അളവറ്റ് ആദരവുണ്ടായിരിക്കും.  അതിന് ദുര്‍വ്യയമോ ചൂഷണമോ ഉണ്ടാകില്ല.  ആവശ്യത്തിലധികം ലഭിക്കുന്നവയ്‌ക്കൊന്നും അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കുകയില്ല.   സമൃദ്ധിയുടെ മേച്ചില്‍ പുറങ്ങളില്‍ മേയുമ്പോഴും അയല്‍പക്കത്തെ മരുപ്പച്ചകളിലായിരിക്കും താല്‍പര്യവും ശ്രദ്ധയും.  ആവശ്യത്തിനനുസരിച്ച് ലഭിക്കുന്നതിന് സംതൃപ്തിയും സമാധാനവും ഉണ്ടാകും.  അധികം ലഭിക്കുന്നവര്‍ക്ക് ധാരാളം പ്രശ്‌നങ്ങളുണ്ട്.  അനേകം പ്രതിസന്ധികളിലൂടെയായിരിക്കും അവര്‍ ഓരോ നിമിഷവും കടന്നുപോവുക.  പ്രലോഭനങ്ങളില്‍ വീഴാതെ നാളയെക്കുറിച്ചുള്ള കരുതലോടെ ജീവിക്കാന്‍ നമുക്ക് സാധിക്കട്ടെ - *ശുഭദിനം.* 
മീഡിയ16