ഭുവി, ബുമ്ര, ചാഹല്‍; ട്രിപ്പിള്‍ ഷോക്കില്‍ ചാരമായി ഇംഗ്ലണ്ട്, ഇന്ത്യക്ക് ടി20 പരമ്പര

എഡ്ജ്ബാസ്റ്റണ്‍: രണ്ടാം മത്സരത്തില്‍ 49 റണ്‍സിന്‍റെ ആധികാരിക ജയവുമായി ഇംഗ്ലണ്ടിനെിരായ ടി20 പരമ്പര ഇന്ത്യ നേടി. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് ഓള്‍ ഔട്ടായി. 35 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍.മൂന്ന് ഓവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും 10 റണ്‍സിന് രണ്ട് വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുമ്രയും യുസ്‌വേന്ദ്ര ചാഹലും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 2-0ന് സ്വന്താക്കി.  സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 170-8, ഇംഗ്ലണ്ട് 17 ഓവറില്‍ 121ന് ഓള്‍ ഔട്ട്.കഴിഞ്ഞ മത്സരത്തിലേതുപോലെ ഇംഗ്ലണ്ടിന്‍റെ ഓപ്പണര്‍മാരെ പുറത്താക്കി ഭുവനേശ്വര്‍കുമാറാണ് ഇന്ത്യക്ക് ആശിച്ച തുടക്കം നല്‍കിയത്. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ജേസണ്‍ റോയിയെ സ്ലിപ്പില്‍ രോഹിത്തിന്‍റെ കൈകളിലെത്തിച്ചാണ് ഭുവി തുടങ്ങിയത്. ഭുവിയുടെ രണ്ടാം ഓവറില്‍ അപകടകാരിയായ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറെ(4) റിഷഭ് പന്ത്  കൈയിലൊതുക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടി.നീണ്ട ഇടവേളക്കുശേഷം ടി20 ടീമില്‍ തിരിച്ചെത്തിയ ജസ്പ്രീത് ബുമ്രയും മോശമാക്കിയില്ല. തകര്‍ത്തടിച്ച് തുടങ്ങിയ ലിയാം ലിവിംഗ്സ്റ്റണെ ബൗള്‍ഡാക്കിയാണ് ബുമ്ര ഇംഗ്ലണ്ടിന്‍റെ കുതിപ്പ് തടഞ്ഞത്. പിടിച്ചു നിന്ന ഡേവിഡ് മലനെയും(19) ഹാരി ബ്രൂക്കിനെയും(8) മടക്കി യുസ്‌വേന്ദ്ര ചാഹലും സാം കറനെ(2) മടക്കി ബുമ്രും ചേര്‍ന്ന്  ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ചു.മൊയീന്‍ അലി(21 പന്തില്‍ 35) വമ്പനടികളിലൂടെ പ്രതീക്ഷ നല്‍കിയെങ്കിലും ഇംഗ്ലണ്ടിന്‍റെ തോല്‍വിഭാരം കുറക്കാനെ അലിക്കായുള്ളു. അലിയെ മടക്കി ഹാര്‍ദ്ദിക്കും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായതോടെ ഇംഗ്ലണ്ടിന്‍റെ അവസാന പ്രതീക്ഷയും അകന്നു. ക്രിസ് ജോര്‍ദ്ദാന്‍(1) റണ്ണൗട്ടാവുകയും റിച്ചാര്‍ഡ് ഗ്ലീസണെ(2) ഭുവി വീഴ്ത്തുകയും ചെയ്തിനുശേഷം ഡേവിഡ് വില്ലി(22 പന്തില്‍ 33*) പൊരുതി നോക്കിയെങ്കിലും പാര്‍ക്കിന്‍സണെ(0) ക്ലീന്‍ ബൗള്‍ഡാക്കിയ ഹര്‍ഷല്‍ പട്ടേല്‍ ഇൺഗ്ലണ്ടിന്‍റെ പോരാട്ടം അവസാനിപ്പിച്ചു.നേരത്തെ ടോസ് നഷ്ടമായി ആധ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 170 റണ്‍സെടുത്തത്. 29 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രോഹിത് ശര്‍മയും റിഷഭ് പന്തും ചേര്‍ന്ന് ഇന്ത്യക്ക്  തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും അരങ്ങേറ്റക്കാരന്‍ റിച്ചാര്‍ഡ് ഗ്ലീസണും ക്രിസ് ജോര്‍ദ്ദാനും ചേര്‍ന്ന് പിന്നീട് ഇന്ത്യയെ എറിഞ്ഞൊതുക്കി. ആദ്യം രോഹിത്തിനെ(20 പന്തില്‍ 31) മടക്കിയ ഗ്ലീസണ്‍ പിന്നാലെ റിഷഭ് പന്തിനെ(15 പന്തില്‍ 26) വീഴ്ത്തി. വണ്‍ ഡൗണായി ക്രീസിലെത്തിയ വിരാട് കോലി(1) നേരിട്ട മൂന്നാം പന്തില്‍ വമ്പനടിക്ക് ശ്രമിച്ച് പുറത്തായി. ഗ്ലീസണ്‍ തന്നെയായിരുന്നു കോലിയെയും വഴ്ത്തിയത്.ഹാര്‍ദ്ദിക് പാണ്ഡ്യയെയും സൂര്യകുമാര്‍ യാദവിനെയും മടക്കി ജോര്‍ദ്ദാന്‍ ഇന്ത്യയുടെ നടുവൊടിച്ചു. 89-5ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ ജഡേജയും കാര്‍ത്തിക്കും ചേര്‍ന്ന് 100 കടത്തി. എന്നാല്‍ കാര്‍ത്തിക് (12)റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. അവസാന ഓവറുകളില്‍ വാലറ്റക്കാരായ ഹര്‍ഷല്‍ പട്ടേലിനെ(13) കൂട്ടുപിടിച്ച് ജഡേജ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ 170ല്‍ എത്തിച്ചത്. 29 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്ന ജഡേജ അഞ്ച് ബൗണ്ടറി നേടി. ഇംഗ്ലണ്ടിനായി റിച്ചാര്‍ഡ് ഗ്ലീസണ്‍ നാലോവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്രിസ് ജോര്‍ദാന്‍ നാലോവറില്‍ 27 റണ്‍സിന് നാലു വിക്കറ്റെടുത്തു.