◼️ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മരണത്തില്‍ ജപ്പാന്റെ ദുഃഖത്തിനൊപ്പം പങ്കുചേര്‍ന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമടക്കമുള്ള പ്രമുഖരെല്ലാം ദുഃഖം പങ്കുവച്ച് രംഗത്തെത്തി. ഉറ്റ സുഹൃത്തിനെ നഷ്ടമായെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. ഷിന്‍സോ ആബേയോടുള്ള ആദരസൂചകമായി ഇന്ന് ഇന്ത്യയില്‍ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
◼️സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ച് മന്ത്രിമാര്‍ക്കു കൈമാറി. മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ നല്‍കിയത്. ഫിഷറീസ് വകുപ്പ് അബ്ദുറഹ്‌മാനും യുവജനകാര്യം മുഹമ്മദ് റിയാസിനും സിനിമ, സാംസ്‌കാരിക വകുപ്പുകള്‍ വി എന്‍ വാസവനുമാണ് നല്‍കിയത്.
◼️ശ്രവണ വൈകല്യവും ബുദ്ധിപരമായ വെല്ലുവിളിയും നേരിടുന്ന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് ഇതര ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും നല്‍കും. എസ്എസ്എല്‍സി പരീക്ഷ ജയിക്കാന്‍ ഓരോ വിഷയത്തിനും നല്‍കുന്ന 25 ശതമാനം ഗ്രേസ് മാര്‍ക്കാണ് ഭിന്നശേഷി നേരിടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുക.
◼️എഡിജിപി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. ബെവ്കോ എംഡി ശ്യാം സുന്ദറിനെ ക്രൈം ബ്രാഞ്ച് ഡിഐജിയാക്കി. കോഴിക്കോട് റൂറല്‍ എസ്പി ശ്രീനിവാസനെ ഇന്റലിജന്‍സ് വിഭാഗത്തിലേക്കു മാറ്റി. എറണാകുളം റൂറല്‍ എസ്പി കാര്‍ത്തികിനെ കോട്ടയത്തേക്കും കൊല്ലം കമ്മീഷണര്‍ നാരായണനെ പൊലീസ് ആസ്ഥാനത്തേക്കും മാറ്റി. മെറിന്‍ ജോസഫ് പുതിയ കൊല്ലം കമ്മീഷണറാകും. കറുപ്പസ്വാമിയാണ് കോഴിക്കോട് റൂറല്‍ എസ്പി. വയനാട് എസ്പിയായിരുന്ന അരവിന്ദ് സുകുമാറിനെ കെഎപി നാലിലേക്ക് മാറ്റി. കോട്ടയം എസ്പി ശില്‍പ്പയെ വനിത ബറ്റാലിയനിലേക്കു മാറ്റി. ആര്‍ ആനന്ദ് വയനാട് എസ്പിയാകും. വിവേക് കുമാറാണ് പുതിയ എറണാകുളം റൂറല്‍ എസ്പി. കുര്യാക്കോസിനെ ഇടുക്കി എസ്പിയായി നിയമിച്ചു.
◼️എഐസിസി തീരുമാനമനുസരിച്ച് നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരം സംഘടിപ്പിക്കാന്‍ കെപിസിസി തീരുമാനിച്ചു. കോഴിക്കോട് ഈ മാസം 23 നും 24 നുമാണ് കെപിസിസി ചിന്തന്‍ ശിബിരം. രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, നിര്‍വാഹക സമിതി അംഗങ്ങള്‍, എം പിമാര്‍, എം എല്‍ എമാര്‍, എഐസിസി അംഗങ്ങള്‍, പോഷക സംഘടനകളുടെ സംസ്ഥാന അധ്യക്ഷന്‍മാര്‍ - ദേശീയ ഭാരവാഹികള്‍, ക്ഷണിക്കപ്പെട്ട അംഗങ്ങള്‍ എന്നിവരായിക്കും പങ്കെടുക്കുക.
◼️മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യക്ക് പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫെമ നിയമം ലംഘിച്ചതിന് 51.72 കോടി രൂപ പിഴയായി അടയ്ക്കണമെന്നാണ് ഉത്തരവ്. ആനംസ്റ്റി ഇന്ത്യയുടെ മുന്‍ സിഇഒ ആകര്‍ പട്ടേലിന് 10 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ വിദേശത്തുനിന്ന് പണം സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന 'ഫെമ' നിയമം ലംഘിച്ചതിനാണ് സംഘടനയ്ക്കും മുന്‍ സിഇഒക്കുമെതിരെ പിഴ ചുമത്തിയത്. വിദേശത്ത് നിന്ന് ആംനസ്റ്റി 36 കോടി രൂപ സ്വീകരിച്ചത് 'ഫെ'മ നിയമം ലംഘിച്ചാണെന്ന് കണ്ടെത്തിയിരുന്നു.
◼️ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്കു തയ്യാറാകാതെ കേന്ദ്രം. വിധിയില്‍ ആശങ്കയുള്ള സംസ്ഥാനങ്ങള്‍ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കട്ടെയെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്. സുപ്രീം കോടതിയുടെ ഉത്തരവിലും അങ്ങനെയാണു നിര്‍ദേശം. എന്നാല്‍ കേരളം സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിക്കാതെ കേന്ദ്രത്തോടു നിയമനിര്‍മാണം ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരിക്കുകയാണ്.
◼️കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി രൂപീകരിച്ച പുതിയ കമ്പനിയായ കെ സ്വിഫ്റ്റിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. കമ്പനി രൂപീകരണം സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണെന്നും ഇതില്‍ ഇടപെടുന്നില്ലെന്നു0 കോടതി വ്യക്തമാക്കി. പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ ഹര്‍ജിയും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ഹര്‍ജിയുമാണ് ഹൈക്കോടതി തള്ളിയത്.
◼️പൊതുമരാമത്ത് വകുപ്പിന്റെ 31 പദ്ധതികള്‍ക്ക് കിഫ്ബി അനുമതി. പ്രധാന പദ്ധതികളുടെ സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള പദ്ധതികള്‍ക്കാണ് കിഫ്ബി യോഗത്തില്‍ അനുമതിയായത്. 2798.97 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്.
◼️കെ ഫോണ്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനു പിറകേ, പദ്ധതിയെ ലാഭകരമാക്കി നടത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന സ്ഥാപനമാക്കി കെ ഫോണിനെ മാറ്റും. ഐഎസ്പി ലൈസന്‍സിനു സമര്‍പ്പിച്ച അപേക്ഷ കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
◼️സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.
◼️ഗൂഡാലോചന കേസില്‍ ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം രഹസ്യമൊഴി നല്‍കി. സ്വപ്നക്കെതിരെ പാലക്കാട്ടെ സിപിഎം നേതാവ് സി.പി പ്രമോദ് നല്‍കിയ പരാതിയിലെടുത്തിരുന്ന കേസിലേക്കാണു രഹസ്യമൊഴി. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കിയത്. ഷാജ് കിരണിന്റെ മൊഴി അടുത്തയാഴ്ച എടുക്കും.
◼️ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. കേസ് എന്തുകൊണ്ട് റദ്ദാക്കണമെന്ന് വ്യക്തമാക്കാന്‍ സ്വപ്നയോട് കോടതി ആവശ്യപ്പെട്ടു. വാദംകേട്ട ശേഷം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു.
◼️ഇന്ന് കണ്ണൂരിലെത്തുന്ന ഗതാഗത മന്ത്രി ആന്റണി രാജുവിനെ ബഹിഷ്‌കരിക്കുമെന്ന് സിഐടിയു. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ യാര്‍ഡ് ഉദ്ഘാടനത്തിനാണ് മന്ത്രി ആന്റണി രാജു എത്തുന്നത്. ബസുകളുടെ ബോര്‍ഡില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിക്കും.
◼️സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമായ ബോണ്‍മാരോ ഡോണര്‍ രജിസ്ട്രിയില്‍ 112 ദാതാക്കള്‍ രജിസ്റ്റര്‍ ചെയ്തെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മലബാര്‍ കാന്‍സര്‍ സെന്ററിലെ രജിസ്ട്രിയുടെ പ്രവര്‍ത്തനം തുടങ്ങി കുറഞ്ഞ കാലയളവിനുള്ളില്‍ അനുയോജ്യരായ ഇത്രയും ദാതാക്കളെ കണ്ടെത്താനായത് വലിയ നേട്ടമാണ്.
◼️രാജ്യസഭയിലേക്കു നാമനിര്‍ദ്ദേശം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കു നന്ദിയെന്ന് പി.ടി ഉഷ. രാഷ്ട്രീയമല്ല സ്പോര്‍ട്സാണ് പ്രധാനം. എളമരം കരീമിനെ താന്‍ ബഹുമാനിക്കുന്നു. അടുത്തറിയുന്ന നേതാവാണ്. അദ്ദേഹത്തിന്റെ പ്രസ്താവനക്ക് കൂടുതല്‍ മറുപടി നല്‍കുന്നില്ല. പലര്‍ക്കും പല അഭിപ്രായവും പറയാമെന്നും പിടി ഉഷ പറഞ്ഞു.
◼️അടൂര്‍ കാര്‍ഷിക വികസന ബാങ്ക് ഭരണസമിതിയിലെ കോണ്‍ഗ്രസ് സിപിഎം കൂട്ടുകെട്ടുമായി ബന്ധപ്പെട്ട് അഞ്ചു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. പാര്‍ട്ടി ജില്ലാ ഭാരവാഹികളായ ഏഴംകുളം അജു, റെജി പൂവത്തൂര്‍, ഡിഎന്‍ തൃദീപ്, എം ആര്‍ ജയപ്രകാശ്, ബ്ലോക്ക് പ്രസിഡന്റ് ബിജു ഫിലിപ്പ് എന്നിവരെ സ്ഥാനത്തുനിന്ന് നീക്കി. സിപിഎമ്മുമായി കൂട്ടുകൂടിയതിനെതിരെ നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും പ്രാദേശിക നേതാക്കളും പരാതി നല്‍കിയിരുന്നു.
◼️പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ വനിതാ പ്രവര്‍ത്തകയ്ക്കുനേരെ പീഡനശ്രമം ഉണ്ടായില്ലെന്നാണു പെണ്‍കുട്ടി പറഞ്ഞതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടില്ല. അഖിലേന്ത്യ കമ്മിറ്റിക്ക് ലഭിച്ച പരാതിയില്‍ പീഡന പരാമര്‍ശമില്ല. പരാതി ഉണ്ടെങ്കില്‍ അത് പൊലീസിനെ ഏല്‍പ്പിക്കും. സഹപ്രവര്‍ത്തകയ്ക്ക് എല്ലാ നിയമസഹായവും സംഘടന നല്‍കും. പറയാത്ത കാര്യങ്ങളാണു വാര്‍ത്തയായതെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ഷാഫി പറഞ്ഞു.
◼️വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഭിജിത്ത് സോമനാണ് പിടിയിലായത്. നിയമ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് പ്രതി പണം തട്ടിയെടുത്തതായും പരാതിയുണ്ട്.
◼️പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് സംഭവം. മണ്ണാര്‍മല പച്ചീരി വീട്ടില്‍ ജിനേഷ്(22)നെയാണ് പോലീസ് അറസ്റ്റുചെയ്തത്.
◼️മോഷ്ടിച്ച ബൈക്കില്‍ വ്യാജ നമ്പര്‍പ്ലേറ്റ് സ്ഥാപിച്ചു കറങ്ങി നടന്ന യുവാവ് പിടിയില്‍. തുറവൂര്‍ പടിഞ്ഞാറെ മനക്കോടം വടക്കേക്കാട് ദീപു(24)ആണ് ചേര്‍ത്തല പൊലീസിന്റെ പിടിയിലായത്.
◼️മുറ്റത്ത് സൈക്കിള്‍ ചവുട്ടിക്കൊണ്ടിരുന്ന രണ്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാടോടികള്‍ അറസ്റ്റിലായി. മധ്യപ്രദേശ് ദിന്‍ഡോറി മോഹതാരാ വീട്ടു നമ്പര്‍ 75-ല്‍ നങ്കുസിങ് (27), മധ്യപ്രദേശ് പിന്‍ഖി പാഖ്ടല ഖര്‍ഗഹന വാര്‍ഡ് നമ്പര്‍ 16-ല്‍ രമേശ്കുമാറിന്റെ ഭാര്യ സോണിയ ദുര്‍വ്വേ (27) എന്നിവരാണ് വെച്ചൂച്ചിറ പൊലീസിന്റെ പിടിയിലായത്.
◼️ഛത്തീസ് ഗഡില്‍ മലവെള്ളപ്പാച്ചിലില്‍ മലയാളി ജവാന്‍ മരിച്ചു. സിആര്‍പിഎഫ് കമാന്‍ഡോ കൊല്ലം ശൂരനാട് സ്വദേശി സൂരജ് ആര്‍ ആണ് മരിച്ചത്. നക്സല്‍ ബാധിത മേഖലയില്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി മടങ്ങുമ്പോഴാണ് അപകടം.
◼️പത്തനംതിട്ട കുമ്പളാംപൊയ്കയില്‍ നാടക കലാകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. വടശേരിക്കര സ്വദേശി സ്വദേശി ബിനീഷ് (42) ആണ് മരിച്ചത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
◼️മട്ടന്നൂരില്‍ പൊലീസ് പരിശോധനയ്ക്കിടെ 75 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോട്ടയം പൊയില്‍ സ്വദേശി ഫഹദ് ഫഹാജസ് ആണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
◼️കോഴിക്കോടുനിന്ന് മൂന്നു ദിവസം മുമ്പ് കാണാതായ പതിനഞ്ചുകാരിയെ കര്‍ണാടകത്തില്‍ കണ്ടെത്തി. ബുധനാഴ്ച സ്‌കൂളിലേക്ക് ടിസി വാങ്ങാനിറങ്ങിയ കുട്ടിയെയാണ് എലത്തൂര്‍ പൊലീസ് കര്‍ണാടകത്തിലെ ഛന്നപട്ടണത്തിനു സമീപത്ത് കണ്ടെത്തിയത്. കുട്ടിയെ കര്‍ണാടകത്തിലെത്തിച്ച ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◼️കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം ആലിപ്പറമ്പില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഒളവട്ടൂര്‍ കയിലോക്കിങ്ങല്‍ പുതിയത്ത് പറമ്പില്‍ മുഹമ്മദലി (24)യാണ് പിടികൂടിയത്.
◼️ഗുണ്ടല്‍പ്പേട്ടില്‍ വാഹനാപകടത്തില്‍ പച്ചക്കറി വ്യാപാരി മരിച്ചു. പുതുപ്പാടി ഈങ്ങാപ്പുഴ പൂലോട് സ്വദേശി നെടുവേലില്‍ നവാസ് (38) ആണ് മരിച്ചത്.
◼️നോണ്‍-മേജര്‍ തുറമുഖങ്ങളുമായുള്ള റോഡ്, റെയില്‍ കണക്റ്റിവിറ്റി പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍. റെയില്‍വേ മന്ത്രാലയം, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയങ്ങള്‍ എന്നിവയോടാണ് സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്‍പ്പെടാത്ത തുറമുഖങ്ങളാണ് നോണ്‍-മേജര്‍ തുറമുഖങ്ങള്‍. 52 റോഡ് നിര്‍മ്മാണ പദ്ധതിയും 28 റെയില്‍ കണക്റ്റിവിറ്റി പദ്ധതിയുമാണു പൂര്‍ത്തിയാക്കാനുള്ളത്.
◼️മഹാരാഷ്ട്രയില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഉദ്ദവ് താക്കറെ. അമ്പും വില്ലും ചിഹ്നം ആര്‍ക്കും വിട്ട് കൊടുക്കില്ലെന്നും ജനപിന്തുണ ആര്‍ക്കെന്ന് തെളിയിക്കാമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഉദ്ദവ്പറഞ്ഞു. എംപിമാരും എംഎല്‍എമാരുമെല്ലാം കൂട്ടത്തോടെ വിമത പക്ഷത്തായെങ്കിലും ജനങ്ങള്‍ ഒപ്പമുണ്ടെന്ന ആത്മവിശ്വാസമാണ് ഉദ്ദവ് വാര്‍ത്താസമ്മേളനത്തില്‍ പ്രകടിപ്പിച്ചത്.
◼️നടന്‍ വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചില്‍ നേരിയ അസ്വസ്ഥത ഉണ്ടായതിനെത്തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിക്രത്തിന് ഹൃദയാഘാതം എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
◼️വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം തുക ഈടാക്കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ. ഇന്‍ഷുറന്‍സ് ആഡ് ഓണുകള്‍ പുറത്തിറക്കാന്‍ കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നല്‍കി. ഓണ്‍ ഡാമേജ് കവറേജില്‍ ടെക്നോളജി അധിഷ്ഠിതമായി പ്രീമിയം നിര്‍ണയിക്കാനാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുമതി.
◼️ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത അനുയായിയും സാഹിബ്ഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയുമായ പങ്കജ് മിശ്രയുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. 17 സ്ഥലങ്ങളിലാണ് ഇഡി ഒരേ സമയം റെയിഡ് നടത്തിയത്. മിശ്രയ്‌ക്കെതിരെ ജാര്‍ഖണ്ഡ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ്. 2020ല്‍ ടോള്‍ കരാറുകാരന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ചിരുന്നു.
◼️ജമ്മു കാഷ്മീരിലെ അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. കാണാതായ നാല്‍പതോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ക്ഷേത്രത്തില്‍ തീര്‍ത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്. മൂന്നു ഭക്ഷണശാലകളും 25 ടെന്റുകളും പ്രളയത്തില്‍ തകര്‍ന്നു.
◼️അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാനതല വാര്‍ റൂം ടീം രൂപീകരിച്ചു. വാര്‍ റൂം ചെയര്‍മാനായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശശികാന്ത് സെന്തിലിനെ നിയമിച്ചു. സുനില്‍ കനുഗൗലി എകോപന ചുമതലയില്‍ തുടരും. സൂരജ് ഹെഗ്‌ഡെയെ സംസ്ഥാന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായും നിയോഗിച്ചു.
◼️കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ എസ്ബിഐ നിരവധി ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇതിനെതിരെ പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്തെത്തുകയും ചെയ്തു.
◼️മകളുടെ സ്‌കൂള്‍ യൂണിഫോമിനു പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് ബീഹാറിലെ അരാരിയയില്‍ പിതാവ് വാളുമായി സ്‌കൂളില്‍ അതിക്രമിച്ച് കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി. 24 മണിക്കൂറിനുള്ളില്‍ പണം ലഭിച്ചില്ലെങ്കില്‍ വീണ്ടും വരുമെന്ന് അക്ബര്‍ എന്നയാള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
◼️ദുബൈയില്‍ പിടിയിലായ കുപ്രസിദ്ധ കൊക്കെയ്ന്‍ മാഫിയ തലവനെ ബ്രിട്ടന് കൈമാറി. മിഷേല്‍ പോള്‍ മൂഗന്‍ എന്നയാളാണ് പിടിയിലായത്. എട്ടു വര്‍ഷമായി ബ്രിട്ടന്റെ ദേശീയ ക്രൈം ഏജന്‍സി അന്വേഷിക്കുന്ന ഇയാള്‍ കഴിഞ്ഞ ഏപ്രിലിലാണ് ദുബൈ പൊലീസിന്റെ പിടിയിലായത്.
◼️ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാസംഗമത്തില്‍ പത്തു ലക്ഷത്തിലേറെ പേര്‍ പങ്കെടുത്തു. മക്കയിലെ അറഫാ മൈതാനിയിലും നമീറ പള്ളിയിലും ജബല്‍ റഹ്‌മ കുന്നിലുമായാണ് ഇത്രയും പേര്‍ ഒത്തുകൂടിയത്.
◼️വര്‍ഷങ്ങളായി ശേഖരിച്ച പെപ്സി കാനുകളുടെ പേരില്‍ ഗിന്നസ് ലോകറെക്കോര്‍ഡ്. ഇറ്റലിക്കാരനായ ക്രിസ്റ്റ്യന്‍ കാവലെറ്റാണ് ഇങ്ങനെയൊരു ലോക റിക്കാര്‍ഡ് സ്വന്തമാക്കിയത്. പന്ത്രണ്ടായിരത്തിലധികം കാനുകളാണ് ക്രിസ്റ്റ്യന്റെ ശേഖരത്തിലുള്ളത്. വിവിധ രാജ്യങ്ങളില്‍നിന്ന് ശേഖരിച്ച കാനുകള്‍, കമ്പനി ലിമിറ്റഡ് എഡിഷനായി ഇറക്കിയ പെപ്സി കാനുകള്‍ എന്നിവ അടങ്ങുന്നതാണ് ശേഖരം.
◼️2022-2023 ഐ.എസ്.എല്ലിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ വിദേശതാരത്തെ ടീമിലെത്തിച്ചു. ഓസ്‌ട്രേലിയന്‍-ഗ്രീക്ക് അന്താരാഷ്ട്ര താരമായ അപ്പോസ്തലസ് ജിയാനൗവിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
◼️ഗോവയില്‍ നടക്കേണ്ട 36-ാമത് ദേശീയ ഗെയിംസിന് ഗുജറാത്ത് വേദിയാകും. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 10 വരെയാണ് ദേശീയ ഗെയിംസ് തീരുമാനിച്ചിരിക്കുന്നത്. ഗെയിംസ് നടത്താനുള്ള സന്നദ്ധത ഗോവ അറിയിക്കാത്തതിനാലാണ് തീരുമാനമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അറിയിച്ചു.
◼️മലേഷ്യ മാസ്റ്റേഴ്സ് സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മലയാളി താരം എച്ച് എസ് പ്രണോയ് പുരുഷ വിഭാഗം സെമിയിലെത്തി. ലോക പതിനാലാം നമ്പര്‍ താരം കാന്റാ സുനെയാമയെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് പ്രണോയിയുടെ സെമി പ്രവേശനം. അതേസമയം വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി വി സിന്ധു ലോക രണ്ടാം നമ്പര്‍ താരം മലേഷ്യയുടെ തായ് സു യിങിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ അടിയറവ് പറഞ്ഞു.
◼️സെര്‍ബിയയുടെ ഇതിഹാസ താരം നൊവാക് ജോക്കോവിച്ച് വിംബിള്‍ണ്‍ ഫൈനലില്‍. നിലവിലെ ചാമ്പ്യന്‍ കൂടിയായ ജോക്കോവിച്ച് സെമി ഫൈനലില്‍ ബ്രിട്ടന്റെ കാമറൂണ്‍ നോറിയെ കീഴടക്കിയാണ് ഫൈനലിലെത്തിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചടിച്ച ജോക്കോവിച്ച് പിന്നീടുള്ള മൂന്ന് സെറ്റുകളും നേടിയാണ് ഫൈനലിലെത്തിയത്. നാളെ നടക്കുന്ന ഫൈനലില്‍ നിക് കിര്‍ഗിയോസാണ് ജോക്കോവിച്ചിന്റെ എതിരാളി.
◼️കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ റേറ്റിങ് ഉയര്‍ത്തി. ബിബിബി+ ( സ്റ്റേബിള്‍)ല്‍ നിന്ന് എ- ( സ്റ്റേബിള്‍) എന്ന റേറ്റിങ്ങിലേക്ക് പ്രമുഖ റേറ്റിങ് സ്ഥാപനമായ കെയര്‍ ഉയര്‍ത്തിയതായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനി 25 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷം നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ 45 ശതമാനം വളര്‍ച്ച നേടി. ഇക്കാലയളവില്‍ സംയോജിത ആസ്തി 2498.60 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 1994.21 കോടി രൂപയായിരുന്നു. മൊത്ത നിഷ്‌ക്രിയ ആസ്തി 0.61 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.52 ശതമാനവുമാണ്. നിലവില്‍ സ്ഥാപനത്തിന് രാജ്യമൊട്ടാകെ 830 ശാഖകളാണ് ഉള്ളത്.
◼️റെഡ്മീ കെ50ഐ 5ജി ആമസോണില്‍ ലഭ്യമായി തുടങ്ങും. ജൂലൈ 20നാണ് ഫോണ്‍ ലോഞ്ച് ചെയ്യുന്നത്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി റെഡ്മീ കെ50ഐ 5ജിയുടെ ഇന്ത്യയിലെ വിലയെക്കുറിച്ചുള്ള വിശദാംശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. റെഡ്മി സ്മാര്‍ട്ട്‌ഫോണ്‍ ആദ്യമായി അവതരിപ്പിച്ച റെഡ്മി നോട്ട് 11 ടി പ്രോയുടെ റീബ്രാന്‍ഡഡ് പതിപ്പായിരിക്കും ഇതെന്ന സൂചനയുമുണ്ട്. റെഡ്മി ഹാന്‍ഡ്‌സെറ്റ് ഇന്ത്യയില്‍ രണ്ട് വേരിയന്റുകളിലും മൂന്ന് കളര്‍ ഓപ്ഷനുകളിലും ലഭ്യമാകുമെന്ന സൂചനകള്‍ നേരത്തെയുണ്ടായിരുന്നു. ജൂലൈ 23, 24 തീയതികളില്‍ നടക്കാനിരിക്കുന്ന 2022 ആമസോണ്‍ പ്രൈം ഡേ സെയില്‍ സമയത്ത് ഫോണ്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
◼️തങ്ങളുടെ നിര്‍മ്മാണത്തില്‍ എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്. ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. എന്നാല്‍ പുതിയ ചിത്രത്തില്‍ ദിലീഷ് പോത്തന്‍ മാത്രമേ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുള്ളൂ. പാല്‍തു ജാന്‍വര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സംഗീതം പി രാജനാണ്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബേസില്‍ ജോസഫ് ആണ്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
◼️സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 15ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. പൊലീസ് ഉദ്യോഗസ്ഥനായാണ് സൗബിന്‍ സിനിമയില്‍ എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് കഥയാണ് ചിത്രം പറയുന്നത്. സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ 'ഇലവീഴാപൂഞ്ചിറ' എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
◼️ഹ്യുണ്ടായ് മോട്ടോര്‍ മൂന്ന് നിരകളുള്ള അല്‍കാസര്‍ എസ്യുവിയുടെ പുതിയ വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. അല്‍കാസര്‍ പ്രസ്റ്റീജ് എക്സ്ഇ എന്ന ഈ വേരിയന്റ് ഇപ്പോള്‍ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏഴ് സീറ്റര്‍ എസ്യുവിയുടെ പുതിയ അടിസ്ഥാന വേരിയന്റാണ്. ഇത് 15.89 ലക്ഷം രൂപയ്ക്ക് (എക്സ്-ഷോറൂം) ലഭ്യമാണ് . അല്‍കാസറിന്റെ മുന്‍ എന്‍ട്രി ലെവല്‍ വേരിയന്റിനേക്കാള്‍ ഏകദേശം 40,000 രൂപ താങ്ങാനാവുന്ന വിലയാണിത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ഘടിപ്പിച്ച 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ അടിസ്ഥാന വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. പ്രസ്റ്റീജ്, പ്ലാറ്റിനം, സിഗ്നേച്ചര്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ വാഗ്ദാനം ചെയ്യുന്ന അല്‍കാസര്‍ എസ്യുവി ഇപ്പോള്‍ 20 വേരിയന്റുകളില്‍ ലഭ്യമാണ്.
◼️സുര്‍ക്കിയില്‍ പടുത്തുയര്‍ത്തിയ അണക്കെട്ടിന്റെ നര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളെ കോര്‍ത്തിണക്കിയ നോവല്‍. നൂറ് വര്‍ഷം പഴക്കമുള്ള അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ സംഭവിച്ച, നിഗൂഢവും പൈശാചികവുമായ, ചില ആഭിചാരക്രിയകളുടെ കഥകളിലേക്ക് നന്ദന്‍ എന്ന യുവഎഞ്ചിനീയര്‍ വലിച്ചിഴയ്ക്കപ്പെടുന്നു. ഒടിയന്മാരുടെയും മന്ത്രവാദികളുടെയും സഹായത്തോടെ അണക്കെട്ടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ വിഘ്‌നങ്ങള്‍ തീര്‍ക്കുവാന്‍ ഗര്‍ഭിണിയായ ഒരു നമ്പൂതിരിസ്ത്രീയെ ബലി കൊടുക്കാനുള്ള ശ്രമങ്ങളും അതിനോട് ബന്ധപ്പെട്ട് ലഭിക്കുന്ന ഒരു നിധികുംഭത്തിനു വേണ്ടിയുള്ള സ്പര്‍ദ്ധകളുമാണ് ഈ നോവലിനെ മാസ്മരികമായ വായനാനുഭവമാക്കി മാറ്റുന്നത്. 'അംബാലികയുടെ ആത്മാവ്'. നിഖില്‍ രാജ് കെ. ഗ്രീന്‍ ബുക്സ്. വില 133 രൂപ.
◼️കൊറോണ വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുന്നില്ലെങ്കിലും കോവിഡ് അണുബാധ മൂലമുണ്ടാകുന്ന പ്രതിരോധ പ്രതികരണം തലച്ചോറിലെ രക്തധമനികള്‍ക്ക് നാശമുണ്ടാക്കാമെന്ന് പഠനം. ഇത് ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള നാഡീവ്യൂഹപ്രശ്നങ്ങള്‍ കോവിഡ് രോഗികളില്‍ ഉണ്ടാക്കാമെന്നും അമേരിക്കയില്‍ നടന്ന ഗവേഷണം വെളിപ്പെടുത്തി. യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്തിന്റെ ഭാഗമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കല്‍ ഡിസോഡേഴ്സ് ആന്‍ഡ് സ്ട്രോക്കാണ് പഠനം നടത്തിയത്. ഗവേഷണത്തിന്റെ ഭാഗമായി കോവിഡ് ബാധിച്ച് മരണപ്പെട്ട ഒന്‍പത് പേരുടെ തലച്ചോറില്‍ ഉണ്ടായ മാറ്റങ്ങള്‍ ശാസ്ത്രജ്ഞര്‍ പരിശോധിച്ചു. കോവിഡ് ബാധയോടുള്ള പ്രതികരണമായി ശരീരം പുറപ്പെടുവിക്കുന്ന ആന്റിബോഡികള്‍ തലച്ചോറിലെ രക്തധമനികള്‍ക്ക് ആവരണം തീര്‍ക്കുന്ന എന്‍ഡോതീലിയല്‍ കോശങ്ങളെ ആക്രമിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. തലച്ചോറിന് ആവശ്യമായ പോഷണങ്ങളെ രക്തത്തില്‍ നിന്ന് വലിച്ചെടുക്കാനും ദോഷകരമായ വസ്തുക്കള്‍ തലച്ചോറിലെത്താതെ സൂക്ഷിക്കാനും സഹായിക്കുന്നത് എന്‍ഡോതീലിയല്‍ കോശങ്ങളാണ്. ഇവയ്ക്ക് ക്ഷമതേല്‍ക്കുന്നതോടെ രക്തത്തില്‍ നിന്നുള്ള പ്രോട്ടീനുകള്‍ തലച്ചോറിലേക്ക് ചോരാന്‍ ഇടയാകുന്നു. തലച്ചോറില്‍ രക്തം കെട്ടിക്കിടന്ന് പക്ഷാഘാതത്തിന്റെ സാധ്യതയും ഇത് വര്‍ധിപ്പിക്കും. ചോര്‍ച്ച ആരംഭിക്കുന്നതോടെ ഇത് അടയ്ക്കാന്‍ രംഗത്തെത്തുന്ന മാക്രോഫേജുകള്‍ പോലുള്ള പ്രതിരോധ കോശങ്ങള്‍ തലച്ചോറിലെ രക്തധമനികളില്‍ നീര്‍ക്കെട്ടിന് കാരണമാകും. ഇത് നാഡീവ്യൂഹ കോശങ്ങള്‍ക്കും നാശം വരുത്തുമെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. തലവേദന, ക്ഷീണം, മണവും രുചിയും നഷ്ടമാകല്‍, ഉറക്കപ്രശ്നം, ബ്രെയ്ന്‍ ഫോഗ് തുടങ്ങി കോവിഡ് സൃഷ്ടിക്കുന്ന നാഡീവ്യൂഹപരമായ പ്രശ്നങ്ങളിലേക്കും ഗവേഷണം വെളിച്ചം വീശുന്നു. പഠനത്തിന് വിധേയരാക്കിയ രോഗികള്‍ മരണപ്പെട്ടിരുന്നില്ലെങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും ദീര്‍ഘകാല കോവിഡ് വരാനുള്ള സാധ്യത ഉണ്ടായിരുന്നതായും ഗവേഷകര്‍ വിശ്വസിക്കുന്നു. ബ്രെയ്ന്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
*ശുഭദിനം*
ആ കാട്ടില്‍ ദൈവം പ്രത്യക്ഷപ്പെട്ടു. ചെറിയ മരങ്ങള്‍ ദൈവത്തോട് പരാതി പറഞ്ഞു: വന്‍മരങ്ങള്‍ പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്നത് കൊണ്ട് ഞങ്ങളെ ആരും ശ്രദ്ധിക്കുന്നതേയില്ല. വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്തതുകൊണ്ട് വളരാനും സാധിക്കുന്നില്ല. ഞങ്ങള്‍ എന്നും ചെറുതായിതന്നെ നില്‍ക്കുന്നു. പിറ്റേന്നുതന്നെ ദൈവം വന്‍മരങ്ങളെയെല്ലാം അപ്രതൃക്ഷമാക്കി. അതിശക്തമായ മഴയും വെയിലുമേറ്റ് ചെറുമരങ്ങള്‍ തളരാന്‍ തുടങ്ങി. അവര്‍ വീണ്ടും ദൈവത്തെ വിളിച്ചു കരഞ്ഞു: ഞങ്ങള്‍ക്ക് തെറ്റുപറ്റി. ദയവുചെയ്ത് വന്‍മരങ്ങളെ തിരിച്ചുകൊണ്ടുവരിക. അവയ്ക്കിടയിലൂടെ ഞങ്ങള്‍ വളര്‍ന്നുകൊള്ളാം. ദൈവം കാടിനെ പൂര്‍വ്വസ്ഥിതിയിലാക്കി. പരാതിയൊന്നുമില്ലാതെ പിന്നെയവര്‍ അവിടെ വളര്‍ന്നു. ഒന്നും പരസ്പരവിരുദ്ധമല്ല. എല്ലാം പരസ്പര പൂരകങ്ങളാണ്. തന്റെ കഴിവുകൊണ്ടുമാത്രം വളരുന്ന ഒന്നുമില്ല. ഓരോന്നും മറ്റൊന്നിനെ സാധൂകരിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്. പൊതുക്രമീകരണത്തില്‍ നില്‍ക്കുമ്പോള്‍ ഒന്നിനും മറ്റൊന്നിന്റെ വില മനസ്സിലാകില്ല. നിസ്സാരമെന്ന് കരുതുന്നവ അപ്രത്യക്ഷമാകുമ്പോഴാണ് നാം തിരിച്ചറിയുക , അവയുടെ സാന്നിധ്യം എത്രമാത്രം ഗൗരവതരമായിരുന്നു എന്ന്. ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ട്. വ്യത്യസ്തതകൊണ്ടും വൈശിഷ്ട്യം കൊണ്ടും ഓരോന്നും തങ്ങളുടെ ആവാസവ്യവസ്ഥയെ ക്രമീകരിക്കുന്നുണ്ട്. തനിക്കൊപ്പം വളരുന്നവയ്‌ക്കെല്ലാം തന്റെ വളര്‍ച്ചയില്‍ ആധികാരികമായ പങ്കുണ്ട് എന്ന തിരിച്ചറിവുണ്ടായാല്‍ ഈ ലോകത്ത് ഒന്നിനും വിലയില്ലാതാവുകയില്ല - *ശുഭദിനം* .