◼️പീഡന പരാതിക്കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി.സി ജോര്‍ജിന് ജാമ്യം. കലാപമുണ്ടാക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു പിറകേയാണ് സോളാര്‍ തട്ടിപ്പുകാരിയുടെ പീഡനക്കേസില്‍ പോലീസ് അറസ്റ്റു ചെയ്തത്. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അറസ്റ്റ്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെയാണു ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെയോ മൂന്നു മാസം വരെയോ എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, പരാതിക്കാരിയേയോ സാക്ഷികളെയോ സ്വാധീനിക്കരുത് തുടങ്ങിയവയാണ് ഉപാധികള്‍. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണെന്നും ഹൃദ്രോഗം അടക്കമുള്ള രോഗങ്ങളുണ്ടെന്നും ജോര്‍ജിന്റെ അഭിഭാഷകന്‍ വാദിച്ചു.
◼️മുഖ്യമന്ത്രി പിണറായി വിജയന്റെ ബിനാമിയാണു വിവാദ വ്യവസായി ഫാരിസ് അബൂബക്കറെന്ന് പി.സി. ജോര്‍ജ്. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ഉടനേ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ ബിനിമി ഇടപാടുകളും അമേരിക്കന്‍ യാത്രയും അന്വേഷിക്കണമെന്ന് കേന്ദ്ര ഏജന്‍സികളോട് ആവശ്യപ്പെടും. മുഖ്യമന്ത്രിയുടെ മകള്‍ വീണ വന്‍തോതില്‍ ഡാറ്റ ചോര്‍ത്തി വിറ്റതിനെക്കുറിച്ചും അന്വേഷിക്കണം. ജാമ്യം ലഭിച്ചതിനു പിറകേ, ദൈവത്തിനു നന്ദി എന്നു പ്രതികരിച്ച ജോര്‍ജ് മാധ്യമപ്രവര്‍ത്തകയോടു മോശമായി സംസാരിച്ചതിനു ക്ഷമ ചോദിച്ചു.
◼️കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണയുടെ വില 14 രൂപ വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 102 രൂപയായി. നിലവിലുള്ള സ്റ്റോക്ക് തീരുന്നതുവരെ 84 രൂപയ്ക്ക് മണ്ണെണ്ണ വില്‍ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.
◼️സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്ത് ഓഫീസുകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിനാണ് ഓഫീസ് തുറക്കുന്നത്. പൊതുജനങ്ങള്‍ക്കു ഇന്ന് സേവനങ്ങള്‍ നല്‍കില്ല. പഞ്ചായത്ത് ഡയറക്ടര്‍ ഓഫീസും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം.
◼️ബിജെപിയും സിപിഎമ്മും തമ്മില്‍ ഒത്തുകളിയാണെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. തന്നെ അഞ്ചു ദിവസം ചോദ്യം ചെയ്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്തു കൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തത്. ബഫര്‍ സോണ്‍ സംബന്ധിച്ച് പിണറായി വിജയന്‍ ആശയക്കുഴപ്പം ഉണ്ടാക്കരുത്. യഥാര്‍ത്ഥ പ്രശ്നം മറയ്ക്കാനാണ് സിപിഎം തന്റെ ഓഫീസ് ആക്രമിച്ചതെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ ഭരണസംവിധാനങ്ങളെ ബിജെപിയും ആര്‍എസ്എസും ആക്രമിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
◼️മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പീഡന പരാതി കേസില്‍ സിബിഐക്കു സത്യസന്ധമായി മൊഴി നല്‍കിയതിനുള്ള പ്രതികാരമായാണ് തനിക്കെതിരേ പീഡനക്കേസ് കെട്ടിച്ചമച്ചതെന്ന് പിസി ജോര്‍ജ്ജ്. ഉമ്മന്‍ ചാണ്ടിക്കെതിരേ മൊഴി നല്‍കണമെന്ന് പരാതിക്കാരി തന്നോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ച് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്ന് പറഞ്ഞ പരാതിക്കാരി പിന്നീടത് ക്ലിഫ് ഹൗസില്‍ വച്ചാണെന്ന് മൊഴി മാറ്റി. ഇതോടെ സിബിഐയോട് പരാതിക്കാരി പച്ചക്കള്ളമാണു പറയുന്നതെന്ന് താന്‍ മൊഴി നല്‍കി. ഇതിന്റെ പ്രതികാരമായാണ് തന്നെ പീഡനക്കേസില്‍ കുടുക്കിയത്. ജോര്‍ജ് പറഞ്ഞു.
◼️അറസ്റ്റിനു ശേഷം മാധ്യമങ്ങളെ കണ്ട പിസി ജോര്‍ജ്ജും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ, പി.സി ജോര്‍ജ്ജ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതു തെറ്റാണെന്നു ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകയോട് പിന്നെ നിങ്ങളുടെ പേര് പറയണോയെന്ന് പി.സി ജോര്‍ജ്ജ് ക്ഷുഭിതനായി ചോദിച്ചു. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ ജോര്‍ജ് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധിച്ചു.
◼️പീഡന പരാതിയില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി.സി ജോര്‍ജ് തന്റെ പേരു വെളിപെടുത്തിയതിനെതിരെ മറ്റൊരു പരാതി കൂടി നല്‍കുമെന്ന് പരാതിക്കാരി. ജോര്‍ജ്ജിനെതിരായ പീഡനപരാതിയില്‍ തന്റെ കൈയില്‍ തെളിവുണ്ട്. എട്ടുവര്‍ഷമായി അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ട്. എന്നോട് അവിടേയും ഇവിടേയും വരാന്‍ പറഞ്ഞിട്ടുള്ളതിന്റെ തെളിവു ടെലിഫോണ്‍ സംഭാഷണങ്ങളിലുണ്ടെന്നും പരാതിക്കാരി പറഞ്ഞു.
◼️പി സി ജോര്‍ജിനെ മനപ്പൂര്‍വം കേസില്‍ കുടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജ്. മുഖ്യമന്ത്രിയുടെ കളിയാണിത്. രാഷ്ട്രീയ വൈരാഗ്യമാണ് പിന്നില്‍. മുഖ്യമന്ത്രിക്ക് ചേരുന്നതല്ല ഈ വേട്ടയാടല്‍. ഒരു കുടുംബം തകര്‍ക്കുന്ന പണിയാണ് അയാള്‍ ചെയ്തത്. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യം തനിക്കുണ്ട്. എന്റെ കൊന്തയ്ക്ക് സത്യമുണ്ടങ്കില്‍ ഈ ചെയ്തതിന് പിണറായി അനുഭവിക്കുമെന്നും ഉഷ ജോര്‍ജ് പറഞ്ഞു.
◼️പി.സി ജോര്‍ജ് അറസ്റ്റിലായതിനു പിറകേ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മകന്‍ ഷോണ്‍ ജോര്‍ജ്. നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് അറസ്റ്റെന്നും പിണറായിക്ക് പുത്രീവാത്സല്യം മൂത്ത് ഭ്രാന്തായതാണെന്നും ഷോണ്‍ ജോര്‍ജ്. ഓലപ്പടക്കം ചീറ്റിയതുകൊണ്ടാണ് വിഷയം മാറ്റാന്‍ പുതിയ തന്ത്രമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
◼️മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി അവഗണിക്കുകയും സോളാര്‍ കേസിലെ പ്രതിയുടെ മൊഴിയുടെ പേരില്‍ പിസി ജോര്‍ജിനെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രാഥമിക അന്വേഷണം പോലും നടത്താത്ത പൊലീസ് പിസി ജോര്‍ജിനെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് അറസ്റ്റ് ചെയ്തതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
◼️അഭയ കേസില്‍ പ്രതിയായ സിസ്റ്റര്‍ സെഫിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്. എല്ലാ ശനിയാഴ്ചകളിലും സിബിഐ ഓഫിസിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ടാല്‍ മതിയെന്ന് ഹൈക്കോടതി മാറ്റി. കോട്ടയത്താണ് സിസ്റ്റര്‍ സെഫി താമസിക്കുന്നത്.
◼️മതനിന്ദ ആരോപിച്ചുള്ള കേസില്‍ സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ വേഷത്തിന്റെ പേരില്‍ സമൂഹമാധ്യമത്തിലൂടെ മതപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ചുള്ള കേസിലാണ് മുന്‍കൂര്‍ ജാമ്യം.
◼️വഴിയരികില്‍ കാത്തുനിന്നവരോടു കുശലും പറഞ്ഞും പൂക്കള്‍ സ്വീകരിച്ചും രാഹുല്‍ ഗാന്ധി. കൊച്ചുകുട്ടിയെ മടിയിലിരുത്തി ചോക്ളേറ്റ് നല്‍കി ഫോട്ടോയെടുത്തും രാഹുല്‍ അനേകരുടെ മനം കവര്‍ന്നു. വണ്ടൂരിലേക്കുള്ള യാത്രാ മധ്യേയാണ് രാഹുലിനെ ഒരു കൂട്ടി കൈകാണിച്ചു വാഹനം നിര്‍ത്തിച്ചത്. രാഹുല്‍ എടുത്ത സെല്‍ഫിയും കുറിപ്പും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
◼️വാഹനാപകടത്തില്‍ പരിക്കേറ്റ് വഴിയില്‍ വീണു കിടന്നയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനും ആശുപത്രിയില്‍ എത്തിക്കാനും നേതൃത്വം നല്‍കി രാഹുല്‍ ഗാന്ധി. വണ്ടൂരിലെ പൊതുപരിപാടി കഴിഞ്ഞ് രാഹുല്‍ ഗാന്ധി ഗസ്റ്റ് ഹൗസിലേക്കു പോകുമ്പോഴാണ് വടപുറത്ത് ഒരാള്‍ ടൂവീലര്‍ അപകടത്തില്‍പെട്ടത് കണ്ടത്. വടപുറം സ്വദേശി അബൂബക്കര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. വാഹനം നിര്‍ത്തി ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ രാഹുല്‍ ഏര്‍പ്പാടാക്കിയാണ് യാത്ര തുടര്‍ന്നത്.
◼️സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് രോഗികള്‍ മരിക്കാനിടയായ സംഭവം ഗൗരവമുള്ളതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ പേവിഷ ബാധയ്ക്കുള്ള മരുന്നുകളുടെ ഗുണ നിലവാരമില്ലാത്തതുമൂലമാണോ രോഗികള്‍ മരിക്കാന്‍ കാരണമെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതിയാണ് മരുന്നുകളുടെ നിലവാരമില്ലായ്മക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
◼️വീടു വാടകയ്ക്കെടുത്ത മോഷ്ടാക്കള്‍ സോപ്പ് മുതല്‍ കിടക്ക വരെ വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് കൊള്ളയടിച്ചു. സംഭവത്തില്‍ മൂന്നു പേരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വിയ്യൂരില്‍ വാടകയ്ക്കെടുത്ത വീട്ടിലേക്കുവേണ്ട സാധനങ്ങളാണ് കട കുത്തിത്തുറന്ന് മോഷ്ടിച്ചത്. മേശയിലുണ്ടായിരുന്ന മൂവായിരം രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചു. ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ച് ഓട്ടോറിക്ഷയില്‍ കടത്തിയത്. പറവൂര്‍ സ്വദേശി അരുണ്‍, കോഴിക്കോട് സ്വദേശി ആരിഫ്, പെരിഞ്ഞനം സ്വദേശി വിജീഷ് എന്നിവരെ അറസ്റ്റുചെയ്തു.
◼️സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആകെ 673 സ്ഥാപനങ്ങളാണ് ഹൈജീന്‍ സര്‍ട്ടിഫിക്കറ്റിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തെരഞ്ഞടുത്തത്. ഇതുവരെ 519 ഹോട്ടലുകള്‍ക്കാണ് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
◼️എറണാകുളം ചെമ്പുമുക്കില്‍ താഴ്ന്നു കിടന്ന കേബിള്‍ കഴുത്തില്‍ കുരുങ്ങിയുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തൃക്കാക്കര നഗരസഭാ സെക്രട്ടറിയും അസിസ്റ്റന്റ് കമ്മീഷണറും ഈ മാസം 30 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ അലന്‍ ആല്‍ബര്‍ട്ടാണ് മരിച്ചത്. രാത്രി സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ, മുന്നിലുണ്ടായിരുന്ന വാഹനത്തില്‍ കുരുങ്ങിയ കേബിള്‍ താഴ്ന്നപ്പോള്‍ അലന്റെ കഴുത്തില്‍ വരിഞ്ഞു മുറുകി മരിക്കുകയായിരുന്നു.
◼️എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. എകെജി സെന്ററിനു കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്തു. അന്തിയൂര്‍കോണം സ്വദേശി റിച്ചു സച്ചുവിനെയാണ് അറസ്റ്റ് ചെയ്തത്.
◼️മണ്ണാര്‍ക്കാട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രകടനത്തിനിടെ കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനെതിരെ കേസെടുത്ത് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തത്. കലാപശ്രമം, അന്യായമായി കൂടിച്ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
◼️തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന കോഴിക്കോട് ഒളവണ്ണ സ്വദേശി പ്രകാശന്‍ (61) മരിച്ചു. ബൈപ്പാസ് റോഡിലെ സൈബര്‍ പാര്‍ക്കിന് സമീപം തൃക്കൈപ്പറ്റ ക്ഷേത്രത്തിലെ ആശാരിപ്പണിക്കിടെയാണ് തേനീച്ചയുടെ കുത്തേറ്റത്.
◼️വാഹന പരിശോധനയ്ക്കിടെ പനമരം എസ്ഐയെ കൈയേറ്റം ചെയ്തെന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. നീര്‍വാരം സ്വദേശി വെട്ടുപാറപ്പുറത്ത് രഞ്ജിത്ത് (47) ആണ് പിടിയിലായത്. ഇതേ കേസില്‍ ഇയാളുടെ സഹോദരന്‍ ശ്രീജിത്ത് (42) നേരത്തെ അറസ്റ്റിലായിരുന്നു.
◼️ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പതിനാലാം വാര്‍ഡ് കണ്ടത്തില്‍ പ്രകാശന്റെ ഭാര്യ ദീപ (44) ആണ് മരിച്ചത്. പാചകത്തിനായി വിറക് എടുക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്.
◼️പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി ഒഴുവത്തടം പുത്തന്‍വീട്ടില്‍ റെജിയുടെ മകന്‍ യദു കൃഷ്ണ (22) ആണ് പിടിയിലായത്.
◼️കോഴിക്കോട് നഗരത്തിലെ ടര്‍ഫുകള്‍ കേന്ദ്രീകരിച്ച് രാത്രി കാലങ്ങളില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്ന യുവാവ് പിടിയിലായി. മാത്തോട്ടം മോട്ടിമഹലില്‍ റോഷന്‍ (22) ആണ് മയക്കുമരുന്നുമായി പിടിയിലായത്.
◼️മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. ഇരുപക്ഷവും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പൂനെയില്‍ നിന്നുള്ള എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ സാംഗ്രാം തോപ്തെയാണ് മഹാവികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാര്‍ഥി. കൊളാമ്പയില്‍ നിന്നുള്ള ബിജെപി എംഎല്‍എയും മുന്‍ ശിവസേന നേതാവുമായ രാഹുല്‍ നര്‍വേക്കറാണ് എതിരാളി. നാളെയാണു ഷിന്‍ഡെ സര്‍ക്കാര്‍ വിശ്വാസവോട്ടു തേടുക.
◼️നബി വിരുദ്ധ പരാമര്‍ശത്തില്‍ നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് കൊല്‍ക്കത്ത പൊലീസ്. സുപ്രീംകോടതി ഡല്‍ഹി പോലീസിനെതിരേ രൂക്ഷമായി വിമര്‍ശിച്ചതിനു പിറകേയാണ് കൊല്‍ക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഡല്‍ഹി പോലീസ് മൊഴി രേഖപ്പെടുത്താന്‍ വിളിച്ചുവരുത്താന്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചിരിക്കേയാണ് കൊല്‍ക്കത്ത പോലീസിന്റെ നടപടി.
◼️ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ചു. സുബൈര്‍ സമര്‍പ്പിച്ച ജാമ്യപേക്ഷ പട്യാല ഹൗസ് കോടതി തള്ളി. സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 1983 ലെ ഒരു ഹിന്ദി സിനിമയിലെ ഒരു ദൃശ്യം പങ്കുവച്ച് നടത്തിയ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്.
◼️പുലിസ്റ്റര്‍ അവാര്‍ഡ് ജേതാവായ കാഷ്മീരി മാധ്യമപ്രവര്‍ത്തക സന ഇര്‍ഷാദ് മട്ടുവിന് യാത്ര വിലക്ക്. ഫ്രാന്‍സിലേക്കുള്ള യാത്രക്കായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ സനയെ ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞു. ഫ്രാന്‍സിലെ പുസ്ത പ്രകാശനം, ഫോട്ടോ പ്രദര്‍ശന ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള യാത്രയാണ് തടഞ്ഞത്.
◼️ഉദയ്പൂര്‍ കൊലപാതകത്തില്‍ അറസ്റ്റിലായ മുഖ്യപ്രതികള്‍ക്കു കോടതി മുറ്റത്ത് കൈയ്യേറ്റം. ജയ്പൂര്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തു കൊണ്ടുവരുന്നതിനിടെയാണ് അഭിഭാഷകര്‍ അടക്കം ഒരു സംഘം ആളുകള്‍ കൈയ്യേറ്റം ചെയ്തത്. കേസിലെ നാലു പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
◼️യുഎസ് മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ. റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.
◼️ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 416 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലാണ്. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യന്‍ സ്‌കോറിന് 332 റണ്‍സ് പുറകിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍. നേരത്തെ റിഷഭ് പന്തിന് പിന്നാലെ രവീന്ദ്ര ജഡേജ നേടിയ സെഞ്ചുറിയുടെയും വാലറ്റത്ത് ജസ്പ്രീത് ബുമ്രയുടെ വെടിക്കെട്ടിന്റെയും കരുത്തിലായിരുന്നു ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറില്‍ 35 റണ്‍സടിച്ച് ലോക റെക്കോര്‍ഡിട്ട ബുമ്രയാണ് ഇന്ത്യയെ 416 റണ്‍സിലെത്തിച്ചത്.
◼️പോളണ്ടിന്റെ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാടെക്കിന്റെ 37 മത്സരങ്ങള്‍ നീണ്ട വിജയത്തുടര്‍ച്ചയ്ക്ക് അവസാനം. വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് മൂന്നാം റൗണ്ടില്‍ ഫ്രാന്‍സിന്റെ അലിസെ കോര്‍നെറ്റ് താരത്തെ അട്ടിമറിച്ചു. ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പായ അമേരിക്കയുടെ കൊക്കോ ഗഫും മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായി. അതേസമയം റൊമാനിയയുടെ സിമോണ ഹാലെപ് അവസാന 16-ല്‍ ഇടംനേടി.
◼️രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ മുന്നേറ്റം. ജൂണ്‍ 24ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരം 273.4 കോടി ഡോളര്‍ ഉയര്‍ന്ന് 59,332.3 കോടി ഡോളറിലെത്തി. കരുതല്‍ ശേഖരത്തിലെ പ്രധാനപ്പെട്ട വിദേശ കറന്‍സി ശേഖരം 233 കോടി ഡോളര്‍ ഉയര്‍ന്ന് 52,921.6 കോടി ഡോളറായി. സ്വര്‍ണ ശേഖരമൂല്യം 34.2 കോടി ഡോളര്‍ വര്‍ധിച്ച് 4,092.6 കോടി ഡോളറാണ്.
◼️മെസേജുകള്‍ക്കുള്ള റിയാക്ഷനില്‍ പുതിയ അപ്ഡേഷനുമായി വാട്സാപ്പ്. വാട്ട്‌സ്ആപ്പ് റിയാക്ഷന്‍ അപ്‌ഡേറ്റ് ചെയ്ത ബീറ്റ പതിപ്പ് ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്കായി ഒരു കൂട്ടം ടെസ്റ്ററുകള്‍ പുറത്തിറക്കുന്നു. കീബോര്‍ഡില്‍ ലഭ്യമായ ഏതെങ്കിലും ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് റിയാക്ട് ചെയ്യാന്‍ ഈ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. നിലവില്‍, രണ്ട് പ്ലാറ്റ്‌ഫോമുകളിലെയും ഉപയോക്താക്കള്‍ക്ക് ആറ് റിയാക്ഷന്‍ ഓപ്ഷനുകള്‍ മാത്രമേ ലഭ്യമാകൂ. കൂടാതെ ഡിസപ്പിയറിങ് മെസെജുകളും വാട്സാപ്പ് അവതരിപ്പിക്കുന്നുണ്ട്. രണ്ടു ദിവസവും 12 മണിക്കൂറുമാണ് വാട്സാപ്പ് മെസെജ് ഡീലിറ്റ് ചെയ്യുന്നതിനുള്ള പുതിയ സമയ പരിധി. ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്കായി വാട്ട്‌സ്ആപ്പ് ബ്ലര്‍ ടൂള്‍ പരീക്ഷിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
◼️നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച മഹാവീര്യര്‍ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി. വരാനാവില്ലെ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അസനു അന്ന അഗസ്റ്റിന്‍ ആണ്. രാധാ കൃഷ്ണ പ്രണയ സങ്കല്‍പ്പത്തില്‍ രചിക്കപ്പെട്ടിരിക്കുന്ന ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ഇഷാന്‍ ഛബ്രയാണ്. അന്വേഷയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൈം ട്രാവലും ഫാന്റസിയുമൊക്കെ കടന്നുവരുന്നുണ്ട്. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് തിരക്കഥ. ലാല്‍, ലാലു അലക്സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.
◼️നവാഗതനായ സയിദ് ഖാന്‍, സോണല്‍ മൊണ്ടെയ്റോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയതീര്‍ത്ഥ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ബനാറസ് എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കി. മായാ ഗംഗേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ആദിയാണ്. അജനീഷ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ആലാപനം. ബനാറസിലെ മനോഹരമായ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായ ബനാറസ് മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ഒരേ സമയം തിയറ്ററുകളില്‍ എത്തിക്കാന്‍ തയ്യാറെടുക്കുകയാണ് നിര്‍മ്മാതാക്കള്‍.
◼️ടിവിഎസ് മോട്ടേഴ്സിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍, ടിവിഎസ് ഐക്യൂബിന്റെ 80 യൂണിറ്റുകള്‍ ഒരുമിച്ച് ഉപഭോക്താക്കള്‍ക്ക് കൈമാറി. ഒറ്റച്ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ ഓടുന്ന ഐ ക്യൂബിന്റെ ടിവിഎസ് ഐക്യൂബ്, ടിവിഎസ് ഐക്യൂബ് എസ് എന്നീ രണ്ടു വകഭേദങ്ങളാണ് കമ്പനി കൊച്ചിയില്‍ വിതരണം ചെയ്തത്. ഇവയുടെ കേരളത്തിലെ വില യഥാക്രമം 1,24,760 രൂപയും 1,30,933 രൂപയുമാണ്. 3.4 കിലോവാട്ട് ബാറ്ററി, 7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, എച്ച്എംഐ കണ്ട്രോള്‍, റിവേഴ്സ് പാര്‍ക്കിംഗ് തുടങ്ങിയ സവിശേഷതകളോടെയാണ് ടിവിഎസ് ഐക്യൂബിന്റെ പുതിയ വകഭേദങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്. മൂന്നു വകഭേദങ്ങളിലായി 11 നിറങ്ങളില്‍ മൂന്നു ചാര്ജിംഗ് ഓപ്ഷനുകളോടെ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ ലഭ്യമാണ്.
◼️ഇത് പോര്‍ക്കളമാണ്. പോരിന്റെ സമയത്ത് പ്രകടമാകുന്ന എല്ലാ തരത്തിലുള്ള മുഖങ്ങളും ഇവിടെ കാണാന്‍ സാധിക്കും. ജല്ലിക്കട്ട് എന്നത് തന്നെ ഇവിടെ ഒരു എതിര്‍പ്പിന്റെ രൂപമായി മാറുന്നുണ്ട്. ചി.സു.ചെല്ലപ്പാ 'വാടിവാസല്‍' തുടങ്ങുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്ന രീതിയും അതിനോടൊപ്പം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന സൂക്ഷ്മതയും കൃതി എത്തിപ്പെടുന്ന വിസ്താരങ്ങളെക്കുറിച്ചുള്ള ബോദ്ധ്യവുമെല്ലാം അദ്ദേഹം ഒരു നല്ല എഴുത്തുകാരനാണെന്ന് കാട്ടിത്തരുന്നു. തമിഴില്‍നിന്നും നേരിട്ടുള്ള മൊഴിമാറ്റം : ഡോ. മിനിപ്രിയ ആര്‍. വിസി ബുക്സ്. വില 149 രൂപ.
◼️അല്‍ഷിമേഴ്സ് കൂടുതല്‍ പിടിപെടുന്നത് സ്ത്രീകളിലാണോ പുരുഷന്മാരിലാണോ എന്ന കാര്യത്തില്‍ എപ്പോഴും സംശയം ഉയരാറുണ്ട്. പല പഠനങ്ങളും സ്ത്രീകളിലാണ് മറവിരോഗ സാധ്യത കൂടുതലുള്ളതായി കണ്ടെത്തിയിട്ടുള്ളത്. പുതിയൊരു പഠനറിപ്പോര്‍ട്ടും ഈ കണ്ടെത്തലിനെ ശരി വയ്ക്കുന്നതാണ്. അമരിക്കയിലെ ക്ലീവ്ലാന്‍ഡ് ക്ലിനിക്കിന്റെ നേതൃത്വത്തിലുള്ള 'വുമണ്‍ അല്‍ഷിമേഴ്സ് മൂവ്മെന്റ്' ആണ് ഈ പഠനത്തിന് പിന്നില്‍. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് അല്‍ഷിമേഴ്സ് സാധ്യത കൂടുതലെന്നും ഇത് പ്രായമായിത്തുടങ്ങുമ്പോഴാണ് ശ്രദ്ധിക്കേണ്ടതെന്നും പഠനം പറയുന്നു. ശരാശരി 65 വയസുള്ള സ്ത്രീകളില്‍ അഞ്ചിലൊരാള്‍ക്ക് എന്ന നിലയില്‍ അല്‍ഷിമേഴ്സ് സാധ്യതയുണ്ടെന്നാണ് 'അല്‍ഷിമേഴ്സ് അസോസിയേഷന്‍' ചൂണ്ടിക്കാട്ടുന്നത്. യുഎസിലെ കണക്കെടുക്കുകയാണെങ്കില്‍ ആകെ 60 ലക്ഷം അല്‍ഷിമേഴ്സ് രോഗികളില്‍ 40 ലക്ഷവും സ്ത്രീകളാണ്. ഇവരുടെ ശരാശരി പ്രായം 65ഉം ആണ്. ജനിതകമായ കാരണങ്ങള്‍ക്കൊപ്പം തന്നെ സാമൂഹികമായ കാരണങ്ങളും സ്ത്രീകളില്‍ മറവിരോഗ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം പറയുന്നു. ആരോഗ്യകരമായ ഡയറ്റ്, കൃത്യമായ ഉറക്കം, വ്യായാമം, മാനസിക സമ്മര്‍ദ്ദങ്ങളില്ലാത്ത ജീവിതാന്തരീക്ഷം, സാമൂഹിക ബന്ധങ്ങള്‍ എന്നിവ സ്ത്രീകളിലെ മറവിരോഗ സാധ്യത കുറയ്ക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
'ബസില്‍ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു യൂറോപ്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിയുടെ സീറ്റില്‍ കറുത്ത് തടിച്ച ഒരു മനുഷ്യന്‍ വന്ന് ഇരുന്നു..ഒരു ആഫ്രിക്കന്‍ വംശജന്‍ തന്റെ സീറ്റില്‍ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല...അവന്‍ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനെ തള്ളി നീക്കാന്‍ തുടങ്ങി... അയാള്‍ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു...പക്ഷേ, ആ കൗമാരക്കാരന്‍ വീണ്ടും അസഹ്യത പ്രകടിപ്പിച്ചുകൊണ്ട് അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ കുറെക്കൂടി തള്ളിനീക്കാന്‍ ശ്രമിച്ചു. അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറെക്കൂടി ഒതുങ്ങി ചേര്‍ന്നിരുന്നു..അല്പം കഴിഞ്ഞപ്പോള്‍ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലമായി...ബസില്‍നിന്ന് ഇറങ്ങുന്നതിനുമുന്‍പ് അദ്ദേഹം പോക്കറ്റില്‍നിന്ന് തന്റെ ബിസിനസ് കാര്‍ഡ് എടുത്ത് വിദ്യാര്‍ത്ഥിക്ക് നല്‍കി. അതിനുശേഷം ഒന്ന് ചിരിച്ചുകൊണ്ട് ബസില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു..തന്റെ കൈയിലിരിക്കുന്ന ബിസിനസ് കാര്‍ഡിലേക്ക് അലസഭാവത്തില്‍ നോക്കിയ കൗമാരക്കാരന്‍ ഞെട്ടിപ്പോയി അതില്‍ പ്രിന്റ് ചെയ്തിരുന്നത് ഇപ്രകാരമായിരുന്നു:''ജോ ലൂയിസ് - ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യന്‍.''1937 മുതല്‍ 1949 വരെ തുടര്‍ച്ചയായി ലോക ബോക്‌സിംഗ് ചാമ്പ്യന്‍പട്ടം നേടിയ ജോ ലൂയിസിനു വേണമെങ്കില്‍ തന്നെ തള്ളിനീക്കാന്‍ ശ്രമിക്കുന്ന കൗമാരക്കാരനെ തിരിച്ച് തള്ളാമായിരുന്നു. തന്റെ കരുത്തേറിയ മസിലിന്റെ ശക്തി പലവിധത്തിലും പ്രകടിപ്പിച്ച് ആ ബാലനോട് പ്രതികാരം ചെയ്യാമായിരുന്നു...പക്ഷേ, അദ്ദേഹം ഒന്നും ചെയ്തില്ല. കഴിവില്ലാത്തതുകൊണ്ടല്ല തിരിച്ചടിക്കാത്തതെന്ന് മനസിലാക്കാനായി താന്‍ ലോകത്തിലെ ഏറ്റവും കരുത്തനായ ഗുസ്തിക്കാരനാണെന്ന് മനസിലാകും വിധം തന്റെ അഡ്രസ് കാര്‍ഡ് നല്കുക മാത്രം ചെയ്തു...ജോ ലൂയിസിന്റെ ശരീരത്തെക്കാള്‍ കൂടുതല്‍ കരുത്ത് മനസിനുണ്ടായിരുന്നു.. തിരിച്ചടിക്കാന്‍ ബലവും ന്യായവും ഉണ്ടായിരിക്കുമ്പോഴും തിരിച്ചടിക്കാതിരിക്കണമെങ്കില്‍ ആന്തരികബലം ഉണ്ടാകണം..മനസിന് ശക്തിയില്ലാത്തവര്‍ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചുകൊണ്ടിരിക്കും. കാണുന്നതിനോടും കേള്‍ക്കുന്നതിനോടും എപ്പോഴും പ്രതികരിച്ചുകൊണ്ടിരുന്നാല്‍ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിതപൂര്‍ണമാകും..എത്ര നന്നാക്കിയാലും പിന്നെയുംആളുകളില്‍ കുറവുണ്ടാകും. എത്ര ശരിയാക്കിയാലും പിന്നെയും സമൂഹത്തില്‍ ശരികേടുകളുണ്ടാകും..അതിനാല്‍ ക്ഷമാപൂര്‍വം പലതിനെയും സ്വീകരിക്കാന്‍ നമുക്കും ശീലിക്കാം - ശുഭദിനം.
*മീഡിയ16*